കരിപ്പൂര്‍ വിമാനാപകടദുരന്തം; 660 കോടി രൂപയുടെ നഷ്ടപരിഹാരം; യാത്രക്കാർക്ക് 282.49 കോടി

കരിപ്പൂര്‍ വിമാനാപകടത്തില്‍ 660 കോടി രൂപ നഷ്ടപരിഹാരമായി നല്‍കും. ഇന്ത്യന്‍ വ്യോമയാന മേഖലയിലെ ഏറ്റവും വലിയ ഇന്‍ഷുറന്‍സ് തുകയാണിത്. പൊതുമേഖലാ സ്ഥാപനമായ ന്യൂ ഇന്ത്യ അഷ്വറന്‍സും ആഗോള ഇൻഷുറൻസ് കമ്പനികളും ചേര്‍ന്നാണു നഷ്ടപരിഹാരത്തുക നല്‍കുക.

378.83 കോടി രൂപ വിമാനത്തിനുണ്ടായ നഷ്ടം നികത്താനും, 282.49 കോടി രൂപ മരിച്ച അല്ലെങ്കില്‍ പരുക്കേറ്റ യാത്രക്കാര്‍ക്കുള്ള നഷ്ടപരിഹാരം, തേര്‍ഡ് പാര്‍ട്ടി ബാധ്യത, ബാഗേജ് നഷ്ടം എന്നിവയ്ക്കുമാണ് ലഭിക്കുകയെന്ന് പ്രധാന ഇൻഷുററായ ന്യൂ ഇന്ത്യ അഷ്വറന്‍സിന്റെ സിഎംഡി അതുല്‍ സഹായി പറഞ്ഞു.

ജിഐസി റി ഉള്‍പ്പെടെയുള്ള ആഗോള ഇന്‍ഷുറന്‍സ് കമ്പനികളാണു ഭൂരിഭാഗം ക്ലെയിമുകള്‍ക്കും നഷ്ടപരിഹാരം നല്‍കുന്നത്. 52.21 കോടി രൂപയാണു ജിഐസിയുടെ വിഹിതം. ഇടക്കാല നഷ്ടപരിഹാരമെന്ന നിലയില്‍ വിമാനത്തിലുണ്ടായിരുന്ന 190 പേരുടെയും കുടുംബങ്ങള്‍ക്ക് എയര്‍ലൈന്‍സ് ഇന്‍ഷുറന്‍സ് കമ്പനി പണം നല്‍കിയിട്ടുണ്ടെന്നും എയര്‍ ഇന്ത്യ അറിയിച്ചു.

ഓഗസ്റ്റ് ഏഴിനാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ എക്‌സ്പ്രസ് ബോയിങ് 737 വിമാനം കരിപ്പൂര്‍ വിമാനത്താവളത്തില്‍ അപകടത്തില്‍പ്പെട്ടത്. ലാന്‍ഡിങ്ങിനിടെ വിമാനം റണ്‍വേയില്‍നിന്ന് തെന്നിനീങ്ങി 35 അടി താഴ്ചയിലേക്കു പതിച്ച് രണ്ടായി പിളരുകയായിരുന്നു. സംഭവത്തില്‍ ഇരു പൈലറ്റുമാര്‍ ഉള്‍പ്പെടെ 21 പേരാണു മരിച്ചത്. നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

ഇതില്‍ പൊതുമേഖലാ സ്ഥാപനമായ ന്യൂ ഇന്ത്യാ ഇന്‍ഷൂറന്‍സ് കമ്പനിയാണ് പ്രാഥമിക ഇന്‍ഷൂറര്‍. ക്ലെയിമിന്റെ ഭൂരിഭാഗവും വഹിക്കുന്നത് ആഗോള ഇന്‍ഷൂറന്‍സ് കമ്പനിയാണ്. യാത്രക്കാര്‍ക്ക് അടിയന്തിര ധനസഹായം നല്‍കുന്നതിന് 3.50 കോടി രൂപ എയര്‍ ഇന്ത്യ എക്‌സ്പ്രസിന് നേരത്തെ ന്യൂ ഇന്ത്യ അഷ്വറന്‍സ് കൈമാറിയിരുന്നു. ഇതുകൂടാതെ ഇതുകൂടാതെ, തകര്‍ന്ന വിമാനത്തിനു 378.83 കോടി രൂപയും ന്യൂ ഇന്ത്യ അഷ്വറന്‍സ് നല്‍കും. ബാക്കി തുക രേഖകള്‍ പരിശോധിച്ചശേഷം കൈമാറും. ഇതിന് ഏതാനും മാസങ്ങള്‍ കൂടി എടുത്തേക്കും.

ന്യൂ ഇന്ത്യ അഷ്വറന്‍സ്, നാഷണല്‍ ഇന്‍ഷുറന്‍സ് കമ്പനി, ഓറിയന്റല്‍ ഇന്‍ഷുറന്‍സ് കമ്പനി, യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനി എന്നീ നാല് പൊതുമേഖലാ ഇന്‍ഷുറര്‍മാരുടെ കണ്‍സോര്‍ഷ്യമാണ് എയര്‍ ഇന്ത്യയുടെ പ്രാഥമിക ഇന്‍ഷുറര്‍. പ്രീമിയത്തിലും ക്ലെയിമുകളിലും ന്യൂ ഇന്ത്യ അഷ്വറന്‍സിന്റെ പങ്ക് 40 ശതമാനവും ശേഷിക്കുന്നത് നാഷണല്‍ ഇന്‍ഷുറന്‍സ്, ഓറിയന്റല്‍ ഇന്‍ഷുറന്‍സ്, യുണൈറ്റഡ് ഇന്ത്യ എന്നിവ തുല്യമായി വഹിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News