കൊവിഡ് രോഗനിര്‍ണ്ണയത്തിന് സഞ്ചരിക്കുന്ന പരിശോധനാ ലാബ് സജ്ജമാക്കി കെ ബി ഗണേഷ് കുമാര്‍ എംഎല്‍എ

കൊവിഡ് രോഗനിര്‍ണ്ണയത്തിന് പരിശോധനാ കേന്ദ്രങ്ങള്‍ തേടിപ്പോകാതെ രോഗബാധിതരുടെ അടുക്കലെത്തുന്ന സഞ്ചരിക്കുന്ന പരിശോധനാ ലാബ് പ്രവര്‍ത്തനസജ്ജമായി. തന്റെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 17 ലക്ഷം രൂപ ചിലവഴിച്ച് കെ ബി ഗണേഷ് കുമാര്‍ എം എല്‍ എയാണ് ടെസ്റ്റിംഗ് ലാബ് സജ്ജമാക്കിയത്.

കൊല്ലം കലക്ടറേറ്റിൽ ഗണേഷ് കുമാർ എംഎല്‍എ ആംബുലന്‍സ് ഓടിച്ചകൊണ്ട് ഉത്ഘാടനം നിർവ്വഹിച്ചു.എം എല്‍ എ മാരായ ആര്‍ രാമചന്ദ്രനും എം നൗഷാദും ചേര്‍ന്ന് ഫ്‌ളാഗ് ഓഫ് ചെയ്തു. കോവിഡ് പ്രതിരോധത്തില്‍ ആരോഗ്യ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ശക്തമായ പിന്തുണയാണ് സഞ്ചരിക്കുന്ന ടെസ്റ്റിംഗ് ലാബെന്ന് കെ ബി ഗണേഷ് കുമാര്‍ എംഎല്‍എ പറഞ്ഞു.

മൊബൈൽ ലാബില്‍ ആന്റിജന്‍, ആര്‍ടിപിസിആര്‍ ടെസ്റ്റുകള്‍ നടത്താനാകും. ആശുപത്രികള്‍ കേന്ദ്രീകരിച്ചു ടെസ്റ്റുകള്‍ നടത്തുമ്പോഴുണ്ടാകുന്ന ആള്‍കൂട്ടവും അതുവഴിയുള്ള രോഗവ്യാപന സാധ്യതയും കുറയ്ക്കാന്‍ ഇത്തരം സംവിധാനങ്ങള്‍ക്ക് കഴിയും. പോസിറ്റീവ് കേസുകള്‍ കൂടുതലുള്ള മേഖലകളില്‍ രോഗനിര്‍ണ്ണയം സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ സഞ്ചരിക്കുന്ന ടെസ്റ്റിംഗ് ലാബിലൂടെ സാധിക്കും.

സുരക്ഷിതമായി ഒരേസമയം രണ്ട് പേര്‍ക് ടെസ്റ്റിംഗ് നടത്താന്‍ കഴിയും. സ്രവ ശേഖരണത്തിന് പ്രത്യേക പരിശീലനം ലഭിച്ച ഡെന്റല്‍ ഡോക്ടര്‍, ലാബ് ടെക്നീഷ്യന്‍, സ്റ്റാഫ് നഴ്‌സ് എന്നിവരുടെ സേവനം ആഴ്ചയില്‍ ആറു ദിവസം ലഭ്യമാകും.

പിറവന്തൂരില്‍ നിന്നും ആരംഭിക്കുന്ന സഞ്ചരിക്കുന്ന ടെസ്റ്റിംഗ് ലാബിന്റെ സേവനം ജില്ലയിലെ എല്ലാ മേഖലകളിലും ലഭ്യമാകും. തോട്ടം തൊഴിലാളികളും അതിഥിതൊഴിലാളികളും ഏറെയുള്ള ജില്ലയിലെ രോഗനിര്‍ണ്ണയ പ്രവര്‍ത്തനങ്ങള്‍ക്ക് മൊബൈൽ ലാബ് ശക്തി പകരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News