കള്ളപ്പണം വെളുപ്പിക്കൽ കേസ്; വി കെ ഇബ്രാഹിം കുഞ്ഞിനെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മുൻ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. ചന്ദ്രിക ദിനപ്പത്രത്തിൻ്റെ അക്കൗണ്ട് വഴി 10 കോടിരൂപ വെളുപ്പിച്ചുവെന്ന ആരോപണത്തെ സംബന്ധിച്ചായിരുന്നു ചോദ്യം ചെയ്യൽ. രണ്ട് മണിക്കൂർ ചോദ്യം ചെയ്തതിനു ശേഷം ഇബ്രാഹിം കുഞ്ഞിനെ വിട്ടയച്ചെങ്കിലും വീണ്ടും വിളിപ്പിക്കുമെന്ന് ഇ ഡി വൃത്തങ്ങൾ അറിയിച്ചു.

കള്ളപ്പണം വെളുപ്പിച്ചെന്ന കേസിൽ മുൻ മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞിനെ കൊച്ചിയിലെ എൻഫോഴ്സ്മെൻറ് ഓഫീസിലേയ്ക്ക് വിളിച്ചു വരുത്തിയാണ് ചോദ്യം ചെയ്തത്. നോട്ടുനിരോധനക്കാലത്ത് കൊച്ചിയിലെ രണ്ട് ബാങ്ക് അക്കൗണ്ടുകള്‍ വഴി 10 കോടിയുടെ കള്ളപ്പണം ഇബ്രാഹിംകുഞ്ഞ് ചന്ദ്രിക ദിനപത്രത്തിന്റെ അക്കൗണ്ടിലേക്ക് നിക്ഷേപിച്ചെന്ന കേസിലായിരുന്നു ചോദ്യംചെയ്യൽ. പിന്നീട് ഈ പണം ഇബ്രാഹിംകുഞ്ഞ് സ്വന്തം അക്കൗണ്ടിലേക്ക് മാറ്റി എന്നും ആരോപണം ഉയർന്നിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി കളമശ്ശേരി സ്വദേശി ഗിരീഷ് ബാബു ഹൈക്കോടതിയെ സമീപിച്ചിരുന്നു.

പാലാരിവട്ടം പാലം അഴിമതിയുമായി ബന്ധപ്പെട്ട് ലഭിച്ച പണമാണ് ഇത്തരത്തിൽ വെളുപ്പിച്ചതെന്നും ഗിരീഷ് ബാബു പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. പാലാരിവട്ടം പാലം അഴിമതി കേസ് വിജിലൻസ് അന്വേഷിക്കുന്നതോടൊപ്പം ഇക്കാര്യവും അന്വേഷിക്കണമെന്ന് ഗിരീഷ് ബാബു ആവശ്യപ്പെട്ടിരുന്നു. ഇതെത്തുടർന്ന് കേസിൽ കക്ഷി ചേർക്കപ്പെട്ട എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് അന്വേഷണം ആരംഭിക്കുകയായിരുന്നു.

ഇന്നത്തെ ചോദ്യം ചെയ്യൽ രണ്ട് മണിക്കൂർ കൊണ്ട് അവസാനിപ്പിച്ചെങ്കിലും ഇനിയും ചോദ്യം ചെയ്യലിന് ഹാജരാകേണ്ടി വരുമെന്ന് ഇബ്രാഹിം കുഞ്ഞ് തന്നെ മാധ്യമങ്ങളോട് വ്യക്തമാക്കി. കേസിൽ ഇ ഡി നേരത്തെ, പരാതിക്കാരനായ ഗിരീഷ് ബാബുവിൻ്റെ മൊഴിയെടുത്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here