മുട്ടയുടെ മഞ്ഞ കഴിക്കുന്നതുകൊണ്ടല്ല കൊളസ്‌ട്രോളും ഹൃദ്രോഗവും; ഏറ്റവും പോഷകഗുണം മുട്ടയുടെ മഞ്ഞയില്‍; അതൊഴിവാക്കരുത്

ശരിയായ ഭക്ഷണരീതി ഉണ്ടെങ്കില്‍ തന്നെ ഒരുപാട് രോഗങ്ങളെ ഒഴിവാക്കാനാകും എന്ന് അടിവരയിട്ടു പറയുകയാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് റിട്ടയേര്‍ഡ് പ്രൊഫെസ്സറും കോഴിക്കോട് മെഡിക്കല്‍ കോളജ് ജനറല്‍ മെഡിസിന്‍ മുന്‍ മേധാവിയും ആയ ഡോ.പി കെ ശശിധരന്‍.

കൊളസ്‌ട്രോളിനെ പേടിച്ചും ഹൃദ്രോഗത്തെ പേടിച്ചും മുട്ട ഒഴിവാക്കുന്നവര്‍ ശ്രദ്ധിക്കൂ :

മുട്ട, പാല്‍, ഇറച്ചി, ഇതൊന്നും കഴിച്ചിട്ടല്ല ഹൃദ്രോഗം ഉണ്ടാകുന്നത്. ഹൃദ്രോഗം ഉണ്ടാകുന്നത് ശരിയായ രീതിയില്‍ സമീകൃതാഹാരം കഴിക്കാത്തവര്‍ക്കാണ്, അത് കൂടാതെ അമിതാഹാഹാരവും, വ്യാമക്കുറവും ദുശീലങ്ങളും കാരണമാകുന്നു.സമീകൃതാഹാരം എന്ന് പറഞ്ഞാല്‍ എന്താണെന്നു ഇനി പറയാം

സമീകൃതാഹാരം എന്നാല്‍ ആരോഗ്യ സംരക്ഷണത്തിനു വേണ്ട അഞ്ചു ഘടകങ്ങള്‍ ഉള്‍പ്പെട്ടിരിക്കുന്ന ആഹാരം എന്നാണര്‍ത്ഥം.

1) ഊര്‍ജ്ജത്തിനു വേണ്ടിയുള്ള അരി ,ഗോതമ്പ്, അല്ലെങ്കില്‍ ചോളം, മുത്താറി, അല്ലെങ്കില്‍ കപ്പ, കാച്ചില്‍, ചേന, ചേമ്പ്, ഉരുളക്കിഴങ്ങ്, ചക്കപ്പുഴുക്ക് ഏതുമാകാം. വിലയും ലഭ്യതയും
ഒപ്പം മാംസ്യത്തിനു വേണ്ടി കഴിക്കുന്ന ഭക്ഷണത്തെയും ആശ്രയിച്ചായിരിക്കണമെന്നേയുള്ളു.

2) സമീകൃത ഭക്ഷണത്തിന്റെ രണ്ടാമത്തെ ഘടകം മാംസ്യമാണു്. പയര്‍ ,കടല, പരിപ്പ്, മുതിര, ഉഴുന്ന്, ഇറച്ചി, മത്സ്യം, മുട്ട. തൈര് ഇവയില്‍ ഏതെങ്കിലും ഒന്ന് നിര്‍ബന്ധമായിരിക്കണം.
ഊര്‍ജത്തിനു വേണ്ടി കഴിക്കുന്ന ഭക്ഷണത്തിന്റെ 20-25 % മാംസ്യവിഭവം ഉണ്ടായിരിക്കണം.
കിഴങ്ങുവര്‍ഗ്ഗങ്ങളാണ് ഊര്‍ജ്ജത്തിനു വേണ്ടി കഴിക്കുന്നതെങ്കില്‍ മാംസ്യം കിട്ടാനായി നിര്‍ബന്ധമായും ഇറച്ചി, മത്സ്യം, മുട്ട, തൈര് ഇവയിലേതെങ്കിലും ഒന്ന് കഴിക്കണം. കപ്പയും മീനും, ഉരുളക്കിഴങ്ങും മുട്ടയും, ചക്കപ്പുഴുക്കും ഇറച്ചിയും ഒക്കെ നല്ല ചേരുവകള്‍ തന്നെ. എന്നാല്‍ കപ്പയും പയറും, ചക്കപ്പുഴുക്കും പയറും, വാഴക്കയും പയറും നല്ല ചേരുവകളല്ല. അരിയും ഉഴുന്നും ചേര്‍ത്ത ഇഡലി ,ദോശ നല്ല ചേരുവകളാണ്. എന്നാല്‍ വെറും അരിയുടെ / ഗോതമ്പിന്റെ ദോശയോടൊപ്പം ഏതെങ്കിലും പയര്‍ വര്‍ഗ്ഗങ്ങള്‍ അല്ലെങ്കില്‍ ഇറച്ചിയോ, മത്സ്യമോ, മുട്ടയോ ,തൈരോ ഉപയോഗിക്കണം.

