സര്‍ക്കാറിനെ വിമര്‍ശിക്കുന്നവരെ സംവരണത്തെ കുറിച്ച് നിങ്ങള്‍ ഇതെല്ലാം അറിഞ്ഞിരിക്കണം: അഡ്വ. ടികെ സുരേഷ്

“ഞാൻ” എന്നു പോലും പറയാൻ അവകാശമില്ലാതെ, നിവർന്നു നിൽക്കാനാകാതെ, മുട്ടിലിഴഞ്ഞിരുന്ന ഒരു ജനതയെ,
നട്ടെല്ലുവളയ്ക്കാതെ, നെഞ്ചു വിരിച്ച് നിവർന്നു നിൽക്കാൻ പ്രാപ്തമാക്കിയ കമ്മ്യൂണിസ്റ്റ് ഇടതുപക്ഷ പ്രസ്ഥാനങ്ങളും സി.പി.ഐ.എമ്മും, പുതിയ സംവരണതത്വങ്ങളിലൂടെ അതേ ജനതയുടെ ആനുകൂല്യങ്ങൾ തട്ടിപ്പറിക്കയാണെന്ന് ആരെ തെറ്റിദ്ധരിപ്പിക്കാനായാണ് ചില കമ്മ്യൂണിസ്റ്റ് വിരുദ്ധർ പാഴ്പ്പാട്ട് പാടിക്കൊണ്ടേയിരിക്കുന്നത്..!!

CPI(M) എന്ന പാർട്ടിയോ ആ പാർട്ടി രാഷ്ട്രീയനേതൃത്വം കൊടുക്കുന്ന കേരളത്തിലെ LDF സർക്കാറോ ഒരു പിന്നോക്ക സമുദായത്തിൻ്റെയും ഒരു സംവരണവും ഇന്നേ വരെ അട്ടിമറിച്ചിട്ടില്ല. ഇനി അട്ടിമറിക്കയുമില്ല. പണിയിടങ്ങളിൽ മൃഗതുല്യരായി ജോലി ചെയ്തിരുന്ന പിന്നോക്ക ദളിത് വിഭാഗങ്ങൾക്ക്, തലചായ്ക്കുന്ന കൂരയിൽ നിന്ന് കുടിയിറക്കപ്പെടാതിരിക്കാൻ , കുടിയിറക്കൽ നിരോധന ഓർഡിനൻസ് ഇറക്കുകയും,പാവപ്പെട്ട കർഷക തൊഴിലാളിക്കും കുടിയാനും ഭൂമിയിൽ ഉടമസ്ഥാവകാശം ലഭിക്കാൻ, ഭൂപരിഷ്കരണ നിയമം നടപ്പിലാക്കുകയും ചെയ്ത ,1957 ലെ കമ്യൂണിസ്റ്റ് സര്‍ക്കാറിന് നേതൃത്വം നൽകിയ സ: ഇ.എം.എസ്സിൻ്റെ പാർട്ടിയെയാണ് ഇവർ പിന്നോക്ക വിരുദ്ധരെന്ന് ചാപ്പ കുത്താൻ ശ്രമിക്കുന്നത്.

പക്ഷേ ഇവർ ഒന്നറിയണം.. പിന്നോക്കമെന്നോ മുന്നോക്കമെന്നോ വ്യത്യാസമില്ലാതെ CPI(M) എന്നും മനുഷ്യരാശിക്കൊപ്പമായിരുന്നു..
വിശിഷ്യാ അവശതയനുഭവിക്കുന്ന ജനവിഭാഗങ്ങൾക്കൊപ്പമായിരുന്നു .. അന്നും ഇന്നും അത് മാറ്റമില്ലാതെ തുടരുകയുമാണ്.
പിന്നോക്ക വിഭാഗത്തിന് നിലവിലുള്ള സംവരണം നിർത്തലാക്കണമെന്നും , സംവരണമെന്നത് ഒരു പ്രാകൃതരീതിയാണെന്നും പലരും തീവ്രമായി വാദിക്കുമ്പോഴും , മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളിൽ പലതും നിലപാടുകൾ വ്യക്തമാക്കാതെ സ്വന്തം വോട്ട് ബാങ്കിൻ്റെ സുരക്ഷിതത്വം ഉറപ്പാക്കുമ്പോഴും, സംവരണ വിഷയത്തിൽ CPI(M) ൻ്റെ നിലപാട് എപ്പോഴും സുവ്യക്തമായിരുന്നു.
സംവരണ വിഷയത്തില്‍ മൂന്ന് അടിസ്ഥാന നിലപാടുകളാണ് CPI(M) സ്വീകരിച്ചിരുന്നത്. അതിൻ്റെ സത്ത ഇതാണ് .

1) പട്ടികജാതി- പട്ടികവര്‍ഗ്ഗ വിഭാഗത്തിൽ പെട്ടവര്‍ക്ക് ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്യുന്ന നിലവിലുള്ള സംവരണം അതുപോലെ തുടരണം. അതായത് യുഗങ്ങളായി അടിച്ചമർത്തപ്പെട്ട് ജീവിച്ചു വന്ന ഒരു വലിയ ജനവിഭാഗത്തിന് തല ഉയർത്തി നിൽക്കാൻ പ്രാപ്തമാക്കിയതിൽ വലിയ പങ്കുവഹിക്കുന്ന സംവരണമെന്ന സുരക്ഷാ കവചം അഴിച്ചുമാറ്റിക്കൂടാ..

2) മറ്റു പിന്നോക്ക വിഭാഗത്തില്‍പ്പെട്ട പാവപ്പെട്ടവര്‍ക്ക് സംവരണത്തില്‍ പ്രഥമപരിഗണന നല്‍കണം. പാവപ്പെട്ടവരില്ലെങ്കില്‍ ആ വിഭാഗത്തിലെതന്നെ സമ്പന്ന വിഭാഗത്തെ പരിഗണിക്കണം. ഇത് അതത് സമുദായത്തിന് ലഭിച്ചുവരുന്ന സംവരണം നിലനിര്‍ത്തുന്നതിന് അനിവാര്യമാണ്. അതായത് ഭരണഘടന വിഭാവനം ചെയ്യുന്ന നിലവിലെ സാമുദായിക സംവരണം ഒരു നിലയ്ക്കും അട്ടിമറിച്ചുകൂട .

3) മുന്നോക്ക വിഭാഗത്തില്‍പ്പെട്ടതും , എന്നാൽ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നതുമായ ജനവിഭാഗത്തിന് പത്തുശതമാനത്തില്‍ കൂടാത്ത സാമ്പത്തിക സംവരണം ഏർപ്പെടുത്തണം .

അതായത് മുന്നോക്ക ജാതിയിൽ ജനിച്ചു പോയതും , എന്നാൽ സാമ്പത്തികമായി വളരെ പിന്നോക്കം നിൽക്കുന്നതിനാൽ ഏറെ ജീവിത പ്രയാസങ്ങൾ അനുഭവിക്കുന്നതുമായ ഒരു ജനസമൂഹം നമുക്കിടയിലുണ്ട്. അവരെയും നാം കൈ പിടിച്ചുയർത്തേണ്ടതുണ്ട്. അങ്ങിനെയുള്ളവർക്ക് സംവരണം ലഭ്യമാക്കാനുള്ള ഭരണഘടനാ ഭേദഗതി എന്നോ ആവശ്യപ്പെട്ട പാർട്ടിയാണ് CPI(M). പിന്നോക്ക വിഭാഗങ്ങൾക്കുള്ള സംവരണത്തെ അട്ടിമറിക്കുക എന്ന സംഘപരിവാര്‍ നിലപാടല്ല CPI(M) നുളളത്. മുന്നോക്ക ജാതിയിൽ ജനിച്ചു പോയതു കൊണ്ടു മാത്രം ഒരാളും ഒരു സാമൂഹ്യ സുരക്ഷിതത്വവും അർഹിക്കുന്നില്ല എന്ന നേരേ മറിച്ചുള്ള നിലപാടും പാർട്ടിക്കില്ല.

അതു കൊണ്ടു തന്നെയാണ് സംവരണ വിഷയത്തിൽ ധീരമായ നിലപാടുമായി മുന്നോട്ടു പോകാൻ CPI(M) നേതൃത്വം നൽകുന്ന കേരളത്തിലെ LDF സർക്കാർ തയ്യാറായത് നിലവിൽ പട്ടികജാതി-പട്ടികവർഗക്കാർക്കും മറ്റു പിന്നോക്ക സമുദായങ്ങൾക്കുമായി 50% സംവരണമാണ് നിലനിൽക്കുന്നത്. ഇതിൽ 1% പോലും കുറവു വരുത്താതെ, നിലവിൽ സംവരണത്തിൻ്റെ ആനുകൂല്ല്യങ്ങൾ അനുഭവിക്കുന്ന ഒരു വിഭാഗത്തെയും ഒരു വിധത്തിലും ബാധിക്കാതെയാണ് പൊതു വിഭാഗത്തിൻ്റേതായ 50% ത്തിൽ നിന്ന് 10% നീക്കിവെച്ച് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന മുന്നോക്ക വിഭാഗങ്ങൾക്കുള്ള സാമ്പത്തിക സംവരണം ഏർപ്പെടുത്തുന്നത്.
ജാതീയമായി ഉയർന്നതായി കണക്കാക്കപ്പെടുന്ന വിഭാഗത്തിൽ ജനിച്ചു പോയതുകൊണ്ട് മാത്രം ഒരു വ്യക്തി അദ്ദേഹത്തിൻ്റെ സാമ്പത്തിക പിന്നോക്കാവസ്ഥ സഹിച്ചു കൊള്ളണമെന്നാണോ
ഇതിനെതിരു നിൽക്കുന്നവരുടെ വാദം ?

അതോ സംവരണമെന്നത് ജാതീയമായി മാത്രം നിലനിർത്തണമെന്നതാണോ ??

മുന്നോക്ക വിഭാഗത്തിലെ പിന്നോക്കക്കാരൻ്റെ അവസ്ഥയെ എങ്ങിനെ നേരിടണമെന്ന്, ഭരണഘടനയിൽ പിന്നോക്ക വിഭാഗങ്ങൾക്കുള്ള സംവരണം ഉറപ്പുവരുത്തപ്പെട്ട കാലം മുതലുള്ള ചർച്ചയായിരുന്നു. പിന്നോക്കക്കാർക്കുള്ള സംവരണം തന്നെ ഭരണഘടനയിൽ നിന്നും നീക്കം ചെയ്യണമെന്നാണ് അന്നു മുതലേ ചില സവർണ്ണചിന്താഗതിക്കാർ ശക്തമായി ആവശ്യപ്പെട്ടിരുന്നത്.
ഇന്നും ചിലർ അങ്ങിനെ ആവശ്യപ്പെട്ടു വരുന്നു ..

