ശബരിമല തീര്‍ത്ഥാടനം: ക്രമീകരണങ്ങള്‍ പൂര്‍ത്തിയായെന്ന് മന്ത്രി കടകംപള്ളി

തിരുവനന്തപുരം: ശബരിമല മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനത്തിനെത്തുന്ന ഭക്തര്‍ക്ക് സഹായം നല്‍കുന്നതിനുള്ള എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയായതായി ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനത്തിനു മുന്നോടിയായുള്ള ഓണ്‍ലൈന്‍ അവലോകന യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

വകുപ്പ്തല പ്രവര്‍ത്തനങ്ങള്‍ എല്ലാം അവസാന ഘട്ടത്തിലാണ്. ദര്‍ശനത്തിനെത്തുന്നവര്‍ 24 മണിക്കൂറിനകം ലഭിച്ച കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൈയ്യില്‍ കരുതണം. അതിനായി ആന്റിജന്‍ ടെസ്റ്റ് നടത്തിയാല്‍ മതിയാകും.

കൂടുതല്‍ കോവിഡ് പരിശോധന കിയോസ്‌കുകള്‍ സ്ഥാപിക്കുന്നതിനും യോഗത്തില്‍ തീരുമാനിച്ചു. മറ്റു സംസ്ഥാനങ്ങളില്‍ നിന്നു വരുന്നവര്‍ എവിടെയാണോ ട്രെയിന്‍ ഇറങ്ങുന്നത് അതിന് അടുത്തുള്ള പരിശോധനാ കേന്ദ്രത്തിലെത്തി ആന്റിജന്‍ ടെസ്റ്റ് നടത്തണം.

നേരത്തെ 48 മണിക്കൂറിനകം ലഭിച്ച പരിശോധനാ ഫലം മതിയായിരുന്നു. കോടതി നിര്‍ദേശത്തിന്റെയും, കൊവിഡ് പ്രോട്ടോകോള്‍ കര്‍ശനമായി പാലിക്കുന്നതിന്റെ ഭാഗമായാണ് 24 മണിക്കൂറിനകമുള്ള കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കേറ്റ് നിര്‍ബന്ധമാക്കിയത്. പ്രതിദിനം ആയിരം തീര്‍ത്ഥാടകര്‍ക്കാണ് വിര്‍ച്വല്‍ ക്യൂ സംവിധാനത്തിലൂടെ ദര്‍ശനം അനുവദിക്കുക.

മണ്ഡലകാലത്തിന്റെ അവസാന ദിവസവും മകരവിളക്കിനും ദര്‍ശനത്തിന് 5000 പേരെ അനുവദിക്കും. ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരം നിലയ്ക്കലില്‍ സാമൂഹികാ അകലത്തോടെ വിരി വയ്ക്കാനുള്ള സൗകര്യവും അണുവിമുക്തമാക്കുവാനുമുള്ള സൗകര്യവുമൊരുക്കണമെന്നും മന്ത്രി പറഞ്ഞു.

മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കൊടിക്കുന്നില്‍ സുരേഷ് എംപി, പിസി ജോര്‍ജ് എംഎല്‍എ, ജനീഷ് കുമാര്‍ എംഎല്‍എ, ജില്ലാ കളക്ടര്‍മാര്‍, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്, ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍, ആരോഗ്യ വകുപ്പ്, പൊതുമരാമത്ത് വകുപ്പ്, ഇറിഗേഷന്‍, കെഎസ്ആര്‍ടിസി, വാട്ടര്‍ അതോറിറ്റി തുടങ്ങിയ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like

Latest News