ഹാഥ്‌റസ് പെണ്‍കുട്ടിയുടെ കുടുംബത്തിനും സാക്ഷികള്‍ക്കും സിആര്‍പിഎഫ് സുരക്ഷ ഒരുക്കണം: സുപ്രീംകോടതി

ദില്ലി: ഹാഥ്‌റസ് കേസില്‍ സിബിഐ അന്വേഷണത്തിന് അലഹബാദ് ഹൈക്കോടതി മേല്‍നോട്ടം വഹിക്കണമെന്ന് സുപ്രീംകോടതി. പെണ്‍കുട്ടിയുടെ കുടുംബത്തിനും സാക്ഷികള്‍ക്കും സി ആര്‍ പി എഫ് സുരക്ഷ നല്‍കാനും കോടതി വിധിച്ചു. വിചാരണ ദില്ലിക്ക് മാറ്റുന്നതില്‍ അന്വേഷണം പൂര്‍ത്തിയായ ശേഷം തീരുമാനം. ഇരയുടെയും കുടുംബാംഗങ്ങളുടെയും പേര് ഹൈക്കോടതി ഉത്തരവില്‍ നിന്ന് നീക്കാനും സുപ്രീംകോടതി നിര്‍ദേശിച്ചു.

ഹാഥ്‌റസില്‍ ദളിത് പെണ്കുട്ടി കൂട്ട ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട കേസില്‍ സിബിഐ അന്വേഷണം പുരോഗമിക്കുകയാണ്. ഇതിന്റെ അന്വേഷണമടക്കമുള്ള എല്ലാ കാര്യങ്ങള്‍ക്കും അലഹബാദ് ഹൈക്കോടതി മേല്‍നോട്ടം വഹിക്കണമെന്നാണ് സുപ്രീംകോടതി വിധി. കേസിന്റ മറ്റ് വശങ്ങളിലേക്ക് കടക്കുന്നില്ലെന്ന് വ്യക്തമാക്കികൊണ്ടാണ് ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ അധ്യക്ഷനായ ബഞ്ച് വിഷയം പൂര്‍ണമായും ഹൈക്കോടതിയുടെ പരിഗണനയ്ക്ക് വിട്ടത്.

കഴിഞ്ഞ തവണ വാദം കേള്‍ക്കവെ വിഷയം ഹൈക്കോടതിക്ക് വിടുമെന്ന് സുപ്രീം കോടതി വാക്കാല്‍ പറഞ്ഞിരുന്നു. നേരത്തെ തന്നെ ഈ കേസില്‍ ഹൈക്കോടതി ആഴത്തില്‍ ഇടപെട്ടിട്ടുണ്ട്. കൂടാതെ ഇത് ഹൈക്കോടതിയുടെ അധികാര പരിധിയില്‍ വരുന്ന വിഷയവുമാണ്. അതിനാലാണ് ചുമതല ഹൈക്കോടതിക്ക് നല്‍കുന്നതെന്ന് സുപ്രീംകോടതി വിശദീകരിച്ചു. സിബിഐ ഹൈക്കോടതിയെ കാര്യങ്ങള്‍ ധരിപ്പിക്കണമെന്ന് വിധിയില്‍ പറയുന്നു.

കേസിന്റെ വിചാരണ ദില്ലിക്ക് മാറ്റണമെന്ന് പെണ്കുട്ടിയുടെ കുടുംബം ആവശ്യപ്പെട്ടിരുന്നു.എന്നാല്‍ അന്തിമ തീരുമാനമുണ്ടായില്ല. കേസ് അന്വേഷണം പൂര്‍ത്തിയായ ശേഷമാവും തീരുമാനം. വിചാരണ മാറ്റാനുള്ള സാധ്യത തുറന്നു കിടക്കുന്നുവെന്ന് കോടതി വ്യക്തമാക്കി. കേസിലെ സാക്ഷികള്‍ക്കും കുടുംബത്തിനും ഒരാഴ്ചയ്ക്ക് അകം സി ആര്‍ പി എഫ് സുരക്ഷ ഏര്‍പ്പെടുത്താന്‍ കോടതി നിര്‍ദേശം നല്‍കി.

അലഹബാദ് ഹൈക്കോടതി സ്വമേധയാ എടുത്ത കേസിലെ ഒരു ഉത്തരവില്‍ ഇരയുടെയും വീട്ടുകാരുടെയും പേര് ഉള്‍പ്പെടുത്തിയിരുന്നു. ഇത് നീക്കം ചെയ്യണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചു. പെണ്കുട്ടിയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് നല്‍കാന്‍ പോലും തയ്യാറാകാതെ സംസ്‌കരിച്ചതിനെതിലാണ് അലഹബാദ് ഹൈക്കോടതി സ്വമേധയാ കേസ് എടുത്തത്. ഇത് പരിഗണനയിലിരിക്കെയാണ് ഹൈക്കോടതിയെ സുപ്രീംകോടതി അധിക ഉത്തരവാദിത്വം ഏല്പിച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel