കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ കേരളം മാതൃകയെന്ന് ഡോ. രമണ്‍ ഗംഗാഖേദ്കർ. കൈരളി ന്യൂസിന്‍റെ ദില്ലി ബ്യൂറോ റിപ്പോര്‍ട്ടര്‍ ശരത് കെ ശശിക്ക് അനുവദിച്ച അഭിമുഖത്തിനിടെയാണ് ഗംഗാഖേദ്കറിന്‍റെ പ്രതികരണം.
അഭിമുഖത്തിന്‍റെ പൂര്‍ണ രൂപം വായിക്കാം
ഡോ രാമൻ ഗംഗാഖേദ്കർ, സാംക്രമിക രോഗങ്ങളെക്കുറിച്ച് ഗവേഷണം നടത്തുന്ന രാജ്യത്തെ ഏറ്റവും തലമുതിർന്ന ശാസ്ത്രകാരൻ. എച്ച് ഐ വി, നിപാ, കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ നേതൃപരമായ പങ്ക് വഹിച്ച ഡോ. രമണ്‍ ഗംഗാഖേദ്കറിന് ഈ വർഷം രാജ്യം പദ്മശ്രീ നൽകി ആദരിച്ചു.
ഐസിഎം ആറിന്‍റെ എപിഡമോളജി ആൻഡ് കമ്മ്യൂണിക്കബിൾ ഡിസീസ് തലവനായിരിക്കെയാണ് കഴിഞ്ഞ ജൂണിൽ അദ്ദേഹം ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിരമിച്ചത്. പൂനെയിൽ വിശ്രമ ജീവിതം നയിക്കുന്ന ഗംഗാഖേദ്കർ വിരമിച്ച ശേഷം ഇത് ആദ്യമാണ് ഒരു മലയാള മാധ്യമത്തോട് പ്രതികരിക്കുന്നത്. കോവിഡ് വാക്‌സിൻ വിതരണത്തിലെ പ്രതീക്ഷകൾ, ആശങ്കകൾ, കേരളത്തിന്റെ കോവിഡ് പ്രതിരോധം തുടങ്ങിയ കാര്യങ്ങളിൽ
ഡോ. രമണ്‍ ഗംഗാഖേദ്കർ നിലപാട് വ്യക്തമാക്കുന്നു……..
വിവിധ രാജ്യങ്ങളിലായി കൊവിഡ് വാക്‌സിന്‍ തയ്യാറായിക്കൊണ്ടിരിക്കുന്നു. എന്തൊക്കെയാണ് വാക്‌സിന്‍ സംബന്ധിച്ച പ്രതീക്ഷകളും ആശങ്കകളും?
ഇന്ത്യയില്‍ എല്ലാവര്‍ക്കും സൗജന്യ കൊവിഡ് വാക്‌സിനെന്ന പ്രഖ്യാപനം വിവേക പൂര്‍വമുള്ളതാണ്. എല്ലാ സര്‍ക്കാരുകളും അവരുടെ പൗരന്മാര്‍ക്ക് സൗജന്യമായി വാക്‌സിന്‍ നല്‍കാന്‍ ശ്രമിക്കുമെന്ന് ഉറപ്പാണ്. ലോകവ്യാപകമായി 27 -30 വാക്‌സിനുകളാണ് മനുഷ്യനില്‍ പരീക്ഷിച്ചു കൊണ്ടിരിക്കുന്നത്. വിവിധ വാക്‌സിനുകള്‍ മനുഷ്യന്‍ ആദ്യമായി ഉപയോഗിക്കാന്‍ പോവുകയാണ്. ചില ആളുകള്‍ വാക്‌സിന്‍ എടുക്കാന്‍ തയ്യാറാവില്ല. അവര്‍ ഇതിനേക്കാള്‍ നല്ല വാക്‌സിന്‍ ഭാവിയില്‍ വരുമെന്ന് കരുതും. മുപ്പതോളം വാക്‌സിന്‍ പരീക്ഷണങ്ങള്‍ ഒരു ദിവസം കൊണ്ടായിരിക്കില്ല പൂര്‍ത്തിയാവുക, വ്യത്യസ്ത കാലയളവിലായിരിക്കും. ചില കമ്പനികള്‍ അവരുടെ വാക്‌സിന്‍ 60 ശതമാനം വിജയമെന്ന് പറയും. ചിലർ പറയും അവരുടേത് 80 ശതമാനം ഫലപ്രദമെന്ന്. ഇത്തരം അവകാശ വാദങ്ങള്‍ ഏത് വാക്‌സിന്‍ ഉപയോഗിക്കണമെന്ന കാര്യത്തില്‍ ജനങ്ങളെ ചിന്താക്കുഴപ്പത്തിലാക്കുമെന്ന് ആശങ്കയുണ്ട്.
