ദില്ലി: ഇന്ത്യയിലെ ഏറ്റവും മികച്ച ഭരണമുള്ള സംസ്ഥാനമായി കേരളത്തെ വീണ്ടും തെരഞ്ഞെടുത്തു. തുടര്‍ച്ചയായി നാലാം വട്ടമാണ് കേരളം ഈ നേട്ടം കൈവരിക്കുന്നത്.
ഐ.എസ്.ആര്‍.ഒ.മുന്‍ മേധാവി ഡോ.കസ്തുരി രംഗന്‍ അദ്ധ്യക്ഷനായ പബ്ലിക് അഫയേഴ്‌സ് സെന്റര്‍ തയ്യാറാക്കിയ പബ്ലിക് അഫയേഴ്‌സ് ഇന്‍ഡക്‌സ് പ്രകാരമാണ് മികച്ച ഭരണമുള്ള സംസ്ഥാനമായി കേരളത്തെ തെരഞ്ഞെടുത്തത്. ബിജെപി ഭരിക്കുന്ന ഉത്തര്‍പ്രദേശ് ആണ് പട്ടികയില്‍ ഏറ്റവും പിന്നിലുള്ള സംസ്ഥാനം.
സര്‍ക്കാരിന്റെ കാര്യക്ഷമത, അക്കൗണ്ടബിലിറ്റി, നിയമവാഴ്ച, അഴിമതി നിയന്ത്രിക്കല്‍ എന്നീ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ 13 വികസനലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിലെ മികവും 50 സൂചികകളും വിലയിരുത്തിയാണ് കേരളം ഏറ്റവും മികച്ച ഭരണമുള്ള സംസ്ഥാനമായി തെരഞ്ഞെടുക്കപ്പെട്ടത്.
ഇന്ത്യയിലെ ഏറ്റവും മികച്ച ഭരണമുള്ള സംസ്ഥാനമായി കേരളം തെരഞ്ഞെടുക്കപ്പെട്ടു. ഐഎസ്ആര്‍ഒ മുന്‍ മേധാവി ഡോ. കസ്തുരി രംഗന്‍…
Posted by E.P Jayarajan on Friday, 30 October 2020
കേരളം (1.388 പോയിന്റ്), തമിഴ്നാട് (0.912), ആന്ധ്രാപ്രദേശ് (0.531), കര്‍ണാടക (0.468) എന്നിവയാണ് ഭരണമികവില്‍ വലിയ സംസ്ഥാനങ്ങളുടെ വിഭാഗത്തില്‍ ആദ്യ നാലു റാങ്കുകളില്‍ സ്ഥാനം പിടിച്ചിരിക്കുന്നത്. ഉത്തര്‍പ്രദേശ്, ഒഡീഷ, ബീഹാര്‍ എന്നിവയാണ് ഈ വിഭാഗത്തില്‍ റാങ്കിംഗില്‍ ഏറ്റവും പിറകില്‍.
ചെറിയ സംസ്ഥാന വിഭാഗത്തില്‍ 1.745 പോയിന്റുമായി ഗോവ ഒന്നാം സ്ഥാനത്തും മേഘാലയ (0.797), ഹിമാചല്‍ പ്രദേശ് (0.725) എന്നിവ രണ്ടും മൂന്നും സ്ഥാനങ്ങളിലുമെത്തി. മണിപ്പൂര്‍ (0.363), ദില്ലി (0.289), ഉത്തരാഖണ്ഡ് (0.277) എന്നിവയാണ് ഏറ്റവും പിറകില്‍.
കേന്ദ്ര ഭരണപ്രദേശ വിഭാഗത്തില്‍ 1.05 പിഐഐ പോയിന്റുമായി ചണ്ഡിഗഢ് ആണ് ഒന്നാമത്. പുതുച്ചേരി (0.52), ലക്ഷദ്വീപ് (0.003) എന്നിവയാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. ദാദ്ര- നഗര്‍ ഹവേലി (0.69), ജമ്മു-കശ്മീര്‍ (0.50), ആന്‍ഡമാന്‍-നിക്കോബാര്‍ (0.30) എന്നിവയാണ് ഏറ്റവും പിറകില്‍.

Get real time update about this post categories directly on your device, subscribe now.