നിത്യഹരിത വിരഹഗാനത്തിലെ പ്രണയജോഡികള്‍ വര്‍ഷങ്ങള്‍ക്കിപ്പുറം ഒന്നിച്ചപ്പോള്‍…

അന്ന് അവര്‍ പാടിയ പാട്ട് എല്ലാ കലാലയങ്ങളുടേയും സ്പന്ദനമായിരുന്നു. കുന്നോളം കൂട്ടിവെച്ച ഭൂതകാല കുളിരിനിപ്പുറം ആ പ്രണയജോഡികള്‍ വീണ്ടും കണ്ടുമുട്ടി. ‘വര്‍ഷങ്ങള്‍ പോയതറിയാതെ’ 33 വര്‍ഷങ്ങള്‍ക്ക് ശേഷം പ്രിന്‍സും രശ്മിയും ഒന്നിച്ചപ്പോള്‍ അതൊരു അപൂര്‍വ്വ നിമിഷമായി.

അന്നും ഇന്നും മലയാളികള്‍ നെഞ്ചേറ്റിയ ‘ഇല കൊഴിയും ശിശിരത്തില്‍ ചെറുകിളികള്‍ വരവായി’ എന്ന ഗാനരംഗത്തില്‍ അഭിനയിച്ചത് പ്രിന്‍സ് വൈദ്യനും രശ്മി സി കൈലാസും ആയിരുന്നു. 33 വര്‍ഷങ്ങള്‍ക്കിപ്പുറം പ്രിന്‍സും രശ്മിയും ഇപ്പോള്‍ കണ്ടുമുട്ടിയിരിക്കുകയാണ്. ഇവരുടെ വീഡിയോ ആണ് ഇപ്പോള്‍ ശ്രദ്ധേയമാവുന്നത്.

കൊല്ലം തേവലക്കര തെങ്ങിന്‍വിളയില്‍ വൈദ്യന്‍ പാലസാണ് കണ്ടുമുട്ടലിന് വേദിയായത്. ഒരു സെലിബ്രിറ്റി മാനേജ്‌മെന്റ് ഒരുക്കിയ വേദിയിലാണ് ഇരുവരും ഒത്തുകൂടിയത്. മുംബൈയില്‍ ബിസിനസ് നടത്തുകയാണ് പ്രിന്‍സ് വൈദ്യന്‍ ഇപ്പോള്‍. കായംകുളം കറ്റാനം സ്വദേശിയായ രശ്മി തന്റെ നൃത്തവിദ്യാലയത്തിന്റെ ജോലികളുമായി തിരക്കിലാണ്.

1987 ല്‍ പുറത്തിറങ്ങിയ ‘വര്‍ഷങ്ങള്‍ പോയതറിയാതെ’ എന്ന സിനിമയില്‍ നിന്നുള്ളതാണ് ഇല കൊഴിയും ശിശിരത്തില്‍ എന്നുതുടങ്ങുന്ന വിരഹഗാനം. മോഹന്‍ രൂപ് ആയിരുന്നു ‘വര്‍ഷങ്ങള്‍ പോയതറിയാതെ’ എന്ന ചിത്രത്തിന്റെ സംവിധായകന്‍. സിനിമ ഹിറ്റായതിനൊപ്പം ചിത്രത്തിലെ പുതുമുഖ നായകനും നായികയും ശ്രദ്ധിക്കപ്പെടുകയും ചെയ്തു. എന്നാല്‍ കൂടുതല്‍ സിനിമകളില്‍ അഭിനയിക്കാന്‍ നില്‍ക്കാതെ പ്രിന്‍സ് മുംബൈയിലേക്ക് ചേക്കേറി. രശ്മിയും അഭിനയത്തോട് വിട പറഞ്ഞ് കുടുംബവും നൃത്തവിദ്യാലയവുമൊക്കെയായി ജീവിക്കുകയാണ്.

പ്രിന്‍സും രശ്മിയും നായികാനായകന്മാരായി എത്തിയ ചിത്രത്തില്‍ നെടുമുടി വേണു, ഇന്നസെന്റ്, സുകുമാരി, മേനക, ജഗന്നാഥ വര്‍മ്മ എന്നിവരും പ്രധാന വേഷങ്ങളിലെത്തിയിരുന്നു. കോട്ടയ്ക്കല്‍ കുഞ്ഞുമൊയ്തീന്‍ രചിച്ച് മോഹന്‍ സിത്താര ഈണം നല്‍കി യേശുദാസ് പാടിയ ഗാനം ഇന്നും മലയാളത്തിലെ എക്കാലത്തെയും മികച്ച വിരഹഗാനമായാണ് സംഗീതപ്രേമികള്‍ നെഞ്ചിലേറ്റുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here