ഇന്ത്യയില്‍ കൊവിഡ് വാക്‌സിന്‍ വിതരണം എങ്ങനെയായിരിക്കണം, നേരിടാനിടയുള്ള വെല്ലുവിളികള്‍ എന്തൊക്കെ ?
ഇന്ത്യയിൽ കൊവിഡ് വാക്‌സിന്‍ വിതരണം അത്ര എളുപ്പമായിരിക്കില്ല. പലകാരണങ്ങള്‍ കൊണ്ടും ചില മേഖലകളിൽ വാക്‌സിന്‍
വിതരണം പിന്നാക്കം പോകാനിടയുണ്ട്. ഭൂമി ശാസ്ത്രം, വാക്‌സിന്‍ സംഭരണത്തിലെ പ്രശ്‌നങ്ങള്‍ അങ്ങനെ പല കാരണങ്ങള്‍കൊണ്ടും പ്രതിസന്ധികള്‍ അഭിമുഖീകരിച്ചേക്കും. ഇത്തരം പഴുതകളടയ്ക്കണം. അതിന് നല്ല തയ്യാറെടുപ്പും താല്‍പര്യബുദ്ധിയും ആവശ്യമാണ്. സെന്‍സസ് എടുക്കുന്നതാണ് ഇവിടെ മാതൃകയായി ചൂണ്ടിക്കാണിക്കേണ്ടത്. വളരെ നേരത്തെ തന്നെ നമ്മള്‍ സെന്‍സസിന് തയ്യാറെടുപ്പ് നടത്തും. സെന്‍സസ് എടുക്കാന്‍ പോകുന്നവര്‍ക്ക് ട്രയിനിംഗ് നല്‍കും. ഒടുവില്‍ ഒറ്റ ദിവസം കൊണ്ട് വിപുലമായ സെന്‍സസ് പൂര്‍ത്തിയാക്കും. കോടിക്കണക്കിന് ആളുകളുടെ കണക്കെടുപ്പ് അങ്ങനെ കൃത്യമായി നമ്മള്‍ നടത്തി തീര്‍ക്കുന്നു. അത് പോലെ തയ്യാറെപ്പുകളുണ്ടായാല്‍ വാക്‌സിന്‍ വിതരണം നന്നായി പൂര്‍ത്തിയാക്കാനാകും.
ഇതുവരെയുള്ള കേരളത്തിന്റെ കൊവിഡ് പ്രതിരോധം എങ്ങനെ വിലയിരുത്തുന്നു. സംസ്ഥാന സര്‍ക്കാരിന്റെ പങ്കിനെ എങ്ങനെ നോക്കിക്കാണുന്നു ?
