ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയില്‍ യുവതിയെ ഹാജരാക്കിയത് അബോധാവസ്ഥയില്‍; ഹൈക്കോടതി സാക്ഷിയായത് അപൂര്‍വ്വ രംഗങ്ങള്‍ക്ക്

യുവതിയെ കാണാനില്ലെന്ന പരാതിയുമായി ബന്ധപ്പെട്ട ഹേബിയസ് കോര്‍പ്പസ് ഹര്‍ജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. ജസ്റ്റിസ് കെ വിനോദ് ചന്ദ്രനും ജസ്റ്റിസ് ടി ആര്‍ രവിയും കോടതി മുറിയില്‍ നിന്നിറങ്ങി കോടതി വളപ്പിലെത്തിച്ച ആംബുലന്‍സില്‍ കയറി യുവതിയെ കണ്ടു. ആലപ്പുഴ സ്വദേശിയായ യുവതിയുടെ ഭര്‍ത്താവ് ശ്രീശാന്ത് നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയിലാണ് കോടതി നിര്‍ദ്ദേശ പ്രകാരം യുവതിയെ ഹാജരാക്കിയത്.

കടവന്ത്ര ഇന്ദിരഗാന്ധി സഹകരണ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവതിയെ അവിടെ നിന്നാണ് കോടതിയിലെത്തിച്ചത്. കോടതി നിര്‍ദ്ദേശ പ്രകാരം ഹൈക്കോടതിയിലെ ഡോക്ടര്‍മാരെത്തി യുവതിയെ പരിശോധിച്ചു. ആശുപത്രിയിലേക്ക് തിരിച്ചയച്ച യുവതിയെ കോടതിയുടെ ഉത്തരവില്ലാതെ ഡിസ്ചാര്‍ജ് ചെയ്യരുതെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഒക്ടോബര്‍ 30ന് ഹര്‍ജി വീണ്ടും പരിഗണിക്കും.

കോലഞ്ചേരി പുത്തന്‍കുരിശ് സ്വദേശിനിയും ആയുര്‍വേദ ഡോക്ടറുമായ യുവതിയും ശ്രീശാന്തും ജൂലൈ ഏഴിന് വിവാഹം രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതിനിടെ യുവതിയുടെ പിതാവും ശിവസേന നേതാവുമായ സാജു തുരുത്തികുന്നേല്‍ മകളെ കാണാനില്ലെന്ന് കാട്ടി പുത്തന്‍കുരിശ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. ഇക്കാരണത്താല്‍ യുവതിയും ശ്രീശാന്തും ജൂലൈ പത്തിന് പുത്തന്‍കുരിശ് പൊലീസ് സ്റ്റേഷനില്‍ ഹാജരായി. അതേ ദിവസം തന്നെ യുവതിയെ കോലഞ്ചേരി മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി.

വിവാഹം കഴിഞ്ഞെന്നും ഭര്‍ത്താവിനൊപ്പം പോകാനാണ് താല്‍പ്പര്യമെന്നും യുവതി മജിസ്ട്രേറ്റിനെ അറിയിച്ചു. യുവതിയെ യുവാവിനോടൊപ്പം പോകാന്‍ അനുവദിച്ചു. വൈകിട്ട് നാലരയോടെ ശ്രീശാന്തിനും മാതാപിതാക്കള്‍ക്കും ഒപ്പം ആലപ്പുഴയിലേക്ക് പുറപ്പെട്ട യുവതിയെ തിരുവാങ്കുളത്ത് വച്ച് ശിവസേന നേതാവും യുവതിയുടെ പിതാവുമായ സാജു തുരുത്തികുന്നേലും സംഘവും തട്ടികൊണ്ടുപോയതായാണ് പരാതി. ഇതിനെ തുടര്‍ന്നാണ് ശ്രീശാന്ത് ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കിയത്.

ഈ മാസം 21ന് യുവതിയെ ഹാജരാക്കണമെന്ന് കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍, ആ ദിവസം ഹൈക്കോടതിയിലേക്ക് വരുന്ന വഴി യുവതിക്ക് വയറുവേദന അനുഭവപ്പെട്ടെന്നും കടവന്ത്ര ഇന്ദിരഗാന്ധി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും കോടതിയെ അറിയിച്ചു. ആശുപത്രി അധികൃതരുടെ വിശദീകരണവും അന്ന് കോടതി തേടിയിരുന്നു.

കിടത്തി ചികിത്സ ആവശ്യമാണെന്നായിരുന്നു ആശുപത്രി അധികൃതര്‍ അറിയിച്ചത്. തുടര്‍ന്ന് 23ന് ഹാജരാകണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. എംആര്‍ഐ സ്‌കാനിങ്ങിന്റെ പോരില്‍ അന്നും യുവതിയെ ഹാജരാക്കിയില്ല. തുടര്‍ന്ന് ആശുപത്രി മെഡിക്കല്‍ സൂപ്രണ്ടിനോട് നേരിട്ട് ഹാജരാകാനും യുവതിയെ ഹാജരാക്കാനും കോടതി നിര്‍ദ്ദേശിച്ചു. ഇതേ തുടര്‍ന്നാണ് ചൊവ്വാഴ്ച യുവതിയെ അബോധാവസ്ഥയില്‍ ആംബുലന്‍സില്‍ ഹാജരാക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here