വീട് വിൽക്കുന്നോ എന്ന ആരാധകന്റെ ചോദ്യത്തിന് ഷാരൂഖ് ഖാന്റെ ചുട്ട മറുപടി

ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാനോടായിരുന്നു ഒരു ആരാധകന്റെ ചോദ്യം. കഴിഞ്ഞ ദിവസം 54 കാരനായ സൂപ്പർതാരം തന്റെ ട്വിറ്ററിൽ എസ് ആർ കെ യോട് ചോദിക്കാം എന്നൊരു ചോദ്യോത്തര വേള ആരാധകർക്കായി നടത്തിയിരുന്നു.

താരത്തിന്റെ കടുത്ത ആരാധകരെല്ലാം കിട്ടിയ അവസരം പാഴാക്കാതെ മനസ്സിൽ കരുതി വച്ച ചോദ്യങ്ങളുമായി ട്വിറ്റർ ഹാൻഡിലിൽ ഒത്തു കൂടി. ചോദ്യങ്ങൾക്കെല്ലാം കൃത്യമായ മറുപടികളും താരം നൽകിയിരുന്നു. ചില പരുഷമായ ട്വിറ്റർ ട്രോളുകളോട് തന്റെ സ്വതസിദ്ധമായ ശൈലിയിൽ തന്നെയാണ് താരം പ്രതികരിച്ചത്.

സിനിമയും ഗോസ്സിപ്പും കോറോണക്കാലവുമായി നിരവധി വിഷയങ്ങളിൽ നടനോട് ചോദ്യങ്ങളുമായി സൈബർ ലോകത്തേക്ക് ആരാധകർ ഇടിച്ചു കയറി. അതിലൊരാളാണ് നടനോട് വിചിത്രമായ ചോദ്യവുമായി എത്തിയത്.

കിംഗ് ഖാന്റെ ബാന്ദ്രയിലെ മന്നത്ത് എന്ന സ്വപ്ന ഭവനം വിൽക്കാൻ പദ്ധതിയിടുന്നുണ്ടോ എന്നാണ് കക്ഷിക്ക് അറിയേണ്ടത്. “ഭായ് മന്നത്ത് ബെക്നെ വാലെ ഹോ ക്യാ? (സഹോദരാ മന്നത്ത് വിൽക്കാൻ പദ്ധതിയുണ്ടോ ? ) ” ഇതായിരുന്നു ആരാധകന്റെ ചോദ്യം

ഇതിന് കിംഗ് ഖാൻ ട്വിറ്ററിൽ തന്നെ മറുപടിയും നൽകി , “ഭായ് മന്നത്ത് ബിക്തി നഹി സാർ ജുക്ക കാർ മാംഗി ജാതി ഹായ് …. യാദ് രാഖോഗെ തോ ലൈഫ് മെയിൻ കുച്ച് പാ സകോഗെ (സഹോദരാ, നിങ്ങൾക്ക് മന്നത്തിനെ വിൽക്കാൻ കഴിയില്ല, പക്ഷേ ഇത് തല കുനിച്ച് ചോദിക്കാനാകും … നിങ്ങൾ ഇത് ഓർത്തു വച്ചാൽ ജീവിതത്തിൽ എന്തെങ്കിലും നേടാനാകും ). ” ഉർദുവിൽ മന്നത്ത് എന്നാൽ പ്രാർത്ഥന എന്നാണ് അർഥം.

ഷാരൂഖ് ഖാന്റെ മുംബൈ മാൻഷൻ മന്നത്തിന്റെ മൂല്യം 200 കോടി രൂപയാണ്. ആറ് നിലകളിലായി ജിംനേഷ്യവും, നീന്തൽക്കുളവും, ഹോം തിയേറ്ററും, പൂന്തോട്ടവും ലൈബ്രറിയും പേഴ്സണൽ ഓഡിറ്റോറിയവുമായി താരം കുടുംബസമേതം താമസിക്കുന്ന മന്നത്ത് മുംബൈയിലെ ഏറ്റവും ചെലവേറിയ വസതികളിൽ ഒന്നായി കണക്കാക്കുന്നു. ലോകത്തിലെ മികച്ച 10 വീടുകളിൽ ഒന്നായാണ് മന്നത്ത് വിലയിരുത്തിയിട്ടുള്ളത്.

ബാന്ദ്രയിലെ കിംഗ് ഖാന്റെ കടൽത്തീര മാളിക അദ്ദേഹത്തിന്റെ വാസസ്ഥലം മാത്രമല്ല, മുംബൈയിലെ പ്രശസ്തമായ ഒരു വിനോദസഞ്ചാര കേന്ദ്രവുമാണ്.

താരത്തെ ഒരു നോക്ക് കാണുവാനായി രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്ന് ഒഴുകിയെത്തുന്ന ആരാധകർ കാത്ത് കെട്ടി കിടക്കുന്ന പതിവ് കാഴ്ചയും മന്നത്തിന്റെ മുന്നിൽ കാണാം. ദർശനം കിട്ടിയില്ലെങ്കിൽ മന്നത്തിന്റെ മുന്നിൽ നിന്നൊരു സെൽഫിയെടുത്തു സായൂജ്യമണിഞ്ഞാണ് പലരും മടങ്ങുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here