മുഖ്യമന്ത്രി രാജിവയ്‌ക്കണമെന്ന പ്രതിപക്ഷത്തിന്‍റെ ആവശ്യം പരിഹാസ്യം: യെച്ചൂരി

ഐഎഎസ്‌ ഉദ്യോഗസ്ഥനായ ശിവശങ്കറിനെ കേന്ദ്ര ഏജൻസി അറസ്റ്റ്‌ ചെയ്‌തതിൽ മുഖ്യമന്ത്രി രാജിവയ്‌ക്കണമെന്ന പ്രതിപക്ഷ ആവശ്യം പരിഹാസ്യമാണെന്ന്‌ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.

ബിനീഷ്‌ കോടിയേരിയുടെ കാര്യത്തിൽ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ നിലപാട്‌ വ്യക്തമാക്കിയിട്ടുണ്ട്‌. തെറ്റുകാരനെന്നു കണ്ടാൽ നിയമപ്രകാരം നടപടിയെടുക്കട്ടെ. അതിനപ്പുറം മറ്റ്‌ വിഷയങ്ങളില്ല. കേന്ദ്രമാണ്‌ ഐഎഎസുകാരെ നിയമിക്കുന്നത്‌.

ഐഎഎസുകാരുടെ കാര്യത്തിൽ സംസ്ഥാന സർക്കാർ എങ്ങനെയാണ്‌ ഉത്തരവാദികളാവുക. കേന്ദ്രം ഭരിക്കുന്ന ബിജെപിയോടാണ്‌ ഇക്കാര്യം ചോദിക്കേണ്ടത്‌. സ്വർണം കടത്തിയത്‌ കേന്ദ്രം നിയന്ത്രിക്കുന്ന വഴിയിലൂടെയാണ്‌. വിമാനത്താവളവും കസ്റ്റംസുമെല്ലാം കേന്ദ്രത്തിനു കീഴിലാണ്‌.

വിവരങ്ങൾ അറിഞ്ഞയുടൻ സംസ്ഥാന സർക്കാർ ശിവശങ്കറിനെ സസ്‌പെൻഡ്‌ ചെയ്‌തു. അന്വേഷണശേഷം കുറ്റക്കാരനെന്നു കണ്ടാൽ നിയമപ്രകാരമുള്ള നടപടികളിലേക്ക്‌ കടക്കാം.

ഈ വിഷയത്തിൽ മുഖ്യമന്ത്രി രാജിവയ്‌ക്കണമെന്ന്‌ ആവശ്യപ്പെടുന്നതിലൂടെ പ്രതിപക്ഷത്തിന്റെ അസ്വസ്ഥതയാണ്‌ വെളിപ്പെടുന്നത്‌. കേരളത്തിൽ അടുത്ത്‌ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പുകളെയൊന്നും ഈ വിഷയം ബാധിക്കില്ല. ജനങ്ങൾ എല്ലാം കണ്ട്‌ മനസ്സിലാക്കുന്നുണ്ട്‌. ‐ യെച്ചൂരി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here