മഹാരാഷ്ട്ര ബിജെപിയില്‍ കൊഴിഞ്ഞു പോക്ക്; എം എല്‍ എ ഗീത ജെയിന്‍ ശിവസേനയിലേക്ക്

മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ മീര-ഭയന്ദര്‍ സീറ്റില്‍ നിന്ന് വിജയിച്ച ബിജെപിയുടെ പ്രമുഖ നേതാവായ എം എല്‍ എ ഗീത ജെയിന്‍ ശിവസേനയില്‍ ചേര്‍ന്നു . മുന്‍മന്ത്രി ഏക്നാഥ് ഖഡ്സേ ബി.ജെ.പി. വിട്ട് എന്‍.സി.പി.യില്‍ ചേര്‍ന്നതിനു പിന്നാലെയാണ് ഗീതാ ജയിനും പാര്‍ട്ടിയെ കൈയ്യൊഴിയുന്നത്.

ബി.ജെ.പി.യിലെ ദേവേന്ദ്ര ഫഡ്നാവിസ് ഗ്രൂപ്പ് തന്നെ കഴിഞ്ഞ കുറെ കാലമായി ദ്രോഹിക്കുകയായിരുന്നെന്ന് കുറ്റപ്പെടുത്തിയാണ് ഖഡ്‌സെ ബി ജെ പി വിട്ടത്. എന്നാല്‍ പക പോക്കാനായി തനിക്കെതിരേ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ വിടാന്‍ ആര്‍ക്കെങ്കിലും ഭാവമുണ്ടെങ്കില്‍ അവര്‍ക്കെതിരായ രഹസ്യസ്വഭാവമുള്ള സി.ഡി. പുറത്തുവിടുമെന്നാണ് ഏക്നാഥ് വെല്ലുവിളിച്ചത്

ബി.ജെ.പി. നേതാവായ നരേന്ദ്ര മേത്തയുമായുള്ള ഗ്രൂപ്പ് പോരാണ് മേയര്‍ സ്ഥാനം വരെ എത്തിയിരുന്ന ഗീതാ ജയിനെ പാര്‍ട്ടിയില്‍ ഒറ്റപ്പെടുത്തിയത്. പാര്‍ട്ടിയില്‍ തനിക്ക് അര്‍ഹിക്കുന്ന പ്രാധാന്യം ലഭിച്ചില്ലെന്ന് പരാതിപ്പെട്ടാണ് ഗീത ബി ജെ പിയില്‍ നിന്നും പടിയിറങ്ങിയത്.

മീരാഭയന്തര്‍ മേഖലയില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ ശ്രമിക്കുന്ന ശിവസേനയ്ക്ക് ഗീതാ ജയിനിന്റെ നേതൃത്വം നേട്ടമുണ്ടാക്കുമെന്നാണ് വിലയിരുത്തുന്നത്. ഗീതാ ജയിന്റെ വരവോടെ നിയമസഭയില്‍ ശിവസേനയുടെ അംഗബലം 65 ആയി ഉയര്‍ന്നു. 56 അംഗങ്ങളുണ്ടായിരുന്ന പാര്‍ട്ടിയിലേക്ക് ഗീതാ ജയിന്‍ ഉള്‍പ്പെടെ ഒമ്പത് അംഗങ്ങളാണ് പിന്നീട് എത്തിയത്. മീരാഭയന്തര്‍ നഗരസഭയില്‍ ഗീതാ ജയിനെ പിന്തുണയ്ക്കുന്ന കൂടുതല്‍ നഗരസഭാംഗങ്ങള്‍ ശിവസേനയില്‍ ചേരുമെന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്.

ഗീത ജെയിനെ ശിവസേനയിലേക്ക് ഔദ്യോദികമായി സ്വാഗതം ചെയ്തു കൊണ്ട് മന്ത്രി ആദിത്യ താക്കറെ ട്വീറ്റ് ചെയ്തു. മാതോശ്രീയില്‍ വച്ച് നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഉദ്ദവ് താക്കറെയെ കൂടാതെ മന്ത്രി ഏക്നാഥ് ഷിന്‍ഡെ, എം പി രാജന്‍ വിചാരെ, എം എല്‍ എ പ്രതാപ് സര്‍നായിക് തുടങ്ങിയ പാര്‍ട്ടി നേതാക്കളും സന്നിഹിതരായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News