കൊവിഡ് പ്രതിരോധത്തില്‍ കേരളത്തിന്റേത് വിജയകരമായ ഇടപെടലായിരുന്നു. കേരളത്തിന് പുറത്തുനിന്നുള്ളയാള്‍ എന്ന നിലയില്‍ കേരളത്തിന്റെ കൊവിഡ് പ്രതിരോധത്തിന്റെ സവിശേഷതയായി എനിക്ക് തോന്നിയത് ജനങ്ങളെ ഉള്‍പ്പെടുത്തിയുള്ള കൊവിഡ് പ്രതിരോധം നടന്നുവെന്നതാണ്. ഇത് മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തെ വേറിട്ട് നിര്‍ത്തുന്നു. കൊവിഡ് വൈറസിനെ ഒരു പരിധി വരെ പ്രതിരോധിക്കാന്‍ കേരളത്തിന് സാധിച്ചു. സംസ്ഥാന സര്‍ക്കാര്‍ തിളക്കമാര്‍ന്ന പങ്കാണ് ഇക്കാര്യത്തില്‍ വഹിച്ചതെന്നാണ് അഭിപ്രായം. കൊവിഡിനെ നേരിടാന്‍ നിപ പ്രതിരോധം കേരളത്തെ സഹായിച്ചിട്ടുണ്ട്. എങ്ങനെയാണ് സമൂഹം പ്രവര്‍ത്തിക്കേണ്ടത്, എങ്ങനെയാകണം പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ആളുകളെ സംഘടിപ്പിക്കേണ്ടത് എന്നൊക്കെ നിപ സമയത്ത് കേരളത്തിന് മനസിലാക്കാന്‍ സാധിച്ചു. ഇത് കൊവിഡിന്റെ കാര്യത്തില്‍ മാതൃകയാക്കാന്‍ പറ്റി. അത്‌കൊണ്ട് കൂടിയാണ് കൊവിഡ് പ്രതിരോധത്തില്‍ ഏറെ മുന്നേറ്റം ഉണ്ടാക്കാനായത്. മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളത്തിന് മികച്ച ആരോഗ്യ സംവിധാനങ്ങളാണുള്ളത്. ആരോഗ്യ സംവിധാനങ്ങള്‍ ഒരുക്കുന്നതില്‍ കേരളം ശക്തമാണ്. പൊതുജനാരോഗ്യ സംവിധാനങ്ങളുടെ കാര്യത്തില്‍ മാത്രമല്ല കൊവിഡ് പ്രതിരോധത്തില്‍ ജനങ്ങളുടെ പങ്കാളിത്തം എങ്ങനെയാകണമെന്ന് പഠിപ്പിക്കാനും ഭാവിയില്‍ കേരളത്തിന്റെ മാതൃക ഉദ്ധരിക്കപ്പെടും.
പക്ഷേ അടുത്തിടെ കേരളത്തില്‍ കേസുകള്‍ കൂടിയിട്ടുണ്ട്
ഇപ്പോള്‍ കേസുകള്‍ കൂടുന്നതിന് ഒരു കാരണം മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാത്തതാണ്. ഉത്സവ സീസണുകളിലെ ആള്‍ക്കൂട്ടങ്ങള്‍ ഇതാണ് വ്യക്തമാക്കുന്നത്. വീഴ്ചകള്‍ ജനങ്ങളുടെ ഭാഗത്ത് നിന്നോ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നോ ഉണ്ടായെന്ന് പറയാന്‍ സാധിക്കില്ല. ഇതൊക്കെ സംഭവിക്കാന്‍ സാധ്യതയുള്ളതായിരുന്നു. കാരണം നമ്മള്‍ ഇത്തരം ഒരു സാഹചര്യം നേരിടുന്നത് ആദ്യമായാണ്. പോരായ്മകള്‍ എല്ലാവരും ചേര്‍ന്ന് പ്രവര്‍ത്തിച്ചാണ് നികത്തേണ്ടത്. ആരോപണ പ്രത്യാരോപണങ്ങള്‍ ആരെയും സഹായിക്കാന്‍ പോകുന്നില്ല. ഈ വിഷയത്തില്‍ ഞാന്‍ ആരെയും കുറ്റപ്പെടുത്തില്ല. ആരോഗ്യം എന്നത് ജനങ്ങളുടെ മാത്രമോ സര്‍ക്കാരിന്റെ മാത്രമോ ഉത്തരവാദിത്വമുള്ള ഒരു വിഷയമായി കാണുന്നില്ല.