കമ്മൂണിസ്റ്റുകൾക്ക് അന്നും ഇന്നും ഈ വിഷയത്തിൽ വ്യക്തമായ നിലപാടുകളുണ്ടായിരുന്നു.
അത് സാമൂഹ്യമായി പിന്നോക്കം നിൽക്കുന്നവരെയും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരെയും ഒരു പോലെ ജീവിത നിലവാരം ഉയർത്തി മുന്നോട്ടു നയിക്കണമെന്ന നിലപാടായിരുന്നു .
സർക്കാർ സർവ്വീസുകളിലേക്ക് 10% സാമ്പത്തിക സംവരണം നടപ്പിലാക്കാൻ സംവരണത്തിന്റെ ഉയര്‍ന്ന പരിധിയായി 50 ശതമാനം നിജപ്പെടുത്തണമെന്ന
Indra Sawhney & Others V/s.Union of India & others (AIR 1993 SC 477) എന്ന കേസിലെ സുപ്രീം കോടതി മുന്നോട്ടുവെച്ച
വ്യവസ്ഥകളും മറ്റും തടസ്സമായി നിന്നു ..
സർക്കാർ സർവ്വീസുകളിൽ 10% സാമ്പത്തിക സംവരണം നടപ്പിലാക്കാൻ ഭരണഘടനയിൽ ഭേദഗതിയും ആവശ്യമായിരുന്നു .
എന്നാൽ ഭരണഘടനാ ഭേദഗതി ആവശ്യമില്ലാത്ത കേരളത്തിലെ ദേവസ്വം ബോര്‍ഡുകളില്‍ ഈ സംവരണനയം നടപ്പാക്കുന്നതിന് നിയമപരമായ തടസ്സങ്ങളില്ലാത്തതു കൊണ്ടു തന്നെ ദേവസ്വം ബോര്‍ഡില്‍ മുന്നോക്ക സമുദായത്തിലെ പിന്നോക്കക്കാര്‍ക്ക് പത്തുശതമാനം സംവരണം ഏര്‍പ്പെടുത്തുവാൻ LDF സർക്കാർ ധീരമായ നടപടികളാരംഭിച്ചു ..
PSC മുഖാന്തിരമുള്ള സർക്കാർ നിയമനങ്ങളില്‍ മുസ്ലീം- ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്ക് 18% മാണ് സംവരണമുള്ളത്.
ദേവസ്വം ബോർഡിലേക്കുള്ള നിയമനത്തില്‍ അഹിന്ദുക്കൾക്ക്
അവസരമില്ലാത്തതിനാൽ
ഈ 18% ത്തിൽ, 10%
സംവരണം മുന്നോക്കക്കാരിലെ പിന്നോക്കക്കാര്‍ക്ക് നീക്കിവെക്കാൻ LDF സർക്കാർ തയ്യാറായി.
മാത്രമല്ല ഇതിൽ ബാക്കി വരുന്ന
8% കൂടി പിന്നോക്ക- ദളിത് വിഭാഗത്തില്‍പ്പെട്ടവർക്കായി നീക്കിവെച്ച് അവരുടെ സംവരണം 10% ത്തിൽ നിന്നും 18% ആക്കി ഉയർത്തുകയാണ് LDF സർക്കാർ ചെയ്തത്
ഭരണഘടനയുടെ ആർട്ടിക്കിൾ 15(6)ആർട്ടിക്കിൾ 16(6) എന്നിവയിൽ ഭേദഗതി വരുത്തുന്ന ഭരണഘടനയുടെ 124-ആം ദേദഗതിയായ,
മുന്നോക്ക വിഭാഗത്തില്‍പ്പെട്ട, സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ജനവിഭാഗങ്ങൾക്ക്
ഗവൺമെൻ്റ് ജോലികളിൽ 10% സംവരണം നൽകാനുള്ള EWS ബില്ല് (The Economic Weaker Section Reservation Bill)
കേന്ദ്ര മന്ത്രിസഭ 07-01-2019 നാണ് അംഗീകരിച്ചത് .
