ദേവരാജന്‍ മാഷെ അനുസ്മരിച്ച് ഗായകന്‍ സുദീപ്

എൻ്റെ സംഗീതസങ്കല്പങ്ങൾക്കും ചിന്തകൾക്കും മാർഗദീപമായി, സംഗീതമാണ് ജീവിതവഴിയെന്നുറപ്പിച്ച് സധൈര്യം മുന്നോട്ടു പോകാൻ ആത്മവിശ്വാസം പകർന്ന മഹാഗുരു. എൻ്റെ മറ്റെല്ലാ സംഗീതഗുരുക്കന്മാർക്കും നേരിട്ടും അല്ലാതെയും വിദ്യപകർന്ന, ഗുരുക്കന്മാരുടെ ഗുരുനാഥൻ. The Great Master of Masters !

പുറമേയുള്ള പെരുമാറ്റത്തിൽ പലരും പരുക്കൻ എന്ന് തെറ്റിദ്ധരിച്ച വ്യക്തിത്വമാണ് മാസ്റ്ററുടേത്. പക്ഷേ കാഠിന്യമുള്ള പുറന്തോടിനുള്ളിൽ കടന്നിട്ടുള്ളവർക്കേ ആ മനസ്സിൻ്റെ സൗന്ദര്യവും നന്മയും സാത്വികഭാവങ്ങളും അനുഭവിച്ചറിയാൻ കഴിഞ്ഞിട്ടുള്ളൂ. പൂർണ്ണതയ്ക്ക് വേണ്ടിയുള്ള പ്രയാണത്തിൽ, കൂടെയുള്ളവർ ഒപ്പമെത്താതെ വന്നാൽ കാട്ടുന്ന ദേഷ്യവും പിണക്കവും മാത്രമേയുള്ളൂ. ഉള്ളിൻ്റെയുള്ളിൽ പരമസാധുവായ നേരിൻ്റെ വജ്രത്തിളക്കമുള്ള പച്ചമനുഷ്യൻ.
ഞാൻ ഇതുവരെ ഭൂമിയിൽ നേരിൽ കണ്ടതിൽ ഏറ്റവും സത്യസന്ധനായ മനുഷ്യൻ അഥവാ ഗുരുവെന്ന പരമമായ സത്യം! അദ്ദേഹത്തിൻ്റെ സംഗീത സങ്കല്പത്തെയോ സംഭാവനകളെയോ കുറിച്ചിവിടെ എഴുതുന്നില്ല. അദ്ദേഹം നമുക്ക് സമ്മാനിച്ച കാലാതിവർത്തികളായ പാട്ടുകൾ അദ്ദേഹത്തിനുവേണ്ടി സംസാരിച്ചുകൊണ്ടിരിക്കുന്നു. അവയുടെ തിളക്കം അനുദിനം വർദ്ധിച്ചു കൊണ്ടുമിരിയ്ക്കുന്നു.
ഇത് സ്നേഹനിധിയായ മാസ്റ്ററുടെയുള്ളിലെ ഗുരുനാഥനെക്കുറിച്ചുള്ള ചെറിയൊരു ഓർമ്മക്കുറിപ്പ് മാത്രം.
2001 ജനുവരി 1. തിരുവനന്തപുരം ടാഗോർ തിയേറ്ററിലെ പ്രൗഢഗംഭീരമായ സദസ്സ്. ഒഎൻവി, ശ്രീകുമാരൻ തമ്പി, എം കൃഷ്ണൻ നായർ, പെരുമ്പാവൂർ രവീന്ദ്രനാഥ്, കെ ജയകുമാർ,കെ മധു, രമേശ് നാരായണൻ തുടങ്ങിയ മഹാരഥന്മാർ സദസ്സിൻ്റെ മുൻനിരയിൽ. ജോൺസൻ മാസ്റ്ററുടെ നേതൃത്വത്തിലുള്ള ഓർക്കസ്ട്ര. ശക്തിഗാഥ അവതരിപ്പിക്കുന്ന “പുതിയ നൂറ്റാണ്ടിലേക്ക് ” എന്ന സംഗീതപരിപാടി. അതിഥി ഗായകരായി ജയേട്ടനും മാധുരിയമ്മയും. ദേവരാജൻ മാസ്റ്ററുടെ ആമുഖപ്രസംഗം ആരംഭിച്ചു. “അഞ്ചു യുവ ഗായകരെ ഞാനിതാ നിങ്ങൾക്ക് മുൻപിൽ അവതരിപ്പിക്കുന്നു. ഇവർ അഞ്ചുപേരും പുതിയ നൂറ്റാണ്ടിൽ സംഗീതലോകത്ത് അവരുടേതായ സംഭാവനകൾ നൽകാൻ കഴിവുള്ളവരാണ്.
