അമ്മത്തൊട്ടിലില്‍ നിന്ന് അക്ഷരദേവതയുടെ മടിത്തട്ടിലേക്ക്

തിരുവനന്തപുരം: വൈസ് ചാന്‍സലര്‍ ഡോ.വി.പി. മഹാദേവന്‍ പിള്ളയുടെ മടിയിലിരുന്ന് അരിയും പൂവും നിറഞ്ഞ താലത്തില്‍ അവര്‍ അഞ്ച് പേരും ആദ്യാക്ഷരം കുറിച്ചു. അനാഥത്വത്തില്‍ നിന്ന് സനാഥത്വത്തിലേക്ക് അവരെ കൈപിടിച്ചു നടത്തിക്കുന്ന സമിതി ജനറല്‍ സെക്രട്ടറി ഡോ.ഷിജൂഖാന്റെയും ട്രഷറര്‍ ആര്‍. രാജുവിന്റെയും ആയമാരായ പോറ്റമ്മമാരുടെയും ജീവനക്കാരുടെയും സാന്നിധ്യത്തില്‍ ഗുരുവിന് ദക്ഷിണയും വച്ച് വാഗ്‌ദേവതയുടെ അനുഗ്രഹം തേടി.

അറിവിന്റെ ലോകത്ത് സനാഥരാകട്ടെയെന്ന് സര്‍വ്വകലാശാലയുടെ തലവന്‍ കുഞ്ഞുങ്ങള്‍ക്ക് അനുഗ്രഹവും നല്‍കി. അഭിരാമി, കുശ്ബു, മാനവ്, ജിഷ്ണു, മിന്നു , മഹേഷ് തുടങ്ങി അഞ്ചു പേരാണ് ശിശുക്ഷേമ സമിതിയുടെ മുറ്റത്ത് ആദ്യക്ഷരം കുറിച്ചത്. സംസ്ഥാന ശിശുക്ഷേമസമിതിയില്‍ നടന്ന വിദ്യാരംഭ ചടങ്ങില്‍ കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.വി.പി. മഹാദേവന്‍ പിള്ളയാണ് കുട്ടികളെ എഴുത്തിനിരുത്തിയത്. സംസ്ഥാന ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ഡോ.ഷിജൂഖാന്‍, ട്രഷറര്‍ ആര്‍.രാജു എന്നിവര്‍ നേതൃത്വം നല്‍കി.

കരഞ്ഞും ചിരിച്ചുമാണ് കുഞ്ഞുങ്ങള്‍ ആദ്യാക്ഷരം എഴുതിയത്. വിദ്യാരംഭ ചടങ്ങിനു ശേഷം കുട്ടികള്‍ക്ക് പായസവും മിഠായിയും മറ്റ് മധുര പലഹാരങ്ങളും നല്‍കി ഒപ്പം പായസവും കഴിച്ചാണ് വൈസ് ചാന്‍സലര്‍ മടങ്ങിയത്. അമ്മത്തൊട്ടില്‍ വഴിയും മറ്റ് പല കാരണങ്ങളാലും സമിതിയിലെത്തുന്ന  കുരുന്നുകള്‍ ഒരു കുടുംബം പോലെ കഴിയുന്നു. സ്‌നേഹനിര്‍ഭരമായ പരിചരണവും ശ്രദ്ധയുമാണ് ശിശുക്ഷേമസമിതി ഏര്‍പ്പെടുത്തിയിരിക്കുന്നത്.

വിദ്യാരംഭ ദിനത്തില്‍ തിരുവനന്തപുരത്തിനു പുറമേ സമിതിയുടെ കീഴിലുള്ള കൊല്ലം, മലപ്പുറം എന്നീ ദത്തെടുക്കല്‍ കേന്ദ്രങ്ങള്‍  പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, പാലക്കാട്, കോഴിക്കോട്, കാസറഗോഡ് എന്നീ ശിശു പരിചരണ കേന്ദ്രത്തിലേയും കുട്ടികള്‍ ആദ്യക്ഷരം കുറിച്ചു. സമിതിയുടെ കീഴിലുള്ള വിവിധ പരിചരണ കേന്ദ്രങ്ങളിലായി ആറ് വയസിനു താഴെയുള്ള 180 കുട്ടികളാണ് സംരക്ഷണയിലുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News