തുടർന്ന് ലോകസഭയിൽ 08-01 – 2019 നും രാജ്യസഭയിൽ 09-01-2019 നും ഈ ബിൽ പാസ്സാവുകയുണ്ടായി .
2019 ജനുവരി 12 ന് ഇതിന് പ്രസിഡണ്ടിൻ്റെ അംഗീകാരവും ലഭിച്ചു .
അങ്ങിനെ ബിൽ നിയമമായി
തുടർന്നാണ് കേരള സർക്കാർ
സംവരണത്തിന്‌ അർഹതയില്ലാതിരുന്ന ജനറൽ വിഭാഗത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് സർക്കാർ ജോലികളിൽ 10% സംവരണം നടപ്പാക്കുന്നതിനായി KSSR ലെ (കേരള സ്റ്റേറ്റ് ആൻഡ് സബോർഡിനേറ്റ് സർവീസസ് റൂൾസ്) സംവരണത്തെ സംബന്ധിക്കുന്ന ചട്ടങ്ങളിൽ ഭേദഗതി വരുത്താൻ തീരുമാനമെടുക്കുന്നത്.
അതും സർക്കാർ ഏകപക്ഷീയമായി തീരുമാനമെടുത്തതല്ല.
റിട്ടയേഡ് ജഡ്ജി ശ്രീ: കെ ശശിധരൻനായർ ചെയർമാനും അഡ്വ. കെ രാജഗോപാലൻനായർ അംഗവുമായുള്ള കമീഷനെ ഈ വിഷയം പഠിക്കാൻ നിയമിക്കുകയും ആ കമ്മീഷൻ്റെ ശുപാർശകൾ പരിഗണിച്ചു കൊണ്ട് ഇതിനായുള്ള മാനദണ്ഡങ്ങൾ ശാസ്ത്രീയമായി നിശ്ചയിക്കുകയുമാണ് ചെയ്തത്.
ഇത് തികച്ചും സുതാര്യമായിരിക്കയും ചെയ്യും.
സർക്കാർ വിജ്ഞാപനം പുറപ്പെടുവിക്കുന്ന തീയതിമുതൽ ഇതിന് നിയമ പ്രാബല്യവുമുണ്ടായിരിക്കും.
സത്യ സ്ഥിതി അറിഞ്ഞിട്ടും രാഷ്ട്രീയ ലാഭത്തിനായി മുറവിളി കൂട്ടുന്നവരോട് തർക്കത്തിനില്ല ..
അവർ സി.പി.എം.വിരുദ്ധ സമരങ്ങളുടെ
പുതിയ മേച്ചിൽപ്പുറങ്ങൾ തേടുകയാണ് ..
പക്ഷേ.. തെറ്റിദ്ധരിക്കപ്പെട്ട് LDF സർക്കാറിനെതിരെ പ്രക്ഷോഭങ്ങളുയർത്തുന്നവർ
മനസ്സിലാക്കേണ്ടത് ചിലതു മാത്രമാണ്.
നിലവിൽ പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗത്തിൽ പെട്ടവർക്കും മറ്റു പിന്നോക്ക സമുദായങ്ങൾക്കുമായി നൽകപ്പെടുന്ന 50% സംവരണത്തിൽ നിന്ന് 1% പോലും കുറവു വരുത്താതെയാണ് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന മുന്നോക്ക വിഭാഗങ്ങൾക്കുള്ള 10% സാമ്പത്തിക സംവരണം ഏർപ്പെടുത്തുന്നത്.
ഇത് നിലവിലെ സാമുദായിക സംവരണത്തെ അട്ടിമറിക്കലല്ല
മുന്നോക്ക ജാതിയിൽ ജനിച്ചു പോയതു കൊണ്ടു മാത്രം സാമ്പത്തിക ക്ലേശ മനുഭവിക്കുന്ന ഒരു വിഭാഗത്തിന് ഒരു ആനുകൂല്ല്യത്തിനുമുള്ള അർഹതയുമില്ല എന്ന ചിന്ത അരുത്.
40 % തസ്തികകൾ ഏവർക്കും ഒരുപോലെ പ്രാപ്യമായ രീതിയിൽ ജനറൽ വിഭാഗത്തിൽ നിലനിൽക്കുന്നുണ്ട്.
