കത്തിടപാടുകളിൽ കുടുങ്ങി മുംബൈയിലെ ലോക്കൽ ട്രെയിനുകൾ

മുംബൈയിൽ ലോക്കൽ ട്രെയിനുകൾ ഓടിക്കുന്നത് സംബന്ധിച്ച് മഹാരാഷ്ട്ര സർക്കാരും റെയിൽ മന്ത്രാലയവും തമ്മിലുള്ള കത്തിടപാടുകൾക്ക് ഇനിയും തീരുമാനമായിട്ടില്ല. മുംബൈയിൽ ഏകദേശം 80 ലക്ഷം യാത്രക്കാരാണ് ലോക്കൽ ട്രെയിനുകളെ ദൈനംദിന യാത്രക്കായി ആശ്രയിക്കുന്നത്.

കഴിഞ്ഞ ഏഴു മാസമായി അടച്ചിരിക്കുന്ന ഏകദേശം 60 ലക്ഷത്തിലധികം സാധാരണക്കാരായ യാത്രക്കാരെയാണ് വൈകുന്ന തീരുമാനം കൂടുതൽ ദുരിതത്തിലാക്കുന്നത്. ചെറിയൊരു വിഭാഗം വീട്ടിലിരുന്നു ജോലി ചെയ്യുന്നവരും റോഡ് മാർഗ്ഗങ്ങളിലൂടെ ജോലി സ്ഥലങ്ങളിൽ എത്തി ചേരാൻ കഴിയുന്നവരുമാണ്.

ലോക്കൽ ട്രെയിനുകളിൽ പൊതുജനങ്ങൾക്ക് യാത്ര ചെയ്യാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് രണ്ട് ദിവസം മുമ്പ് മഹാരാഷ്ട്ര സർക്കാർ റെയിൽവേയ്ക്ക് കത്തെഴുതിയിരുന്നു. എന്നാൽ മറുപടിയായി ഉത്തരം കിട്ടാത്ത ചില ചോദ്യങ്ങൾ‌ റെയിൽ‌വേ ഉന്നയിച്ചതോടെ തീരുമാനം ഇനിയും വൈകുമെന്ന സൂചനകളാണ് ലഭിക്കുന്നത്.

തിരക്കില്ലാത്ത സമയങ്ങളിൽ എല്ലാവർക്കുമായി ലോക്കൽ ട്രെയിൻ സേവനം തുടങ്ങണമെന്ന മഹാരാഷ്ട്രാ സർക്കാരിന്റെ ആവശ്യം റെയിൽവേ പരിഗണിച്ചെങ്കിലും സമൂഹിക അകലം പാലിച്ചുകൊണ്ട് യാത്രചെയ്യാൻ കഴിയുന്ന രീതിയിൽ സർവീസുകൾ പുനഃസ്ഥാപിക്കുവാനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തണമെന്നാണ് മധ്യ, പശ്ചിമ റെയിൽവേകൾ സർക്കാരിനെ അറിയിച്ചിരിക്കുന്നത്.

ഇത് എങ്ങനെ നടപ്പാക്കാമെന്ന കാര്യത്തിൽ റെയിൽവേ ഉദ്യോഗസ്ഥരും സർക്കാർ പ്രതിനിധികളും ചർച്ച തുടരുകയാണ്. കാലത്ത് 7.30 വരെയും 11 മുതൽ വൈകീട്ട് നാല് വരെയും രാത്രി എട്ട് മണിക്ക് ശേഷവും ലോക്കൽ ട്രെയിനിൽ പൊതുജനങ്ങൾക്ക് യാത്ര ചെയ്യാവുന്ന രീതിയിൽ സർവീസ് പ്രാബല്യത്തിൽ കൊണ്ട് വരണമെന്നായിരുന്നു റെയിൽവേയോട് ആവശ്യപ്പെട്ടത്.

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടായിരിക്കണം സർവീസ് നടത്തേണ്ടതെന്നും അതെങ്ങനെയൊക്കെ ആകാമെന്ന് തീരുമാനിക്കേണ്ടത് സർക്കാരാണെന്നും റെയിൽവേ മറുപടി നൽകി. കാലത്ത് എട്ടു മുതൽ 10.30 വരെയും വൈകീട്ട് അഞ്ചു മുതൽ രാത്രി 7.30 വരെയും അവശ്യ സർവീസിൽ ജോലിചെയ്യുന്നവർക്കും ക്യൂ ആർ കോഡ് ലഭിച്ചവർക്കും മാത്രമാണ് ഇപ്പോൾ യാത്ര അനുവദിച്ചിട്ടുള്ളത്.

നിലവിൽ 1410 ലോക്കൽ ട്രെയിൻ സർവീസുകളാണ് മുംബൈയിൽ ഓടുന്നത്. പൊതുജനങ്ങൾക്കുകൂടി കയറാൻ കഴിയുന്ന സംവിധാനത്തിലേക്ക് വരുന്നതോടെ ഈ സർവീസുകൾ വർധിപ്പിക്കേണ്ടി വരും.

എന്നാൽ ഇത്തരം അവസ്ഥകൾക്ക് പരിഹാരം കണ്ടെത്തി സാധാരണ ജീവിതം പുനഃസ്ഥാപിക്കുവാനുള്ള പദ്ധതികൾ എന്ത് കൊണ്ട് മുൻകൂട്ടി വിഭാവനം ചെയ്തില്ല എന്ന ചോദ്യം അവശേഷിക്കുകയാണ്. വൈകുന്ന തീരുമാനത്തിലെ രാഷ്ട്രീയം ദുരിതത്തിലാക്കുന്നത് 80 ലക്ഷം യാത്രക്കാരുടെ അതിജീവനത്തിന്റെ പാതയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News