
സ്പാനിഷ് ക്ലബ് എഫ്‌സി ബാഴ്‌സലോണ പ്രസിഡന്റ് ജോസഫ് മരിയ ബാര്‍തോമ്യു സ്ഥാനം രാജിവച്ചു. ബാര്‍തോമ്യുവിനെതിരെ അവിശ്വാസ പ്രമേയത്തിനുള്ള നീക്കം നടക്കുന്നതിനിടെയാണ് രാജി.
പ്രസിഡന്റിനൊപ്പം ബോര്‍ഡ് അംഗങ്ങള്‍ എല്ലാം രാജിവച്ച് ഒഴിഞ്ഞു. ബര്‍തോമ്യുവിനെതിരെ ക്ലബ് ഇതിഹാസം ലയണല്‍ മെസി നടത്തിയ പരാമര്‍ശങ്ങള്‍ വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.
”ചാംപ്യന്‍സ് ലീഗ് തോല്‍വിക്ക് ശേഷം ചെയ്യാവുന്ന എളുപ്പമുള്ള കാര്യമായിരുന്നു സ്ഥാനമൊഴിയല്‍. എന്നാല്‍ കൊവിഡ് കാരണമുള്ള ആഗോള പ്രതിസന്ധിയില്‍ ഫുട്ബോള്‍ ലോകം അനിശ്ചിതത്വത്തിലായപ്പോള്‍ ക്ലബിനെ വിട്ടിട്ടുപോകുന്നത് ശരിയല്ലെന്ന് തോന്നി. ഏറെ ആലോചിച്ചെടുത്ത തീരുമാനമാണ് ഇത്”- രാജി പ്രഖ്യാപിച്ചു കൊണ്ട് ബര്‍തോമ്യു പറഞ്ഞു. 2014 -ല്‍ സാന്ദ്രോ റോസല്‍ ഒഴിഞ്ഞ പ്രസിഡന്റ് പദവിയാണ് ജോസഫ് മരിയ ബര്‍തോമ്യു ഏറ്റെടുത്തത്.
ഏറെക്കാലമായി ബാര്‍തോമ്യു ഉള്‍പ്പെട്ട ബാഴ്‌സ ബോര്‍ഡിനെതിരെ പല വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. ചാമ്പ്യന്‍സ് ലീഗില്‍ ജര്‍മ്മന്‍ ക്ലബ് ബയേണ്‍ മ്യൂണിക്കിനോട് 2-8 എന്ന ഭീമമായ സ്‌കോറിന് പരാജയപ്പെട്ടതും ലയണല്‍ മെസി ക്ലബ് വിടാന്‍ താത്പര്യം പ്രകടിപ്പിച്ചതും ഇത് വഷളാക്കി. ഇതേ തുടര്‍ന്നാണ് ബാര്‍തോമ്യുവിനെതിരെ അവിശ്വാസ പ്രമേയത്തിനുള്ള നീക്കം നടന്നത്. അവിശ്വാസ പ്രമേയത്തിനുള്ള ഒപ്പ് ശേഖരണം നേരത്തെ പൂര്‍ത്തിയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here