വിവിധ സന്ദർഭങ്ങളിലും ഭാവങ്ങളിലും ഞാൻ ചിട്ടപ്പെടുത്തിയ ഗാനങ്ങൾ, ഇവരെ പാടി പരിശീലിപ്പിച്ചിട്ടുണ്ട്. എൻ്റെ കർമ്മം ഞാൻ ചെയ്യുന്നു ; ഇനിയെല്ലാം ഇവരുടെ പരിശ്രമവും ഭാഗ്യവും പോലെയിരിക്കും.”
പിന്നീട് സന്യാസവൃത്തി സ്വീകരിച്ച ജൂലി ജോസ് ഒഴികെ ബാക്കി നാലുപേരും (വിധുപ്രതാപ്, വിജേഷ് ഗോപാൽ, ഡോ. രശ്മി, ഞാൻ) 20 വർഷമായി സംഗീതരംഗത്തു തന്നെ സജീവമായി തുടരുന്നതിനു പിന്നിൽ മാസ്റ്ററുടെ അനുഗ്രഹവും ദീർഘവീക്ഷണവുമുണ്ട്.
ഏതെങ്കിലും പത്രസ്ഥാപനത്തിൻ്റെയോ ചാനലുകളുടെയോ വ്യക്തികളുടെയോ സ്പോൺസർഷിപ്പോ സാമ്പത്തികസഹായമോ ഇല്ലാതെയാണ് മാസ്റ്റർ ആ പരിപാടി സംഘടിപ്പിച്ചത്.
അന്ന് ഐപിആർഎസിൽ നിന്നും റോയൽറ്റി ആയി ലഭിച്ച ഒന്നേകാൽ ലക്ഷത്തോളം രൂപ സ്വന്തം കയ്യിൽ നിന്നും മുടക്കിയാണ് അദ്ദേഹം അതു ചെയ്തത്. പ്രശസ്തിയുടെ പരമോന്നതിയിൽ നിൽക്കുന്ന അദ്ദേഹത്തിന് ഇതുകൊണ്ട് എന്ത് നേട്ടം? എല്ലാം പുതിയ തലമുറയ്ക്ക് വേണ്ടി… ഞങ്ങൾക്ക് വേണ്ടി മാത്രം.!
ഗുരു എന്ന പദത്തിൻ്റെ പൂർണ്ണത അദ്ദേഹത്തിൽ കണ്ടനുഭവിച്ചറിഞ്ഞ നിമിഷങ്ങൾ ഒട്ടനവധിയുണ്ട്. മാസ്റ്ററോടൊത്തുള്ള ധന്യമായ നിമിഷങ്ങൾ ഓർമ്മക്കുറിപ്പുകളായി ഞാനെഴുതി സൂക്ഷിച്ചിട്ടുണ്ട്. പിന്നെ ഒരവസരത്തിൽ അവ പങ്കു വയ്ക്കാം. അദ്ദേഹത്തിൻ്റെ പുത്രനിർവിശേഷമായ സ്നേഹവാത്സല്യങ്ങൾ ശക്തിഗാഥയിലെ ഗായകർ ഓരോരുത്തരും അനുഭവിച്ചറിഞ്ഞിട്ടുണ്ട്.
17 വർഷങ്ങൾക്കു മുൻപുള്ള ദീപ്തമായ ഒരോർമ്മ ഇവിടെ പങ്കുവയ്ക്കുന്നു.
എല്ലാ വർഷവും വിദ്യാരംഭദിവസം പഠിപ്പിച്ച ഗുരുക്കന്മാരെ പോയി കണ്ടു ദക്ഷിണ കൊടുത്ത്, അനുഗ്രഹം വാങ്ങുന്ന പതിവ് എനിയ്ക്കുണ്ട്. ആ വിദ്യാരംഭദിവസം അലപ്പുഴയിലെ എൻ്റെ ഗുരുനാഥന്മാരെ സന്ദർശിച്ച ശേഷം മങ്കൊമ്പിൽ ഒരു സംഗീതോത്സവത്തിൽ പങ്കെടുക്കാൻ പോയി. അതുകഴിഞ്ഞ് തിരുവനന്തപുരത്ത് എത്തണം.