നിലവിൽ പട്ടികജാതി-പട്ടികവർഗക്കാർക്കും മറ്റു പിന്നോക്ക സമുദായങ്ങൾക്കുമായുള്ള സംവരണം വിഭാവനം ചെയ്യുന്ന അതേ ഭരണഘടന തന്നെയാണ് ഇപ്പോൾ ഈ സംവരണവും വിഭാവനം ചെയ്യുന്നത്.
മറ്റു പല രാഷ്ട്രീയ പാര്‍ടികളില്‍നിന്നും വ്യത്യസ്തമായി സംവരണ പ്രശ്നത്തെ ഒരർത്ഥത്തിൽ വര്‍ഗസമരത്തിന്റെ ഭാഗമായിത്തന്നെയാണ് കമ്യൂണിസ്റ്റ് പാര്‍ട്ടികൾ കാണുന്നത്.
സംവരണം കൊണ്ടുമാത്രം ജനങ്ങൾ അനുഭവിക്കുന്ന
തൊഴിലില്ലായ്മക്കും ദാരിദ്ര്യത്തിനും കുറവു വരുമെന്ന മൂഢവിശ്വാസമൊന്നും ഇടതുപക്ഷക്കാർക്കില്ല
പക്ഷേ നിലവിലെ സാഹചര്യത്തിൽ യുഗാന്തരങ്ങളായി സാമൂഹ്യമായ പിന്നോക്കാവസ്ഥയിലായിരുന്ന ജനവിഭാഗങ്ങളെ, സമൂഹത്തിൻ്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനും , സാമ്പത്തികമായി ഗുരുതരമായ ക്ലേശമനുഭവിക്കുന്ന ജനവിഭാഗങ്ങളെ കൈ പിടിച്ചു കയറ്റാനും സംവരണം അനിവാര്യമാണ്.
സ്വകാര്യ മേഖലയിലും സംവരണം വേണമെന്ന് ആത്മാർത്ഥമായി ആവശ്യപ്പെട്ടിട്ടുള്ള മറ്റേത് രാഷ്ട്രീയ പ്രസ്ഥാനമാണുള്ളത്..?
CPI(M) അല്ലാതെ ..?
LDF സർക്കാറിൻ്റെ സംവരണ നയത്തെ എതിർക്കുന്നവരെ ഒന്നു സൂക്ഷിച്ചു നോക്കൂ ..
അവർ സംവരണമേ ഇല്ലാത്ത സ്വകാര്യ മേഖലയെ എതിർക്കുന്നതേ ഇല്ല…
ഇവരാരും നിലവിലെ സംവരണതത്വങ്ങളെ പൂർണ്ണമായും അട്ടിമറിക്കുന്ന , പൊതുമേഖലയുടെ വിറ്റുതുലയ്ക്കലിനെയോ സ്വകാര്യവൽക്കരണത്തെയോ ചെറുക്കുന്നതേ ഇല്ല .
പിന്നോക്ക സംവരണം തന്നെ എടുത്തു കളയണമെന്ന് സ്വപ്നം കാണുന്ന സവർണ്ണ രാഷ്ട്രീയത്തെ ഒരു വാക്കു കൊണ്ടു പോലും നോവിക്കുന്നതേ ഇല്ല ..
മതാടിസ്ഥാനത്തിലുള്ള ന്യൂനപക്ഷ പദവി എടുത്തുകളയണമെന്നും അവർക്കുള്ള സംവരണം നിർത്തലാക്കണമെന്നും വാദിക്കുന്ന RSS നെയും, ഹിന്ദുവർഗ്ഗീയ സംഘടകളെയും ഈ സംവരണ വിരുദ്ധ സമരത്തിൽ സജീവമായ മുസ്ലീം ലീഗും മറ്റും ഒട്ടും വെറുക്കുന്നതേ ഇല്ല ..
ഇവരെ നമുക്കു പഠിക്കാം.. മനസ്സിലാക്കാം ..
പക്ഷേ ..
ഇവർക്കൊപ്പം നിൽക്കുന്നവർ..
ഇവരുടെ വാക്കുകൾ കേട്ട് പ്രക്ഷോഭങ്ങൾക്കിറങ്ങുന്നവർ ..
അവർ എവിടെ നിന്നു പഠിക്കാൻ .. എന്തുമനസ്സിലാക്കാൻ ..?
ടി.കെ.സുരേഷ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News