കൊവിഡ് പ്രതിരോധ നടപടികളില്‍ ജനങ്ങളുടെ സഹകരണം കുറഞ്ഞുവെന്നാണോ?
ജനങ്ങളെകൂടി ഉള്‍പ്പെടുത്തിയുള്ള കൊവിഡ് പ്രതിരോധമാണ് കേരളത്തിന്റെ സവിശേഷതയെന്ന് നേരത്തെ സൂചിപ്പിച്ചുവല്ലോ. എന്നാല്‍
ജനങ്ങളെ കുറച്ചു കാലത്തേക്ക് മാത്രമേ അതിന്റെ ഭാഗമാക്കാനാകൂ. കാരണം ഒരു പ്രശ്‌നത്തില്‍ നിരന്തരമായി സമൂഹത്തെ ഒന്നടങ്കം ഉള്‍പ്പെടുത്തുക പെട്ടെന്ന് സാധിക്കുന്ന കാര്യമല്ല. ജീവിതത്തിന്റെ സമസ്ത മേഖലയെയും ബാധിക്കുന്ന ഒരു പ്രശ്‌നത്തെ നേരിടാന്‍ ഓരോ ആളിലും അതിനനുസൃതമായ സമീപനങ്ങള്‍ ഉണ്ടായി വരണം. അതിന് കുറച്ച് സമയം ആവശ്യമാണ്. ഇവിടെ കൊവിഡ് പ്രതിരോധത്തില്‍ ജനങ്ങളുടെ പങ്കാളിത്തം കുറഞ്ഞുവെങ്കില്‍ അതിന് പല കാരണങ്ങള്‍ ഉണ്ട്. രാജ്യത്ത് കൊവിഡ് സ്ഥിരീകരിക്കപ്പെട്ട് ഒന്‍പത് മാസമാകുന്നു. ജനങ്ങള്‍ മടുത്തു. ഈ ഒരു സാഹചര്യത്തില്‍ ജനങ്ങളുടെ സഹകരണം ലഭിക്കുക വളരെ പ്രയാസമേറിയ കാര്യമാണ്. അവരുടെ സാമ്പത്തിക ആവശ്യങ്ങളും കാരണങ്ങളാണ്. ജനങ്ങള്‍ക്ക് ജീവിക്കാന്‍ പണം ആവശ്യമാണ്. അപ്പോള്‍
അവര്‍ക്ക് പുറത്തിറങ്ങേണ്ടി വരും, ജോലിക്ക് പോകേണ്ടി വരും. സ്വാഭാവികമായും അത് കൊവിഡ് പ്രതിരോധ കാര്യത്തില്‍
ജനങ്ങളുടെ പങ്കാളിത്തം കുറയാന്‍ കാരണമാവും.
കൊവിഡ് പശ്ചാത്തലത്തില്‍ പൊതുജനാരോഗ്യ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തേണ്ടത് അത്യാവശ്യമല്ലേ ?
