ചാമ്പ്യന്‍സ് ലീഗ് ഫുട്ബോള്‍: ബാഴ്സ ഇന്ന് യുവന്റസിനോട്

അലിയാന്‍സ് അരീനയില്‍ ഇന്ന് ചൂടന്‍ പോരട്ടം. ലയണല്‍ മെസിയുടെ ബാഴ്സലോണ യുവന്റസിനെ നേരിടും. കോവിഡ് ബാധിതനായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇല്ലാതെയാണ് യുവന്റസ് സ്വന്തംതട്ടകത്തില്‍ പന്തുതട്ടാനിറങ്ങുന്നത്.

ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളിലെ ആദ്യ കളികള്‍ ഇരുവരും ജയിച്ചിരുന്നു. മറ്റ് മത്സരങ്ങളില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ആര്‍ബി ലെയ്പ്സിഗിനെയും ബൊറൂസിയ ഡോര്‍ട്ട്മുണ്ട് സെനിറ്റിനെയും നേരിടും. പിഎസ്ജിക്ക് ഇസ്താംബുള്‍ ബസാകെഹിറാണ് എതിരാളി. ചെല്‍സി റഷ്യന്‍ ടീം ക്രാസ്നോഡര്‍ എഫ്സിയുമായി ഏറ്റുമുട്ടും.

എല്‍ ക്ലാസികോയില്‍ റയല്‍ മാഡ്രിഡിനോട് തോറ്റ ക്ഷീണവുമായാണ് ബാഴ്സ ഇറ്റലിയില്‍ എത്തുന്നത്. റയലിനെതിരെ ടീമാകെ നിറംകെട്ടു. പരിക്കേറ്റ് ഫിലിപ്പ് കുടീന്യോ പുറത്തായത് പരിശീലകന്‍ റൊണാള്‍ഡ് കൂമാന് തലവേദനയാകും. പെഡ്രി, അന്‍സു ഫാറ്റി എന്നീ യുവരക്തങ്ങള്‍ ആദ്യ ഇലവനില്‍ കളിക്കും. മെസി തന്നെയാണ് ശ്രദ്ധാകേന്ദ്രം. നെറ്റൊ ഗോള്‍വല കാക്കും.

ജെറാര്‍ഡ് പിക്വെ സസ്പെന്‍ഷനിലാണ്. മറുവശം യുവന്റസിനും നല്ലകാലമല്ല. ഇറ്റാലിയന്‍ ലീഗില്‍ ജയിക്കാനാകുന്നില്ല അവര്‍ക്ക്. കളിച്ച അഞ്ചില്‍ രണ്ടില്‍മാത്രം ജയിച്ചു. മൂന്ന് സമനില. അവസാന കളിയില്‍ ഹെല്ലാസ് വെറോണയോടും വഴങ്ങി.

റൊണാള്‍ഡോയുടെ അഭാവം തിരിച്ചടിയാണ്. ജോര്‍ജിയോ കില്ലെനി, അലക്സ് സാന്‍ഡ്രോ എന്നിവര്‍ പരിക്കിന്റെ പിടിയിലാണ്. പൗലോ ഡിബാലയും അല്‍വാരോ മൊറാട്ട എന്നിവര്‍ മുന്നേറ്റം നയിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here