3) ഭക്ഷണത്തില്‍ വേണ്ടത്ര പച്ചക്കറികള്‍ ഉണ്ടായിരിക്കണം. പച്ചക്കറി എന്നാല്‍ നാരുള്ള ഭക്ഷണ പദാര്‍ത്ഥമാണ്.
ചീര ,വെണ്ടക്ക, കയ്പയ്ക്ക, കോവക്ക, കക്കിരി, തക്കാളി, ഉള്ളി, വാഴച്ചുണ്ട്, ഇടിച്ചക്ക ഇവയൊക്കെ ധാരാളം കഴിക്കാം.

4) നാലാമത്തെ ഇനമായ പഴങ്ങള്‍ എല്ലാ നേരവും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. പഴങ്ങള്‍ ഉണങ്ങിയതും, പുഴുങ്ങിയതും, പൊരിച്ചതുമല്ല – പഴങ്ങളുടെ ജൂസുമല്ല. ഏറ്റവും നല്ലത് അതാതു കാലത്ത് പ്രാദേശികമായി ലഭ്യമാകുന്ന പഴങ്ങള്‍ തന്നെ. വാഴപ്പഴം, മാമ്പഴം, പൈനാപ്പിള്‍, പപ്പായ, പേരക്ക, ഓറഞ്ച്, സപ്പോട്ട, ചാമ്പയ്ക്ക ഏതുമാകാം.

5) വെള്ളമാണ് അതിപ്രധാനമായ അഞ്ചാമത്തെ ഇനം. ദിവസം രണ്ടര – മൂന്നു ലിറ്റര്‍ വെള്ളം കുടിക്കണം. ഒന്നരലിറ്ററെങ്കിലും മൂത്രവിസര്‍ജ്ജനം ഉണ്ടാവണം.
സര്‍വ്വോപരി വേണ്ടത്ര ശാരീരിക വ്യായാമവും, മാനസ്സിക ഉല്ലാസവും
ഉറപ്പുവരുത്തണം.

സമീകൃതാഹാരം കഴിക്കുമ്പോഴും അരവയര്‍ മാത്രമേ കഴിക്കാന്‍ പാടുള്ളു.
ജങ്ക് ഭക്ഷണങ്ങള്‍ പാടെ ഒഴിവാക്കണം. പഞ്ചസാരയും പഞ്ചസാര കലര്‍ന്ന ഭക്ഷണവും ഉപേക്ഷിക്കണം. രണ്ടു നേരം ഏറിയാല്‍ മൂന്നു നേരം മാത്രമേ ഭക്ഷണം കഴിക്കാവു. സമീകൃതാഹാരം കഴിക്കാത്തവര്‍ക്കു ഹൃദ്രോഗസാധ്യത കൂടുതലാണ് .പുകവലിയും മദ്യപാനവും, അമിതമായ വണ്ണവുമാണ് മറ്റു കാരണങ്ങള്‍. തടി കൂടുമ്പോള്‍ കൊഴുപ്പു ശരീരത്തില്‍ എല്ലാ ഭാഗത്തും അടിഞ്ഞു കൂടുകയാണ്. അതിലൊരു ഭാഗം ലിവറിനെ കേടാക്കും . ഇതേ കാരണത്താല്‍ തന്നെയാണ് ഉയര്‍ന്ന രക്ത സമ്മര്‍ദ്ദമുണ്ടാവുന്നതും കൊളെസ്റ്ററോള്‍ കൂടുന്നതും, പ്രമേഹം വരുന്നതും രക്തക്കുഴലുകള്‍ അടഞ്ഞു പോവുന്നതും.

