കള്ളപ്പണം വെളുപ്പിക്കല്‍: വി കെ ഇബ്രാഹിം കുഞ്ഞിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു

കൊച്ചി: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മുന്‍ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. ചന്ദ്രിക ദിനപ്പത്രത്തിന്റെ അക്കൗണ്ട് വഴി 10 കോടിരൂപ വെളുപ്പിച്ചുവെന്ന ആരോപണത്തെ സംബന്ധിച്ചായിരുന്നു ചോദ്യം ചെയ്യല്‍. രണ്ട് മണിക്കൂര്‍ ചോദ്യം ചെയ്തതിനു ശേഷം ഇബ്രാഹിം കുഞ്ഞിനെ വിട്ടയച്ചെങ്കിലും വീണ്ടും വിളിപ്പിക്കുമെന്ന് ഇ ഡി വൃത്തങ്ങള്‍ അറിയിച്ചു.

കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ മുന്‍ മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞിനെ കൊച്ചിയിലെ എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസിലേയ്ക്ക് വിളിച്ചു വരുത്തിയാണ് ചോദ്യം ചെയ്തത്. നോട്ടുനിരോധനക്കാലത്ത് കൊച്ചിയിലെ രണ്ട് ബാങ്ക് അക്കൗണ്ടുകള്‍ വഴി 10 കോടിയുടെ കള്ളപ്പണം ഇബ്രാഹിംകുഞ്ഞ് ചന്ദ്രിക ദിനപത്രത്തിന്റെ അക്കൗണ്ടിലേക്ക് നിക്ഷേപിച്ചെന്ന കേസിലായിരുന്നു ചോദ്യംചെയ്യല്‍. പിന്നീട് ഈ പണം ഇബ്രാഹിംകുഞ്ഞ് സ്വന്തം അക്കൗണ്ടിലേക്ക് മാറ്റി എന്നും ആരോപണം ഉയര്‍ന്നിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി കളമശ്ശേരി സ്വദേശി ഗിരീഷ് ബാബു ഹൈക്കോടതിയെ സമീപിച്ചിരുന്നു.

പാലാരിവട്ടം പാലം അഴിമതിയുമായി ബന്ധപ്പെട്ട് ലഭിച്ച പണമാണ് ഇത്തരത്തില്‍ വെളുപ്പിച്ചതെന്നും ഗിരീഷ് ബാബു പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. പാലാരിവട്ടം പാലം അഴിമതി കേസ് വിജിലന്‍സ് അന്വേഷിക്കുന്നതോടൊപ്പം ഇക്കാര്യവും അന്വേഷിക്കണമെന്ന് ഗിരീഷ് ബാബു ആവശ്യപ്പെട്ടിരുന്നു. ഇതെത്തുടര്‍ന്ന് കേസില്‍ കക്ഷി ചേര്‍ക്കപ്പെട്ട എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം ആരംഭിക്കുകയായിരുന്നു.

ഇന്നത്തെ ചോദ്യം ചെയ്യല്‍ രണ്ട് മണിക്കൂര്‍ കൊണ്ട് അവസാനിപ്പിച്ചെങ്കിലും ഇനിയും ചോദ്യം ചെയ്യലിന് ഹാജരാകേണ്ടി വരുമെന്ന് ഇബ്രാഹിം കുഞ്ഞ് തന്നെ മാധ്യമങ്ങളോട് വ്യക്തമാക്കി. കേസില്‍ ഇ ഡി നേരത്തെ, പരാതിക്കാരനായ ഗിരീഷ് ബാബുവിന്റെ മൊഴിയെടുത്തിരുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here