ഹെൽമറ്റില്ലെങ്കില്‍ ഇനി കളി മാറും; രണ്ടാംതവണ പിടിക്കപ്പെട്ടാൽ ആശുപത്രികളിൽ നിർബന്ധിത സേവനവും ഡ്രൈവിംഗ് പരിശീലനവും

കൊവിഡ് ബാധിക്കുമോ എന്ന പേടിയുടെ പകുതി പോലും മലയാളികളില്‍ പലര്‍ക്കും സ്വന്തം തല പോകുന്ന കാര്യത്തിലില്ല. പക്ഷേ കണ്ണൂരില്‍ ഇനി കളി മാറും. ലൈസൻസ് സസ്പെൻഡ് ചെയ്യുന്ന നിയമം പ്രാബല്യത്തിൽ വന്നതോടെ നവംബർ 1 മുതൽ നടപടികളിലേക്കു കടക്കാനാണു ജില്ലയിൽ മോട്ടർ വാഹനവകുപ്പിന്റെ തീരുമാനം.

ഹെൽമറ്റില്ലാതെ ഇരുചക്രവാഹനമോടിച്ചാൽ 500 രൂപ പിഴ മാത്രമല്ല, കുറ്റം ആവർത്തിച്ചു പിടിക്കപ്പെട്ടാൽ മൂന്നു മാസത്തേക്കു ഡ്രൈവിങ് ലൈസൻസ് റദ്ദാക്കും. തീര്‍ന്നില്ല നിർബന്ധിത സാമൂഹിക സേവനവും ഡ്രൈവിങ് പരിശീലനവും പിന്നാലെ.പിൻസീറ്റിലുള്ളയാൾ ഹെൽമറ്റ് ധരിച്ചില്ലെങ്കിൽ അയാൾ പിഴയടയ്ക്കണം, വാഹനമോടിച്ചയാൾ നിയമനടപടി നേരിടുകയും വേണം.

ഹെൽമറ്റ് ധരിക്കാതെ രണ്ടാംതവണ പിടിക്കപ്പെട്ടാൽ സർക്കാർ–സ്വകാര്യ ആശുപത്രികളിലെ ട്രോമാ കെയർ വാർഡുകളിലാണു സേവനം ചെയ്യേണ്ടത്. അപകടം സംഭവിച്ചു ചികിത്സയിലുള്ളവരുടെ ദൈന്യതയെന്തെന്നു ബോധ്യപ്പെടുത്താനാണ് ഇവിടെ സേവനത്തിനു നിയോഗിക്കുന്നത്. പരുക്കേറ്റവരെ കുളിപ്പിക്കലും ശുശ്രൂഷ നൽകലുമെല്ലാമാണു ചുമതല. മാത്രമല്ല, നിയമം അനുസരിച്ചു വാഹനമോടിക്കേണ്ടത് എങ്ങനെയെന്ന പരിശീലനവുമുണ്ട്.

മോട്ടർ വാഹന വകുപ്പിന്റെ എടപ്പാളിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവിങ് ട്രെയിനിങ് ആൻഡ് റിസർച്ചിലാകും ഒരാഴ്ചത്തെ പരിശീലനം. ഡ്രൈവിങ് സ്കൂളിൽ പഠിച്ചതൊക്കെ, വീണ്ടും പഠിച്ച്, പരിശീലനം പൂർത്തിയാക്കിയാലേ പുറത്തിറങ്ങാനാകൂ.

സെപ്റ്റംബറിൽ ജില്ലയിൽ ഹെൽമറ്റ് ധരിക്കാത്തതിനു 221 പേരിൽ നിന്നാണ് മോട്ടർ വാഹന വകുപ്പ് പിഴ ഈടാക്കിയത് . ജില്ലാ ആസ്ഥാനം ഉൾപ്പെടുന്ന ട്രാഫിക് പൊലീസ് എൻഫോഴ്സ്മെന്റ് യൂണിറ്റ് 49 പേരിൽ നിന്നു പിഴയീടാക്കി. കൊറോണ വ്യാപന സമയത്തു നിർത്തിവച്ച വാഹന പരിശോധന ഭാഗികമായി പുനരാരംഭിച്ചപ്പോഴാണ് ഈ നടപടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News