കുട്ടികള്‍ കുരിശില്‍ കയറിയിരുന്ന സംഭവം; കേസ് ഒത്തുതീര്‍പ്പായി; മാതാപിതാക്കളുടെ സാന്നിധ്യത്തില്‍ വൈദീകരോടും പള്ളി അധികാരകളോടും പരസ്യമായി മാപ്പ് പറയണം

പൂഞ്ഞാറിലെ തീര്‍ത്ഥാടന കേന്ദ്രമായ പുല്ലപാറയില്‍ കുട്ടികള്‍ കുരിശില്‍ കയറിയിരുന്ന കേസ് ഒത്തുതീര്‍പ്പായി. കുരിശിനെ അപകീര്‍ത്തിപ്പെടുത്തിയെന്ന് ആരോപിച്ച് പൂഞ്ഞാര്‍ സെന്റ്. മേരീസ് ഫൊറോന പള്ളി നല്‍കിയ പരാതിയില്‍ 14 കുട്ടികളുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു.

കുട്ടികള്‍ക്ക് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഒത്തുതീര്‍പ്പാക്കുകയായിരുന്നു. ഈരാറ്റുപ്പേട്ട പൊലീസ് സ്റ്റേഷനില്‍ വെച്ച് കുട്ടികളുടെ മാതാപിതാക്കളുടെ സാന്നിധ്യത്തില്‍ വൈദീകരോടും പള്ളി അധികാരകളോടും പരസ്യമായി മാപ്പ് പറയാമെന്ന വ്യവസ്ഥയിലാണ് കേസ് ഒത്തുതീര്‍പ്പാക്കിയിരിക്കുന്നത്. സ്ഥലം എംഎല്‍എ പി.സി ജോര്‍ജിന്റെ മധ്യസ്ഥതയിലാണ് ഒത്തുതീര്‍പ്പ് നടപടികള്‍ നടന്നത്.

സംഭവത്തെ തുടര്‍ന്ന് വികാരി ഫാ.മാത്യു കടുകുന്നേലിന്റെ നേതൃത്വത്തില്‍ നടത്തിയ യോഗത്തില്‍ സംഭവത്തില്‍ നിയമപരമായ നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനിച്ചിരുന്നു. കുരിശിനെ അവഹേളിച്ചതില്‍ പ്രതിഷേധം രേഖപ്പെടുത്താനും യോഗം തീരുമാനിച്ചിരുന്നു. തുടര്‍ന്നാണ് പരാതി നല്‍കിയത്.

കുരിശടിയിലെ കുരിശില്‍ കുട്ടികള്‍ കയറിയിരുന്നതിന്റെ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. കുരിശിനെ അപമാനിച്ചെന്നും മതവികാരം വ്രണപ്പെട്ടെന്നും ചൂണ്ടിക്കാട്ടി നിരവധി പേരാണ് രംഗത്തെത്തിയത്. കുട്ടികളുടെ മതം ചൂണ്ടിക്കാട്ടി വര്‍ഗീയവും വിദ്വേഷപരവുമായ കമന്റുകളും സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News