അടുത്ത ലക്ഷ്യം പെരുമ്പാവൂർ സാറിനെയും ദേവരാജൻ മാസ്റ്ററെയും കാണുക എന്നതാണ്. എത്താൻ വൈകും എന്ന് മാസ്റ്ററോട് നേരത്തെ പറഞ്ഞിരുന്നു. “ഞാൻ ഇവിടെ തന്നെയുണ്ടാവും. നീ വന്നാൽ മതി” എന്നു പറഞ്ഞു.
കരമനയിലെ മാസ്റ്ററുടെ വീട്ടിൽ എത്തിയപ്പോൾ നേരം സന്ധ്യ മയങ്ങി. മാസ്റ്റർ തനിയെ കട്ടിലിൽ ഇരിയ്ക്കുന്നു. “നീ വന്നോ? വരുമെന്ന് അറിയാമായിരുന്നു. അതുകൊണ്ട് കുറച്ചു പ്രസാദം നിനക്കു തരാനായി ഞാൻ അടുക്കളയിൽ അലമാരയിൽ സൂക്ഷിച്ചുവച്ചിട്ടുണ്ട്. എടുത്തു മാറ്റിവെച്ചില്ലെങ്കിൽ എല്ലാവരും കൂടി തിന്നു തീർക്കും എന്ന് കരുതി. ഉറുമ്പ് കയറിയോ എന്നറിയില്ല. പോയി നോക്ക് ” ഞാൻ അടുക്കളയിലേക്കോടി. അലമാര തുറന്നപ്പോൾ ഒരു ചെറിയ പൊതി. അവിലും മലരും ശർക്കരയും കൽക്കണ്ടവും പഴവും ചേർത്ത പൂജയെടുപ്പിൻ്റെ പ്രസാദം. മാസ്റ്റർ പറഞ്ഞതുപോലെതന്നെ, നിറയെ കറുത്ത ഉറുമ്പുകൾ ! അതെടുത്തുകൊണ്ട് മാസ്റ്ററുടെ മുന്നിൽ വന്നു.
ആ വാത്സല്യത്തിനു മുൻപിൽ എൻ്റെ കണ്ണുകൾ നിറഞ്ഞു. ഉറുമ്പുകൾ കുറെയൊക്കെ ഓടിപ്പോയി. അളവിൽ കുറച്ചധികം ഉണ്ടായിരുന്നു. ദക്ഷിണ കൊടുത്തു നമസ്കരിച്ച് അദ്ദേഹത്തിൻ്റെ മുന്നിലിരുന്ന് അതു മുഴുവൻ കഴിച്ചു. ഗുരുനാഥൻ്റെ നിർമ്മലമായ സ്നേഹത്തിൻ്റെ, കരുതലിന്റെ പ്രസാദം !
മാസ്റ്റർ…! അങ്ങയുടെ ശിഷ്യത്വത്തേക്കാൾ വലുതായൊന്നും ഈ ജന്മത്തിൽ എനിക്കു കിട്ടാനില്ല. എത്രയോ മുജ്ജന്മങ്ങളുടെ സുകൃതം. കണ്ണുനനയാതെ, നെഞ്ചകം വിങ്ങാതെ മാസ്റ്ററെക്കുറിച്ച് ഒരു വരി എഴുതാനോ പറയാനോ കഴിയാറില്ല. നിത്യപ്രാർത്ഥനയായി ഒന്നുമാത്രം. ഇനിയൊരു ജന്മമുണ്ടെങ്കിൽ, ഇനിയും അങ്ങെനിക്ക് ഗുരുവായി വരേണമേ….! സംഗീതചക്രവർത്തിയുടെ പുണ്യപാദങ്ങളിൽ അശ്രുപുഷ്പാഞ്ജലി…!

ഗുരുപ്രസാദം : 9
ജി. ദേവരാജൻ മാസ്റ്റർ

എൻ്റെ സംഗീതസങ്കല്പങ്ങൾക്കും ചിന്തകൾക്കും മാർഗദീപമായി, സംഗീതമാണ്…

Posted by K.S. Sudeep Kumar on Sunday, 25 October 2020

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News