വിദേശപണം കൈപ്പറ്റിയ സംഭവം; വിഡി സതീശന്‍ എംഎല്‍എക്കെതിരെ അന്വേഷണത്തിന് വിജിലന്‍സ്

പറവൂരിലെ പുനർജനി പദ്ധതിക്കായി ചട്ടംലംഘിച്ച്‌ വിദേശ പണം സ്വീകരിച്ചെന്ന പരാതിയിൽ വി ഡി സതീശൻ എംഎൽഎയ്‌ക്കെതിരെ പ്രാഥമികഅന്വേഷണത്തിന്‌ ‌‌വിജിലൻസ് സർക്കാരിന്റെ അനുമതി തേടി.

വിജിലൻസ്‌ സ്‌പെഷ്യൽ യൂണിറ്റ്‌ ഒന്ന്‌ നടത്തിയ രഹസ്യാന്വേഷണത്തിൽ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ്‌ പ്രാഥമികാന്വേഷണത്തിന് അനുമതി തേടിയത്. കുറ്റം ചെയ്‌തതായി പ്രഥമ ദൃഷ്ട്യാ കണ്ടെത്തിയാൽ സതീശനെ പ്രതിചേർത്ത് അന്വേഷണം നടത്തും.

പറവൂര്‍ മണ്ഡലത്തിലെ പുത്തന്‍വേലിക്കരയില്‍ വീട് വെച്ചുനല്‍കുന്ന പുനര്‍ജനി പദ്ധതിക്ക് വേണ്ടി ചട്ടം ലംഘിച്ച് വിദേശ സഹായം സ്വീകരിച്ചു എന്നതാണ് വി ഡി സതീശന്‍ എം എല്‍ എയ്ക്കെതിരായ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നത്. 2018 ഒക്‌ടോബറിൽ ലണ്ടനിലെ ബർമിങ്‌‌ഹാമിൽ നടന്ന പരിപാടിയിൽ പങ്കെടുത്ത എംഎൽഎ പണം ആവശ്യപ്പെട്ട്‌ പ്രസംഗിക്കുന്നതിന്റെ വീഡിയോ നേരത്തെ പുറത്തുവന്നിരുന്നു.

ഇത് ഡിജിറ്റൽ തെളിവായി വിജിലൻസ്‌ ശേഖരിച്ചിട്ടുണ്ട്‌. ഓരോരുത്തരും 500 പൗണ്ട് (48,300 രൂപ) വീതം നൽകാനായിരുന്നു വി ഡി സതീശന്‍റെ‌ അഭ്യർഥന.

ഇതിന്‌ വിദേശകാര്യമന്ത്രാലയത്തിന്‍റെ അനുമതി ലഭിച്ചിരുന്നോ എന്നാണ് വിജിലന്‍സ് പരിശോധിച്ച് വരുന്നത്.പണം എത്തിയ മാർഗം കണ്ടെത്താന്‍ അന്വേഷണം വേണം എന്നാണ് വിജിലന്‍സിന്‍റെ നിലപാട്.

അനുമതിയില്ലാതെ വിദേശ സഹായം സ്വീകരിച്ചതിനെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് മുന്‍ എം എല്‍ എ പിരാജു, കാതിക്കുടം ആക്ഷന്‍ കൗണ്‍സില്‍ എന്നിവര്‍ മുഖ്യമന്ത്രിക്കും വിജിലന്‍സ് ഡയറക്ടര്‍ക്കും നല്‍കിയ പരാതിയില്‍ രഹസ്യാന്വേഷണം പൂര്‍ത്തിയാക്കിയിരുന്നു.

എം എല്‍ എയ്ക്കെതിരെ പ്രാഥമികാന്വേഷണം നടത്തേണ്ടതുണ്ടെന്നാണ് വിജിലന്‍സിന്‍റെ വിലയിരുത്തല്‍.ഇക്കാര്യം വ്യക്തമാക്കി വിജിലന്‍സ് സ്പെഷല്‍ സെല്‍ എസ് പി കെ ഇ ബൈജു തയ്യാറാക്കിയ റിപ്പോർട്ട്‌ വിജിലൻസ്‌ ഡയറക്ടർ ആഭ്യന്തര അഡീഷണൽ ചീഫ്‌ സെക്രട്ടറിവഴി‌ സർക്കാരിന്‌ സമർപ്പിച്ചു‌.

പ്രാഥമികാന്വേഷണത്തില്‍ എം എല്‍ എ കുറ്റക്കാരനെന്ന് കണ്ടെത്തിയാല്‍ സതീശനെ പ്രതിചേര്‍ത്ത് അന്വേഷണം നടത്താനാണ് വിജിലന്‍സിന്‍റെ തീരുമാനം.

അതേ സമയം എംഎൽഎ നേരിട്ട്‌ വിദേശപണം സ്വീകരിച്ചതായി കണ്ടെത്തിയാൽ സിബിഐ ഉൾപ്പെടെ കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിനും‌ സാധ്യതയുണ്ട്.

സിബിഐ, എൻഫോഴ്‌മെന്റ്‌ ഡയറക്ടറേറ്റ്‌, വിദേശമന്ത്രാലയം എന്നിവയ്‌ക്ക് ഇതിനകം‌ പരാതി ലഭിച്ചിട്ടുണ്ട്‌. ‌ഒരു കോടിയിലധികം തുകയുടെ അഴിമതി കണ്ടെത്തിയാൽ വിജിലൻസ്‌ തന്നെ സിബിഐ അന്വേഷണത്തിന്‌ ശുപാർശ ചെയ്യും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here