വാളയാര്‍ കേസ്; നിയമപോരാട്ടത്തിന് മുന്നിട്ടിറങ്ങിയത് സര്‍ക്കാര്‍; കുടുംബത്തിന് നീതി ലഭ്യമാക്കാന്‍ ഇനിയും ശ്രമിക്കും: മുഖ്യമന്ത്രി

വാളയാര്‍ കേസില്‍ എല്ലാവര്‍ക്കും അറിയാവുന്ന വസ്തുതയുണ്ടെന്നും ആരെയും പറ്റിക്കുന്ന നിലപാട് മുഖ്യമന്ത്രി എന്ന നിലയ്ക്ക് തനിക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.

കുട്ടികളുടെ അമ്മയ്ക്ക് നീതി ലഭിക്കണം എന്ന നിലപാടാണ് സര്‍ക്കാരിന്. അവര്‍ക്കൊപ്പമാണ് നമ്മളെല്ലാവരും ഉള്ളത്. ഒരു വര്‍ഷം മുന്‍പ് അവര്‍ വന്ന് കണ്ടപ്പോഴും ഈ കാര്യങ്ങള്‍ പറഞ്ഞിരുന്നു. അത് പാലിക്കാനാണ് ശ്രമിച്ചത്.

പ്രതികളെ വെറുതെ വിട്ടതിനെതിരായ നിയമപോരാട്ടത്തിന് സര്‍ക്കാരാണ് മുന്‍കയ്യെടുത്തത്. പ്രതികളെ വിട്ടയച്ചതിനെതിരെ 2019 ല്‍ തന്നെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കി. മരണപ്പെട്ട കുട്ടികളുടെ അമ്മയുടെ ഹര്‍ജികളുമുണ്ട്.

പ്രതികളെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവിട്ടത് സര്‍ക്കാര്‍ ആവശ്യപ്പെട്ട പ്രകാരമാണ്. സര്‍ക്കാരിന്റെ ആവശ്യത്തിന്റെ ഗൗരവം മനസിലാക്കിയാണ് ഹൈക്കോടതി അപൂര്‍വ ഇടപെടല്‍ നടത്തിയത്

വിചാരണ നടത്തി പ്രതികളെ വിട്ടയച്ച കേസില്‍ വീണ്ടും മറ്റൊരേജന്‍സിയെ വച്ച് അന്വേഷണം സാധിക്കില്ല. എന്നാല്‍ വിചാരണ കോടതിയില്‍ സംഭവിച്ച വീഴ്ചകള്‍ ചൂണ്ടിക്കാട്ടി വിചാരണ കോടതി വിധി റദ്ദാക്കിയാല്‍ പുനര്‍ വിചാരണ സാധിക്കും.ഇതിനാണ് പരിശ്രമിക്കുന്നത്

ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി കാത്തിരിക്കുകയല്ല സര്‍ക്കാര്‍ ചെയ്തത്. അപ്പീല്‍ ഹൈക്കോടതി പരിഗണിക്കാന്‍ കാലതാമസം ഉണ്ടാകും.ഇതൊഴിവാക്കാന്‍ കേസ് വേഗത്തില്‍ പരിഗണിക്കണമെന്ന് സര്‍ക്കാര്‍ അര്‍ജന്റ് എംഒ ഫയല്‍ ചെയ്തു. നവംബര്‍ ഒന്‍പതിന് കേസ് പരിഗണിക്കുമെന്ന് ഹൈക്കോടതി വ്യക്തമാകുകയും ചെയ്തുവെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു.

കേസില്‍ വിചാരണ വേളയിലെ വീഴ്ച പരിശോധിക്കാന്‍ വിരമിച്ച ജില്ലാ ജഡ്ജി പി കെ ഹനീഫയെ കമ്മീഷനായി നിയമിച്ചു. റിപ്പോര്‍ട്ട് ലഭിച്ചു. അത് നിയമസഭയുടെ മേശപ്പുറത്ത് വെച്ചു.

കമ്മീഷന്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ പൊലീസുകാര്‍ക്കെതിരെ കുറേക്കൂടി കര്‍ശനമായ നടപടിയെടുക്കും. മാതാവ് സര്‍ക്കാരില്‍ വിശ്വാസമാണെന്ന് ഇന്നും പറഞ്ഞു. ആ കുടുംബത്തിന് നീതി ലഭ്യമാക്കാന്‍ ഇനിയും സര്‍ക്കാര്‍ ശ്രമിക്കുമെന്നും മുഖ്യമന്ത്രി വിശദീകരിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here