ഇഡി കേസില്‍ ശിവശങ്കറിനെ ഒരാ‍ഴ്ച കസ്റ്റഡിയില്‍ വിട്ടു; കേസില്‍ ശിവശങ്കര്‍ അഞ്ചാം പ്രതി

കള്ളപ്പണം വെളുപ്പിയ്ക്കല്‍ കേസില്‍ അറസ്റ്റിലായ എം.ശിവശങ്കറിനെ ഏഴു ദിവസം ഇ.ഡി. കസ്റ്റഡിയില്‍ വിട്ടയച്ചു. കേസില്‍ ശിവശങ്കര്‍ അഞ്ചാം പ്രതിയാണെന്ന് ഇഡി എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയെ അറിയിച്ചു.

ഗുരുതര ആരോഗ്യ പ്രശ്നങ്ങളുളളതിനാല്‍ ശിവശങ്കറിനെ അസമയത്തും – തുടർച്ചയായുമുള്ള ചോദ്യം ചെയ്യല്‍ ഒ‍ഴിവാക്കണമെന്ന് കോടതി നിര്‍ദേശിച്ചു.

കസ്റ്റഡിയില്‍ ബന്ധുക്കളെ കാണാന്‍ അനുമതി നല്‍കണമെന്ന ശിവശങ്കറിന്‍റെ ആവശ്യവും കോടതി അംഗീകരിച്ചു. ശിവശങ്കറിന്‍റെ ജാമ്യാപേക്ഷ നവംബര്‍ നാലിന് പരിഗണിക്കും.

രാവിലെ 11 മണിയോടെയാണ് എം. ശിവശങ്കരനെ ഇ ഡി പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഹാജരാക്കിയത്. അവധിയായിട്ടും കോടതി ജഡ്ജ് പ്രത്യേക സിറ്റിംഗ് നടത്തി കേസ് പരിഗണിക്കുകയായിരുന്നു. കളളപ്പണം കേസില്‍ ശിവശങ്കരന്‍ അഞ്ചാംപ്രതിയാണെന്ന് ഇഡി കസ്റ്റഡി അപേക്ഷയില്‍ ചൂണ്ടിക്കാട്ടി.

മാത്രമല്ല, സ്വപ്ന സുരേഷിന്‍റെ കളളപ്പണം വെളുപ്പിക്കാന്‍ ശിവശങ്കര്‍ സഹായിച്ചതിന്‍റെ ഡിജിറ്റല്‍ തെളിവുകള്‍ ഉണ്ടെന്നും ഇഡി വ്യക്തമാക്കി. രണ്ടാഴ്ചയാണ് ഇഡി കസ്റ്റഡി ആവശ്യപ്പെട്ടതെങ്കിലും ഒരാഴ്ച മാത്രമാണ് കോടതി അനുവദിച്ചത്. നവംബര്‍ 4ന് – രാവിലെ 11 വരെ കസ്റ്റഡിയിൽ ചോദ്യം ചെയ്യാം.

കസ്റ്റഡിയില്‍ വിടുന്നതിന് മുന്നോടിയായി ശിവശങ്കരന് എന്തെങ്കിലും പറയാനുണ്ടോ എന്ന കോടതിയുടെ ചോദ്യത്തിന് ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നായിരുന്നു മറുപടി. നടുവേദനക്ക് താൻ ചികിത്സയിലായിരുന്നു. അന്വേഷണ ഉദ്യോഗസ്ഥര്‍ തന്‍റെ ആരോഗ്യപ്രശ്നങ്ങള്‍ പരിഗണിക്കാതെയാണ് മണിക്കൂറുക‍ള്‍ ചോദ്യം ചെയ്യുന്നത്. അര്‍ദ്ധരാത്രിക്ക് ശേഷം 1 മണിക്കാണ് ഇന്നലത്തെ നടപടികൾ പൂർത്തിയായത്.

ഇന്ന് പുലർച്ചെ 5.30ന് വിളിച്ചുണർത്തി ചോദ്യം ചെയ്തുവെന്നും ശിവശങ്കരൻ കോടതിയിൽ പറഞ്ഞു. തുടര്‍ന്ന് ശിവശങ്കറിനെ മൂന്നു മണിക്കൂറില്‍ കൂടുതല്‍ ചോദ്യം ചെയ്താല്‍ വിശ്രമം അനുവദിയ്ക്കണമെന്ന് കോടതി നിര്‍ദ്ദേശം നല്‍കി. രാവിലെ 9 മുതൽ വൈകിട്ട് 6 വരെ മാത്രമേ ചോദ്യം ചെയ്യാവൂ എന്നും കോടതി പറഞ്ഞു.

വൈകിട്ട് ആറുമണിയ്ക്ക് ശേഷം വിശ്രമിയ്ക്കാന്‍ അനുവദിക്കണം. മതിയായ ചികിത്സ ഉറപ്പുവരുത്തണം. ആയുര്‍വേദ ചികിത്സ ആവശ്യമെങ്കില്‍ അതും നല്‍കണമെന്ന് കസ്റ്റഡി ഉത്തരവില്‍ പറയുന്നു.

ഭാര്യ – ഗീത, അനന്തരവൻ – ആനന്ദ് കൃഷ്ണൻ, സഹോദരൻ നാരായണൻ എന്നിവർക്ക് കസ്റ്റഡിയിലിരിക്കെ, ശിവശങ്കരനെ കാണാനും അനുവാദം നൽകി. നവംബര്‍ നാലിന് കോടതിയില്‍ ഹാജരാക്കുമ്പോള്‍ ശിവശങ്കറിന്‍റെ ജാമ്യാപേക്ഷ പരിഗണിക്കുമെന്നും കോടതി അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here