തനിക്ക് നീതി ലഭിക്കുന്നില്ല; വിചാരണ കോടതി മാറ്റണമെന്നാവശ്യപ്പെട്ട് ആക്രമിക്കപ്പെട്ട നടി

നടി ആക്രമിക്കപ്പെട്ട കേസിലെ വിചാരണക്കോടതിയ്‌ക്കെതിരെ പ്രോസിക്യൂഷന്‍ തന്നെ രംഗത്തെത്തിയ സാഹചര്യത്തില്‍ കേസ് മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്ന് നടി.

കേസില്‍ വിചാരണ കോടതി മാറ്റണമെന്നാവശ്യപ്പെട്ടാണ് ആക്രമിക്കപ്പെട്ട നടി ഹൈക്കോടതിയെ സമീപിച്ചത്. വിചാരണക്കോടതിയുടെ നടപടി പക്ഷപാതപരമാണെന്നാണ് ഹരജിയിലെ ആരോപണം.

ഈ കോടതിയില്‍നിന്നും തനിക്ക് നീതി ലഭിക്കുന്നില്ലെന്നും 20 ഓളം അഭിഭാഷകരെ കൊണ്ടുവന്നാണ് പലപ്പോഴും ചോദ്യം ചെയ്യലുകളെന്നും ചോദ്യം ചെയ്യലിന്റെ പേരില്‍ മാനസിക പീഡനമുണ്ടായപ്പോ‍ഴും കോടതി നിശബ്ദമായി നില്‍ക്കുകയായിരുന്നെന്നും നടി പറഞ്ഞു. പ്രോസിക്യൂഷന്‍ തന്നെ നീതി കിട്ടില്ലെന്ന് പറയുമ്പോള്‍ തന്റെ അവസ്ഥ മനസ്സിലാക്കണമെന്നും ആക്രമിക്കപ്പെട്ട നടി കോടതിയില്‍ പറഞ്ഞു.

കേസ് പരിഗണിക്കുന്ന പ്രത്യേക കോടതിയിലെ ജഡ്ജിയെ മാറ്റണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ നേരത്തെ രംഗത്തെത്തിയിരുന്നു. പ്രത്യേക കോടതി ജഡ്ജ് ഹണി എം വര്‍ഗീസിനെതിരെയാണ് സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ രംഗത്ത് എത്തിയത്.

നടിയെ ആക്രമിച്ച കേസ് ഈ കോടതി മുമ്പാകെ തുടര്‍ന്നാല്‍ ഇരയ്ക്ക് നീതി കിട്ടില്ലെന്നാണ് പബ്ലിക് പ്രോസിക്യൂട്ടര്‍ വിചാരണ കോടതിയില്‍ സമര്‍പ്പിച്ച ഹരജിയില്‍ പറയുന്നത്. കോടതിയുടെ പെരുമാറ്റം അങ്ങേയറ്റം പക്ഷപാതിത്വം നിറഞ്ഞതാണെന്നും നീതിന്യായവ്യവസ്ഥയ്ക്കാകെയും പ്രോസിക്യൂഷനും കോട്ടം വരുത്തുന്നതാണ് ഇത്തരം സമീപനമെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ എ.സുരേശന്‍ ഹരജിയില്‍ പറഞ്ഞിരുന്നു.

നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതിയ്‌ക്കെതിരെ സര്‍ക്കാരും രംഗത്തെത്തി. ഇരയെ ജഡ്ജി ബുദ്ധിമുട്ടിക്കുകയാണെന്ന് എന്തുകൊണ്ട് അപ്പോൾ തന്നെ അറിയിച്ചില്ലെന്ന് കോടതി വാദത്തിനിടെ ആരാഞ്ഞു. അറിയിച്ചിട്ടും ജഡ്ജി അത് കണക്കിൽ എടുത്തില്ലെന്ന് സർക്കാർ അറിയിച്ചു.

പ്രതിഭാഗം നടിയെ മാനസികമായി പീഡിപ്പിക്കുന്നെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഇത് അറിയിച്ചിട്ടും വിചാരണക്കോടതി മുഖവിലയ്‌ക്കെടുത്തില്ലെന്നും സര്‍ക്കാര്‍ പറഞ്ഞു. പല രേഖകളുടേയും പകര്‍പ്പ് പ്രോസിക്യൂഷന് നല്‍കുന്നില്ലെന്നും കോടതിയില്‍ സംഭവിച്ച കാര്യങ്ങള്‍ സീല്‍ ചെയ്ത കവറില്‍ നല്‍കാന്‍ തയ്യാറാണെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.

കോടതിയിൽ വിചാരണ ഇല്ലാതിരുന്ന ദിവസം ദൃശ്യങ്ങളുടെ ഫോറൻസിക് പരിശോധനാ ഫലം എട്ടാം പ്രതിയുടെ അഭിഭാഷകന് കൈമാറിയെന്നും നടി ആരോപിച്ചു. പ്രോസിക്യൂഷന്റെ അസാന്നിധ്യത്തിൽ അനുമതിയില്ലാതെയായിരുന്നു ഈ നടപടിയെന്നും നടിയുടെ ഹർജിയിൽ പറയുന്നു.

തന്റെ മൊഴിയെടുത്ത ദിവസം അഭിഭാഷകരുടെ എണ്ണം കുറയ്ക്കാതിരുന്ന കോടതി രഹസ്യ വിചാരണയുടെ സ്വഭാവം തന്നെ ഇല്ലാതാക്കിയെന്നാണ് നടിയുടെ മറ്റൊരു ആരോപണം. വിചാരണക്കോടതിയിൽ വിശ്വാസമില്ലെന്ന് പ്രോസിക്യൂഷൻ തന്നെ നിലപാട് സ്വീകരിച്ചതായും ഹർജിയിൽ ആരോപിക്കുന്നു. സാക്ഷികൾ നിരന്തരം കൂറുമാറിയതിനെ തുടർന്ന് എട്ടാം പ്രതിയുടെ ജാമ്യം റദ്ദാക്കണം എന്നാവശ്യപ്പെട്ട് പ്രോസിക്യൂഷൻ സമർപ്പിച്ച ഹർജി കോടതി ഇനിയും പരിഗണിച്ചിട്ടില്ലന്നും ഹർജിയിൽ ആരോപിക്കുന്നു. ഹർജികൾ തിങ്കളാഴ്ച പരിഗണിക്കാനായി കോടതി മാറ്റി.

നടിയെ ആക്രമിച്ച കേസില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ ആറുമാസം കൂടി സമയം സുപ്രീംകോടതി അനുവദിച്ചിരുന്നു. കൂടുതല്‍ സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട പ്രത്യേക കോടതി ജഡ്ജി ഹണി എം വര്‍ഗീസിന്റെ കത്ത് പരിഗണിച്ചായിരുന്നു സുപ്രീംകോടതി തീരുമാനം. ജസ്റ്റിസ് എ.എം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചാണ് ആവശ്യം പരിഗണിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News