പാടിയും അഭിനയിച്ചും റീമി ടോമി; കാണാം സുജൂദല്ലേ…

സ്വന്തം പ്രൊഡക്ഷനില്‍ അതിമനോഹരമായ ഒരു പ്രണയഗാനവുമായി റീമി. ‘സുജൂദല്ലേ’ എന്ന പ്രണയഗാനമാണ് റീമിടോമിയുടെ Rimi Tomy Official എന്ന യൂട്യൂബ് ചാനലിലൂടെ റിലീസായത്. ഗാനത്തിന്റെ ദൃശ്യാവിഷ്‌കാരത്തില്‍ റീമി തന്നെ പ്രണയനായികയാകുന്നു എന്നതും പ്രത്യേകതയാണ്.

സുജൂദല്ലേ എന്ന പേരുപോലെ തന്നെ ആത്മാര്‍ത്ഥമായ സമര്‍പ്പണം തന്നെയാണ് റീമിക്ക് ഈ ഗാനവും. നല്ല ഒരു പാട്ടായതുകൊണ്ടു കൂടുതല്‍ പേരിലേക്കെത്താന്‍ വേണ്ടിയാണു ദൃശ്യാവിഷ്‌കാരം ചെയ്യാന്‍ തീരുമാനിച്ചത് എന്ന് റീമിടോമി കൈരളി ന്യൂസ് ഓണ്‍ലൈനോട് പറഞ്ഞു.”സുജൂദല്ലേ എന്ന പേരില്‍ തന്നെ എന്തൊരു സൗന്ദര്യമാണ്. കേട്ടവര്‍ ഒരുപാട് പേര് എന്നോട് എന്താ അര്‍ത്ഥം എന്നൊക്കെ ചോദിച്ചു. ശരിക്കും നമസ്‌കാരം അല്ലെങ്കില്‍ പ്രണാമം എന്നാണ് ആ വാക്കിന്റെ അര്‍ത്ഥം. കേട്ടപ്പോള്‍ നല്ല പാട്ടായും വരിയായും തോന്നി. ഒരുപാട് നല്ല വരികള്‍ മലയാളികള്‍ക്ക് സമ്മാനിച്ച ബി.കെ ഹരിനാരായണന്‍ ആണ് വരികള്‍ എഴുതിയിരിക്കുന്നത്. കുഞ്ഞാലി മരക്കാര്‍ അടക്കം ഒട്ടേറെ നല്ല പ്രോജക്ടുകളുടെ ഭാഗമായ റോണി റാഫേല്‍ ആണ് സംഗീതം. ഇങ്ങനെ ഒരു കൂട്ടായ്മയിലൂടെ പാട്ട് പാടാന്‍ കഴിയുന്നത് തന്നെ വലിയ ഭാഗ്യം”

ഹോളീവുഡിലും ബോളീവുഡിലുമൊക്കെ ഒട്ടേറെ ഗാനങ്ങള്‍ ചലച്ചിത്രഗാനത്തേക്കാള്‍ പ്രചാരം നേടുന്നത് നമ്മള്‍ കാണാറുണ്ട്. നമ്മുടെ നാട്ടിലും അത്തരത്തില്‍ ഒരു ട്രെന്‍ഡ് ഉണ്ടാകണമെന്ന് എനിക്ക് ആഗ്രഹം തോന്നിയിട്ടുണ്ട്. ഇങ്ങനെയുള്ള ആഗ്രഹങ്ങള്‍ എല്ലാം കൂടി ചേര്‍ന്നാണ് സുജൂദല്ലേ എന്ന പ്രണയഗാനം ദൃശ്യവല്‍ക്കരിക്കണം എന്ന് തോന്നിയത് എന്നും റീമി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here