പച്ചക്കറികളും പഴങ്ങളും കഴിക്കാത്തതുകൊണ്ടു ആവശ്യത്തിനുള്ള വിറ്റാമിനുകള്‍ കിട്ടാതെ വരും. ബി-12 ,ഫോളിക് ആസിഡ് ,വൈറ്റമിന്‍ സി,വൈറ്റമിന്‍ ഡി എന്നിവയുടെ അഭാവത്തോടൊപ്പം തന്നെ ഒരുപാട് ഭക്ഷണം കഴിച്ച് തടി കൂടിയിട്ടുമുണ്ടാകും .അതിന്റെ ഭാഗമായി കൊളസ്ട്രോള്‍ ഉണ്ടാകും .അത് കുറക്കാന്‍ വേണ്ടി പ്രോട്ടീന്‍ നല്‍കുന്ന മുട്ട ഒഴിവാക്കേണ്ട കാര്യമില്ല.മുട്ടയില്‍ ആകെ ഗുണമുള്ളത് മുട്ടയുടെ മഞ്ഞയിലാണ്. അതിലുള്ള കൊളസ്‌ട്രോളിനെ പേടിച്ച് അതൊഴിവാക്കുന്നത് മുട്ട കഴിക്കാത്തതിന് തുല്യമാണ്.മുട്ടയുടെ വെള്ള മാത്രം കഴിച്ചിട്ട് ഒരു കാര്യവുമില്ല .മുട്ടയുടെ വെള്ളയില്‍ കുറച്ചു പ്രോട്ടീന്‍ മാത്രമേയുള്ളു , വേറൊരു പോഷകാഹാരവുമില്ല . എന്നാല്‍ വൈറ്റമിന്‍ എ വൈറ്റമിന്‍ ഡി തുടങ്ങിയ ഒട്ടേറെ വൈറ്റമിന്‍സ് മുട്ടയുടെ മഞ്ഞയിലുണ്ട് . മുട്ട കഴിക്കുന്നെങ്കില്‍ മുട്ടയുടെ മഞ്ഞ കൂടി എല്ലാവരും കഴിക്കണം.ഒരു ദിവസം മൂന്നു മുട്ട വരെ കഴിക്കാം .രാവിലെ ഒന്ന് ,ഉച്ചക്ക് ഒന്ന്,വൈകിട്ട് ഒന്ന് .ഞാന്‍ കഴിക്കാറുണ്ട് .ഒരു കുഴപ്പവുമില്ല.മുട്ട കഴിക്കുമ്പോള്‍ ഇറച്ചിയും മീനും തൈരും വേണ്ട എന്ന് മാത്രം . കുറച്ചു കൊളസ്ട്രോള്‍ ഉണ്ടെന്നു പറഞ്ഞാണ് മുട്ടയുടെ മഞ്ഞ ഒഴിവാക്കുന്നത് .യഥാര്‍ത്ഥത്തില്‍ ഒട്ടേറെ പോഷകഗുണമുള്ള ഒന്നാണ് മുട്ട .എല്ലാ ദിവസവും ഭക്ഷണത്തില്‍ പ്രോടീന്‍ ഉണ്ടാവണം,പക്ഷെ ഒരേ ആഹാരം അടുപ്പിച്ചു കഴിച്ചാല്‍ മടുപ്പു വരും അതുകൊണ്ടാണ് നമ്മള്‍ മാറി മാറി കഴിക്കുന്നത് .മുട്ടയാവാം ,ഇറച്ചിയാവാം ,തൈരാകാം ,മീന്‍ അല്ലെങ്കില്‍ പയര്‍ വര്ഗങ്ങള് ആവാം.

കൊളസ്ട്രോള്‍ കൂടുന്നത് എന്തുകൊണ്ടാണെന്ന് ഇനിയും തിരിച്ചറിയണം .കൊളെസ്‌ട്രോള്‍ കൂടുന്നത് നമ്മള്‍ അമിതമായി കഴിക്കുന്ന കാര്‍ബോ ഹൈഡ്രേറ്റില്‍ നിന്നാണ് .അത് അമേരിക്കക്കാര്‍ പറയാന്‍ നമ്മള്‍ കാത്തിരിക്കുകയാണ് .അമേരിക്കയില്‍ നിന്ന് മാര്ഗംനിര്‍ദേശം ലഭിച്ചാലേ നമ്മള്‍ പലതും അംഗീകരിക്കാറുള്ളു.അതാണ് നമ്മുടെ ആരോഗ്യ രംഗത്തിന്റെ പരാജയവും. ശരിയായ ഭക്ഷണരീതിയെ പറ്റിയുള്ള അറിവില്ലായ്മയാണ് ഇവിടത്തെ ഏറ്റവും വലിയ യഥാര്‍ത്ഥ രോഗം എന്ന് പറയാതെ വയ്യ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here