സര്‍ക്കാര്‍ കര്‍ഷകര്‍ക്കൊപ്പമെന്ന് മുഖ്യമന്ത്രി; പച്ചക്കറികള്‍ക്ക് തറവില പ്രഖ്യാപിച്ചു

സംസ്ഥാനത്ത്‌ പച്ചക്കറികൾക്ക്‌ തറവില മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചു. പച്ചക്കറികൾക്ക്‌ രാജ്യത്ത്‌ ഇതാദ്യമായാണ്‌ തറവില പ്രഖ്യാപിക്കുന്നത്‌. കാർഷിക മേഖലയിലെ പുതിയ പരിഷ്കാരങ്ങൾക്കെതിരെ രാജ്യമൊന്നടങ്കം കർഷക പ്രതിഷേധങ്ങൾ അലയടിക്കുന്ന ഈ സമയത്ത് പച്ചക്കറി വിളകൾക്ക് തറവില പ്രഖ്യാപിച്ചുകൊണ്ട് കർഷകർക്ക് കൈത്താങ്ങാവുകയാണ് സർക്കാരെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു.

രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനം പച്ചക്കറികൾക്ക് തറവില തീരുമാനിക്കുന്നത് ഏത്തക്കായ, കുമ്പളം, വെള്ളരി, പാവൽ, പടവലം, വള്ളിപ്പയർ, തക്കാളി, വെണ്ട, ക്യാബേജ്, ബീൻസ്, കൈതച്ചക്ക, മരച്ചീനി, കാരറ്റ്, ഉരുളക്കിഴങ്ങ്, ബീറ്റ്റൂട്ട്, വെളുത്തുള്ളി തുടങ്ങി 16 ഇനത്തിനാണ്‌ തറവില പ്രഖ്യാപിച്ചത്‌. ഉൽപ്പാദനച്ചെലവും ഉൽപ്പാദനക്ഷമതയും കണക്കിലെടുത്താണ് തീരുമാനം.

ഓരോ വിളകളുടെയും ഉല്‍പാദനച്ചെലവിനൊപ്പം 20 ശതമാനം തുകയാണ് ഇതില്‍ അധികമായി ചേര്‍ത്തിരിക്കുന്നത്. പച്ചക്കറികള്‍ക്ക് നിശ്ചിത വിലയേക്കാള്‍ കുറഞ്ഞ വില വിപണിയില്‍ ഉണ്ടായാല്‍ ഇവ സംഭരിച്ച് തറവില അനുസരിച്ചുള്ള തുക കര്‍ഷകന്‍റെ അക്കൗണ്ടിലേക്ക് നല്‍കും.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും സഹകരണവകുപ്പുമായി ചേർന്നാണ് പദ്ധതി നടപ്പാക്കുക. വിളകൾ വിഎഫ്പിസികെ, ഹോർട്ടികോർപ്‌, മൊത്തവ്യാപാര വിപണികൾ എന്നിവ വഴി സംഭരിക്കും. ഒരു പഞ്ചായത്തിൽ ഒരു വിപണന കേന്ദ്രമെങ്കിലും തുറക്കും. ആദ്യഘട്ടത്തിൽ 250 കേന്ദ്രം തുറന്ന്‌‌ കർഷകരിൽനിന്ന് നേരിട്ട് വിള സംഭരിക്കും. കർഷകന് ഒരു സീസണിൽ 15 ഏക്കർ സ്ഥലത്തിനുമാത്രമേ ആനുകൂല്യം ലഭിക്കൂ.

വിപണിവില അടിസ്ഥാനവിലയിലും കുറയുമ്പോൾ പ്രാഥമിക സംഘങ്ങൾക്ക് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ വഴി തുക ലഭ്യമാക്കും. ഇതിനായി തദ്ദേശഭരണ സ്ഥാപന അധ്യക്ഷൻ ചെയർമാനായും പ്രാഥമിക കാർഷിക സഹകരണ സംഘം പ്രസിഡന്റ്‌ വൈസ് ചെയർമാനായും കമ്മിറ്റി രൂപീകരിക്കും. വിളകൾ “ജീവനി -കേരള ഫാം ഫ്രഷ് ഫ്രൂട്ട്സ് ആൻഡ് വെജിറ്റബിൾസ്’ എന്ന ബ്രാൻഡിലാണ്‌ വിൽക്കുക.

പച്ചക്കറിയുടെ വിപണന വില ഇടിയുന്ന അവസരത്തിൽ തറവില ലഭ്യമാക്കുന്നത്‌ കർഷകന്‌ വലിയ ആശ്വാസമാകും. കൂടുതൽപേരെ കൃഷിയിലേക്ക്‌ ആകർഷിക്കാനും കഴിയും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News