പൊതുജനാരോഗ്യമേഖലയില്‍ കൂടുതല്‍ നിക്ഷേപം നടത്തണമെന്ന പാഠമാണ് കൊവിഡ് നല്‍കുന്നത്. പൊതുജനാരോഗ്യ സംവിധാനമെന്നാല്‍ വെറും കെട്ടിടങ്ങള്‍ നിര്‍മ്മിക്കലാണെന്ന് കരുതുന്നില്ല. കൂടുതല്‍ മനുഷ്യവിഭവശേഷി
പൊതുജനാരോഗ്യമേഖലയില്‍
ഉപയോഗപ്പെടുത്തണമെന്നതാണ് പ്രധാനം. അതിന് വേണ്ടത് ആവശ്യത്തിന് ജീവനക്കാരാണ്. നന്നായി പ്രവര്‍ത്തിക്കുന്ന ആളുകളെ നിയോഗിക്കണം. നിലവിലുള്ള സംവിധാനങ്ങളെ എങ്ങനെ കൂടുതല്‍ ഫലപ്രദമായി ഉപയോഗിക്കാനാകുമെന്നാണ് ആദ്യം നോക്കേണ്ടത്
ആരോഗ്യ രംഗത്തിന് ആവശ്യമായ സാമ്പത്തിക സഹായം ലഭിക്കുന്നുണ്ടോ? കൂടുതല്‍ സഹായം ആവശ്യമല്ലേ ?
ആരോഗ്യ മേഖലയ്ക്കുള്ള ഫണ്ടിംഗ് കൂട്ടണം. അതാണ് ഈ മഹാമാരിയില്‍ നിന്ന് നമ്മള്‍ തിരിച്ചറിയേണ്ടത്. പൊതുജനാരോഗ്യ സംവിധാനങ്ങളുടെ കാര്യത്തില്‍ നമ്മള്‍ താരതമ്യേന മറ്റ് ലോക രാജ്യങ്ങളേക്കാള്‍ ഭേദമാണ്. അത് കൊണ്ട് കൂടിയാണ് കൊവിഡ് പ്രതിരോധ നടപടികള്‍ നമുക്ക് വേഗത്തില്‍ സ്വീകരിക്കാന്‍ സാധിച്ചത്. എന്നാല്‍ അത് മതിയോ എന്ന് ചോദിച്ചാല്‍ പോര. നിങ്ങള്‍ക്ക് ഐഡിയല്‍ സ്‌റ്റേജിലേക്ക് എത്താന്‍ സാധിക്കില്ല. എന്നാല്‍ നിങ്ങള്‍ പൂര്‍ണതയിലേക്ക് എത്തിച്ചേരാന്‍ ശ്രമിക്കണം. അതിന് കൂടുതല്‍ പണം നീക്കി വയ്ക്കണം. അത് സംഭവിക്കുമെന്നാണ് ഞാന്‍ കരുതുന്നത്. കൊവിഡിനെകൊണ്ട് അങ്ങനെ ഒരു ഗുണം ലഭിക്കുമെന്ന് കരുതണം. ആരോഗ്യ മേഖലയ്ക്ക് ശ്രദ്ധ ലഭിക്കാന്‍ കൊവിഡ് കാരണമായിട്ടുണ്ട്. HIVയുടെ കാര്യത്തില്‍
ലൈംഗിക ത്തൊഴിലാളികളടക്കമുള്ള ഒരു ചെറിയ ജനസംഖ്യയെ കേന്ദ്രീകരിച്ചാണ് നമ്മള്‍ പ്രതിരോധ പ്രവര്‍ത്തനം നടത്തിയത്. കൊവിഡ് സൃഷ്ടിച്ച സാഹചര്യം അതുപോലയെല്ല. അത് എല്ലാവരെയും ബാധിക്കുന്ന ഒന്നാണ്. അതിനാല്‍ തന്നെ കൂടുതല്‍ സജ്ജീകരണങ്ങള്‍ നമുക്ക് ഒരുക്കേണ്ടി വരും. അത്തരമൊരു മാറ്റമുണ്ടാവും. കുറച്ചു കാലതാമസം എടുത്തായാലും ആരോഗ്യ മേഖലയ്ക്ക് കൂടുതല്‍ തുക വകയിരുത്തപ്പെടുന്ന സ്ഥിതി വരും.
തയ്യാറാക്കിയത് : ശരത് കെ ശശി
Get real time update about this post categories directly on your device, subscribe now.