കൊവിഡ്; രണ്ടാംഘട്ട ക്ലിനിക്കൽ മരുന്ന് പരീക്ഷണത്തിന് കൊച്ചിയിൽ നിന്നുള്ള കമ്പനിക്ക് അനുമതി

കൊവിഡ് ചികിത്സയ്ക്കുള്ള രണ്ടാംഘട്ട ക്ലിനിക്കൽ മരുന്നു പരീക്ഷണത്തിന് കൊച്ചിയിൽ നിന്നുള്ള കമ്പനിക്ക് ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയുടെ അനുമതി. പിഎൻബി വെസ്പർ ലൈഫ് സയൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്കാണ് അനുമതി ലഭിച്ചത്.
ലോകത്ത് നിലവിലില്ലാത്ത ഒരു രാസ സംയുക്തത്തിന്റെ കണ്ടുപിടുത്തമാണ് കമ്പനിയുടേത്.

ഇത്തരത്തിൽ ഒരു വസ്തു കോവിഡ് രോഗികളിൽ പരീക്ഷിക്കാൻ അനുമതി ലഭിക്കുന്നത് ലോകത്ത് ഇത് ആദ്യമായാണ്. 60 ദിവസത്തിനുള്ളിൽ ക്ലിനിക്കൽ പരീക്ഷണം പൂർത്തിയാകുമെന്നും ലോകത്തിലാദ്യമായി കോവിഡിനെതിരായ മരുന്ന് ഇന്ത്യയിൽ നിന്നാകും എന്ന പ്രതീക്ഷയുണ്ടെന്നും പിഎൻബി വെസ്പർ സിഇഒ പി.എൻ.ബലറാം കൈരളി ന്യൂസിനോട് പറഞ്ഞു.

പിഎൻബി വെസ്പർ ലൈഫ് സയൻസ് കമ്പനിയുടെ പിഎൻബി 001 എന്ന മരുന്നിന്റെ ആദ്യഘട്ട പരീക്ഷണങ്ങൾ കോവിഡ് രോഗികളിൽ ഫലം കണ്ടതോടെയാണ് ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയുടെ അനുമതി ലഭിച്ചത്. വളരെ ചെലവേറിയതും സമയമെടുത്തുള്ളതുമാണ് കണ്ടുപിടിത്തം.

സ്മോൾ സെൽ ലങ് കാൻസറിനായി നിർമിച്ചെടുത്ത രാസസംയുക്തം ശാസ്ത്രീയമായി കോവിഡ് രോഗികളിൽ ഗുണപരമായി പ്രവർത്തിക്കുന്ന രീതിയിലാണ് പരീക്ഷണങ്ങൾ. അങ്ങനെ 74 പേരിൽ ആദ്യഘട്ട പരീക്ഷണങ്ങൾ നടത്തി.

പുണെ ബിഎംജി മെഡിക്കൽ കോളജിൽ ചികിത്സയിലുള്ള, നിലവിൽ ഓക്സിജന്റെ സഹായത്തോടെ കഴിയുന്ന 40 പേരിലാണ് രണ്ടും മൂന്നും ഘട്ടങ്ങളിലെ മരുന്ന് പരീക്ഷണം.

നിലവിൽ കോവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കുന്ന മരുന്നുകളേക്കാൾ ഗുണകരമാണ് പിഎൻബി 001 എന്ന് തെളിഞ്ഞിട്ടുണ്ട്. കോവിഡ് ബാധിതരിലെ പനി, ശരീര വേദന, ശ്വാസകോശ പ്രശ്നങ്ങൾ എന്നിവ പരിഹരിക്കാൻ ഇതു സഹായകമാണ്.
പൈറെക്സിയ പഠനങ്ങളിൽ ആസ്പിരിനേക്കാൾ 20 മടങ്ങ് ശക്തമാണ് പിഎൻബി 001 എന്ന് തെളിയിക്കപ്പെട്ടിട്ടുള്ളതായി പിഎൻബി വെസ്പർ സിഇഒ പി.എൻ.ബലറാം

കോവിഡ് രോഗികളിലെ പരീക്ഷണം വിജയകരമെന്നു കണ്ടാൽ അടുത്തത് വ്യാവസായിക അടിസ്ഥാനത്തിലുള്ള ഉൽപാദനമാണ്.യുഎസ് എഫ്ഡിഎ മരുന്നിൽ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും ചർച്ചകൾ പുരോഗമിക്കുന്നതായും കമ്പനി അധികൃതർ അറിയിച്ചു. യുകെയിലും കമ്പനിയുടെ നേതൃത്വത്തിൽ സമാന്തര പരീക്ഷണങ്ങൾ പുരോഗമിക്കുന്നുണ്ട്. ഡോ. എറിക് ലാറ്റ്മാനാണ് ശാസ്ത്ര സംഘത്തിന് നേതൃത്വം നൽകുന്നത്. വിവിധ രോഗങ്ങൾക്കുള്ള ആറു മരുന്നുകൾ കമ്പനിയുടേതായി പരീക്ഷണ ഘട്ടത്തിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News