ഐ വി ശശി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടി അന്ന ബെന്‍; സംവിധായകന്‍ മാത്തുക്കുട്ടി സേവ്യര്‍

പ്രശസ്ത സംവിധായകന്‍ ഐ വി ശശിയുടെ സ്മരണാര്‍ഥം സാംസ്‌കാരിക സംഘടനയായ ഫസ്റ്റ് ക്ലാപ്പ് സംഘടിപ്പിച്ച പ്രഥമ ഐ വി ശശി ഫിലിം അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച നവാഗത സംവിധായകന്‍ ‘ഹെലന്‍’ സംവിധാനം ചെയ്ത മാത്തുക്കുട്ടി സേവ്യര്‍ ആണ്. മികച്ച രണ്ടാമത്തെ നവാഗത സംവിധായകനുള്ള പുരസ്‌കാരം ലഭിച്ചത് ‘ഉയരെ’ സംവിധായകന്‍ മനു അശോകനാണ്.

മികച്ച പുതുമുഖ നടിക്കുള്ള പ്രത്യേക പരാമര്‍ശം ലഭിച്ചത് അന്ന ബെന്നിന് ആണ്. കുമ്പളങ്ങി നൈറ്റ്‌സ്, ഹെലന്‍ എന്നീ ചിത്രങ്ങളിലെ പ്രകടനത്തിനാണ് പരാമര്‍ശം. തിരക്കഥാകൃത്ത് ജോണ്‍ പോള്‍, സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ്, നിര്‍മ്മാതാവ് വി ബി കെ മേനോന്‍ എന്നിവരടങ്ങിയ ജൂറിയാണ് വിജയികളെ തിരഞ്ഞെടുത്തത്.

മികച്ച നവാഗത സംവിധായകന് 50,000 രൂപയും കലാസംവിധായകന്‍ നേമം പുഷ്പരാജ് രൂപകല്‍പ്പന ചെയ്ത ശില്‍പവും പ്രശസ്തി പത്രവുമാണ് പുരസ്‌കാരമായി ലഭിക്കുക. രണ്ടാം സ്ഥാനത്തിനര്‍ഹനായ നവാഗത സംവിധായകന് ശില്പവും പ്രശസ്തി പത്രവും ലഭിക്കും. ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിനര്‍ഹയായ നടിക്ക് ലഭിക്കുക കെ ജി ജോര്‍ജ് സെന്റര്‍ ഫോര്‍ സിനിമയുടെ പേരില്‍ നല്‍കുന്ന ശില്‍പവും പ്രശസ്തിപത്രവുമാണ്.

മ്യൂസിക് ആല്‍ബം വിഭാഗത്തില്‍ ഏറ്റവും നല്ല ഗാനരചയിതാവിനുള്ള പുരസ്‌കാരം ‘ഓണമാണ്’ എന്ന ഗാനം എഴുതിയ കവിപ്രസാദ് ഗോപിനാഥിന് ലഭിച്ചു. ബെസ്റ്റ് മ്യൂസിക്ക് ഡയറക്ടര്‍ക്കുള്ള അവാര്‍ഡ് ‘റിത്വ’ എന്ന ആല്‍ബത്തിന്റെ മ്യൂസിക്ക് ഡയറക്ടര്‍ സുദീപ് പാലനാട് കരസ്ഥമാക്കി. ഏറ്റവും നല്ല ആല്‍ബം ഡയറക്ടര്‍ക്കുളള പുരസ്‌ക്കാരം ‘ചന്ദ്രേട്ടായനം’ എന്ന ആല്‍ബത്തിന്റെ ഡയറക്ടര്‍ ആദിത്യ ചന്ദ്രശേഖരനാണ് ലഭിച്ചത്.

കാപ്പിച്ചാന്‍ നിര്‍മ്മിച്ച ‘ഓണമാണ്’ എന്ന ഗാനം ഏറ്റവും നല്ല ആല്‍ബത്തിനുള്ള അവാര്‍ഡ് കരസ്ഥമാക്കി. ക്യാമ്പസ് വിഭാഗത്തില്‍ മികച്ച സംവിധായകനായി കെ ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആന്റ് ആര്‍ട്‌സിലെ ഷജിന്‍ സാം തെരഞ്ഞെടുക്കപ്പെട്ടു. മികച്ച ക്യാമ്പസ് ഷോര്‍ട്ട് ഫിലിമായി കെ ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ത്ഥികള്‍ നിര്‍മ്മിച്ച ‘ഭ്രമണം’ തെരഞ്ഞെടുക്കപ്പെട്ടു. പ്രവാസി വിഭാഗത്തിലെ മികച്ച ഫിലിം ദൗഫല്‍ അന്തിക്കാട് നിര്‍മ്മിച്ച ‘കടലാഴം’ എന്ന ചിത്രമാണ്. മികച്ച പ്രവാസി ഷോര്‍ട്ട് ഫിലിം സംവിധായകനായി ജാന്‍വി എന്ന ഷോര്‍ട്ട് ഫിലിമിന്റെ സംവിധായകന്‍ രഞ്ജീഷ് മുണ്ടയ്ക്കല്‍ തെരഞ്ഞെടുക്കപ്പെട്ടു.

ജനറല്‍ വിഭാഗത്തില്‍ ‘അതിര്’ എന്ന ഷോര്‍ട്ട് ഫിലിമിലെ പ്രകടനത്തിന് നന്ദിതാദാസ് ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിന് അര്‍ഹയായി. മികച്ച നടിയായി മഹാരാഷ്ട്രയില്‍ നിന്നുള്ള സോറി ഫോര്‍ യുവര്‍ ലോസ് എന്ന ഷോര്‍ട്ട് ഫിലിമിലെ അഭിനയത്തിന് വീരാ ദസ്തൂരി തെരഞ്ഞെടുക്കപ്പെട്ടു. ‘പേര് മുസ്താക് അലി’ എന്ന ചിത്രത്തിലെ അഭിനയത്തിന് ഷിജു പവിത്രനാണ് മികച്ച നടന്‍. കൊവിഡിന് ശേഷം എറണാകുളത്തു വച്ച് സംഘടിപ്പിക്കുന്ന ചടങ്ങില്‍ വെച്ച് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here