മകന്റെ വിവാഹാഘോഷത്തിനായി നീക്കി വച്ച തുക കൊണ്ട് നിര്‍ധന കുടുംബത്തിന് വീടൊരുക്കി പി കെ ശശി

മകന്റെ വിവാഹാഘോഷ ചടങ്ങ് ചുരുക്കി. വിവാഹാഘോഷത്തിനായി നീക്കി വെച്ച തുക കൊണ്ട് നിര്‍ധന കുടുംബത്തിന് വീടൊരുക്കി നല്‍കി ജനസേവനത്തിന്റെ പുതിയ മാതൃക തീര്‍ക്കുകയാണ് ഒരു ജന പ്രതിനിധി. ഷൊര്‍ണ്ണൂര്‍ എംഎല്‍എ. പി കെ ശശിയാണ് ചെര്‍പ്പുളശ്ശേരിയിലെ ഭവനരഹിത കുടുംബത്തിന്റെ വീടെന്ന സ്വപ്നം സാക്ഷാത്ക്കരിക്കുന്നത്.

കുറ്റിക്കോട് പത്തായപ്പുര കോളനിയിലെ ബേബിക്കും കുടുംബത്തിനും മഴയെത്തും മുമ്പേ മനസ്സില്‍ ആശങ്കയുടെ കാര്‍മേഘം നിറയും. കാറ്റൊന്നടിച്ചാല്‍ നെഞ്ച് പിടയും.. ഏത് നിമിഷവും തകര്‍ന്നു വീഴാറായ പ്ലാസ്റ്റിക് കൊണ്ട് മൂടിയ കൂരയിലായിരുന്നു താമസം. ഇപ്പോള്‍ ആശങ്കകളകന്ന് മനസ്സ് തെളിയുകയാണ്. വീടെന്നത് ബേബിക്കും മക്കള്‍ക്കും ഇനി വെറും സ്വപ്നമല്ല. ഷൊര്‍ണ്ണൂര്‍ എംഎല്‍എ പി കെ ശശിയാണ് ബേബിയുടെയും മക്കളുടെയും സ്വപ്നം യാഥാര്‍ത്ഥ്യമാക്കുന്നത്.

കുടുംബത്തിന്റെ ദുരിത ജീവിതമറിഞ്ഞപ്പോള്‍ ലൈഫ് ഭവന പദ്ധതിയില്‍ ഉള്‍പ്പെടുത്തി വീടുവെച്ചു നല്‍കാനായിരുന്നു ശ്രമം. എന്നാല്‍ ഭൂമിക്ക് രേഖകളില്ലാത്തതിനാല്‍ സര്‍ക്കാര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്താനായില്ല. ഇതോടെയാണ് എം എല്‍ എ സ്വന്തം നിലയില്‍ വീട് വെച്ച് നല്‍കാന്‍ തീരുമാനിച്ചത്

ഭര്‍ത്താവില്ലാത്ത ബേബി കൂലിപ്പണിയെടുത്താണ് കുടുംബം പുലര്‍ത്തുന്നത്. എത്രയും പെട്ടെന്ന് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി ബേബിക്കും കുടുംബത്തിനും വീട് കൈമാറാനാണ് എംഎല്‍എയുടെ തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here