പ്രചാരണം അവസാനിച്ചു; ബിഹാറില്‍ ഒന്നാം ഘട്ട വോട്ടെടുപ്പ് നാളെ

ബിഹാറിൽ ബുധനാഴ്‌ച ഒന്നാംഘട്ട വോട്ടെടുപ്പ്‌ നടക്കുന്ന 71 നിയമസഭാ മണ്ഡലത്തിലെ പ്രചാരണം സമാപിച്ചു. ജെഡിയുവും ബിജെപിയും ഉൾപ്പെടുന്ന എൻഡിഎയും ആർജെഡിയും കോൺഗ്രസും ഇടതുപക്ഷ പാർടികളും ഉൾപ്പെടുന്ന മഹാസഖ്യവു‌മായാണ്‌ മുഖ്യപോരാട്ടം.

എൻഡിഎയിൽനിന്ന്‌ വേറിട്ട്‌ മത്സരിക്കുന്ന എൽജെപിയും ബിഎസ്‌പി–- ആർഎൽഎസ്‌പി–- എഐഎംഐഎം എന്നീ കക്ഷികൾ ഉൾപ്പെടുന്ന മുന്നണിയും ഉണ്ട്‌. സർവേ ഫലങ്ങൾ എൻഡിഎയ്‌ക്ക്‌ മുൻതൂക്കം കൽപ്പിക്കുമ്പോഴും മഹാസഖ്യം ശക്തമായ മത്സരം കാഴ്‌ചവയ്‌ക്കുന്നു.

ഗംഗാ നദിയുടെ തെക്കൻ സമതല ഭൂമിയിലെ മണ്ഡലങ്ങളിലാണ്‌ ആദ്യ ഘട്ടത്തിൽ വോട്ടെടുപ്പ്‌. ബിഹാറിൽ 26 ശതമാനത്തോളം പട്ടികജാതി–- പട്ടികവർഗ വിഭാഗങ്ങൾക്ക്‌ നിർണായക സ്വാധീനമുള്ള മേഖലയാണിത്‌. സിപിഐ എംഎല്ലിന്‌ സ്വാധീനമുള്ള തെക്കൻ ബിഹാറിൽ എട്ടിടത്ത്‌ അവർക്ക്‌ സ്ഥാനാർഥികളുണ്ട്‌.

ശ്രദ്ധേയം ഈ മണ്ഡലങ്ങൾ
ജാമുയ്‌: എൽജെപി നേതാവ്‌ ചിരാഗ്‌ പസ്വാന്റെ ലോക്‌സഭാ മണ്ഡലത്തിൽ ഉൾപ്പെടുന്ന ജാമുയ്‌യിൽ മത്സരം ത്രികോണം. സിറ്റിങ്‌ എംഎൽഎ ആർജെഡിയുടെ വിജയ്‌പ്രകാശാണ്‌ മഹാസഖ്യം സ്ഥാനാർഥി. മുൻ കേന്ദ്രമന്ത്രി ജയ്‌പ്രകാശ്‌ നാരായൺ യാദവിന്റെ ഇളയ സഹോദരനാണ്‌.

മുതിർന്ന ബിജെപി നേതാവായിരുന്ന അന്തരിച്ച ദിഗ്‌വിജയ്‌ സിങ്ങിന്റെ മകളും ഷൂട്ടിങ്‌ താരവുമായ ശ്രേയസി സിങ്ങാണ്‌ എൻഡിഎ സ്ഥാനാർഥി. മുൻ എംഎൽഎയും ബിജെപി വിമതനുമായ അജയ്‌പ്രതാപ്‌ സിങ്‌ ആർഎൽഎസ്‌പി സ്ഥാനാർഥി.

കരാകാട്ട്‌:- ഇടതുപക്ഷം വിജയം ഉറപ്പിച്ച മണ്ഡലം. 2000ലും 2005ലും എംഎൽഎയായിരുന്ന സിപിഐ എംഎല്ലിന്റെ അരുൺ സിങ്ങാണ്‌ മഹാസഖ്യം സ്ഥാനാർഥി. 2010ൽ ജെഡിയു ടിക്കറ്റിൽ തെരഞ്ഞെടുക്കപ്പെട്ട രാജേശ്വർ രാജ്‌ ബിജെപി സ്ഥാനാർഥിയാണ്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News