സ്വർണ്ണക്കടത്ത് കേസ്; യുഎഇ പൊലീസ് അറസ്റ്റ് ചെയ്ത റബിൻസിനെ കൊച്ചിയിൽ എത്തിച്ചു

സ്വർണ്ണക്കടത്ത് കേസിൽ യു എ ഇ പോലീസ് അറസ്റ്റ് ചെയ്ത റബിൻസിനെ കൊച്ചിയിൽ എത്തിച്ചു.യു എ ഇയിൽ നിന്നും നാട് കടത്തപ്പെട്ട് നെടുമ്പാശ്ശേരിയിൽ എത്തിയ റബിൻസിൻ്റെ അറസ്റ്റ് എൻഐ എ രേഖപ്പെടുത്തി.കേസിൽ പത്താം പ്രതിയായ റബിൻസും മൂന്നാം പ്രതി ഫൈസൽ ഫരീദുമാണ് നയതന്ത്ര ബാഗേജിലെ സ്വർണ്ണക്കടത്തിന് വിദേശത്ത് നേതൃത്വം നൽകിയതെന്നാണ് എൻ ഐ എ യുടെ കണ്ടെത്തൽ.
….മൂവാറ്റുപുഴ സ്വദേശി റബിൻസും കൊടുങ്ങല്ലൂർ സ്വദേശി ഫൈസൽ ഫരീദും ചേർന്നാണ് വിദേശത്ത് നിന്ന് നയതന്ത്ര ബാഗേജിൽ സ്വർണ്ണം കയറ്റി അയച്ചതെന്നാണ് അന്വേഷണ ഏജൻസികൾ കണ്ടെത്തിയത്. യുഎഇ കോൺസുലേറ്റിൻ്റെ മുദ്രയും ചിഹ്നവും വ്യാജമായി നിർമ്മിച്ചായിരുന്നു സ്വർണ്ണക്കടത്തെന്നും അന്വേഷണ ഏജൻസികൾ കണ്ടെത്തിയിരുന്നു.

എന്നാൽ എൻ ഐ എ അന്വേഷണം തുടങ്ങിയ വിവരം അറിഞ്ഞ ഇരുവരും വിദേശത്ത് ഒളിവിൽ പോവുകയായിരുന്നു.ഇതേ തുടർന്ന് ഇവർക്കെതിരെ ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിക്കാനുള്ള നടപടികളും എൻ ഐ എ പൂർത്തിയാക്കി.ഇതിനിടെ രണ്ടു പേരെയും യുഎ ഇ പോലീസ് അറസ്റ്റ് ചെയ്തതായി എൻ ഐ എ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ അറിയിച്ചു.

കഴിഞ്ഞ ആഗസ്റ്റ് 11 മുൻപ് അറസ്റ്റിലായ ഇരുവരെയും നാട്ടിലെത്തിക്കാനുള്ള നടപടികൾ എൻ ഐ എ സ്വീകരിച്ചിരുന്നെങ്കിലും റബിൻസിനെ മാത്രമാണ് നിലവിൽ യു എ ഇ ഇന്ത്യയ്ക്ക് കൈമാറിയിരിക്കുന്നത്. കുറ്റവാളികളെ കൈമാറുന്ന കരാർ പ്രകാരം യുഎഇയിൽ നിന്ന് കയറ്റിയയച്ച റബിൻസിനെ നെടുമ്പാശ്ശേരിയിൽ വെച്ച് എൻ ഐ എ സംഘം അറസ്റ്റ് ചെയ്തു.തുടർന്ന് ആലുവ സർക്കാർ ആശുപത്രിയിലെത്തിച്ച് കോവിഡ് പരിശോധന നടത്തി.

കേസിൽ പത്താം പ്രതിയായ റബിൻസിനെ വിശദമായി ചോദ്യം ചെയ്യുന്നതോടെ സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട വിദേശത്തെ ഗൂഢാലോചന സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് എൻ ഐ എ.കൂടാതെ വിദേശത്തു നിന്നും ഇന്ത്യയിൽ നിന്നും ആരുടെയൊക്കെ സഹായം ലഭിച്ചിരുന്നു എന്നതും റബിൻസ് വെളിപ്പെടുത്തിയേക്കുമെന്നും എൻ ഐ എ പ്രതീക്ഷിക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News