കേന്ദ്ര സര്‍ക്കാര്‍ അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് രാഷ്ട്രീയ വൈര്യം തീര്‍ക്കുകയാണെന്ന് ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡണ്ട് ആര്‍ ചന്ദ്രശേഖരന്‍

ഇന്ത്യ ഇതുവരെ കാണാത്തവിധം കേന്ദ്ര സര്‍ക്കാര്‍ അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് രാഷ്ട്രീയ വൈര്യം തീര്‍ക്കുകയാണെന്ന് ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സോണിയാഗാന്ധിയെ വരെ സിബിഐ വേട്ടയാടുന്നു.

കേന്ദ്രത്തിനെതിരെ മിണ്ടിയാല്‍ കേസെടുക്കുന്നവരായി സിബിഐ മാറി. കാഷ്യൂ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ആയിരിക്കെ തന്റെ കാലയളവില്‍ 290 കോടി രൂപയുടെ വിറ്റുവരവാണ് നടന്നത്. പിന്നെങ്ങനെയാണ് താന്‍ 500 മുതല്‍ 1000 കോടി രൂപയുടെ വരെ അഴിമതി നടത്തിയെന്ന് ആരോപിക്കുന്നത്. ഇതില്‍തന്നെ ആരോപണം കരിവാരി തേക്കാനുള്ളതാണെന്ന് വ്യക്തമാണ്. യുഡിഎഫിനെ സഹായിക്കുന്ന പത്രമാണ് വ്യാജവാർത്ത സൃഷ്ടിക്കുന്നത്.

ഇങ്ങനെ പറയാന്‍ എന്ത് തെളിവാണുള്ളത്. ഏകപക്ഷീയമായ അവഹേളനമാണ് നടക്കുന്നത്. മാധ്യമ വേട്ടയാണിത്.പരാതിക്കാരനെ കുറിച്ച് മാധ്യമങ്ങള്‍ അന്വേഷിക്കണം. അയാള്‍ക്ക് ഐഎന്‍ടിയുസിയുമായി ബന്ധമില്ല.

കോണ്‍ഗ്രസില്‍ നിന്ന് സഹായം ലഭിക്കുന്നുണ്ടോയെന്ന് അറിയില്ല. സിബിഐയുടെ പ്രോസിക്യൂഷന്‍ നടപടിക്ക് അനുമതി നല്‍കാത്തത് നിയമപരമായി ആലോചിച്ച് സര്‍ക്കാര്‍ എടുത്ത തീരുമാനമാകാം. കാഷ്യൂ കോര്‍പ്പറേഷന്‍ എംഡിയായിരുന്ന രതീഷ് സര്‍ക്കാര്‍ ഉദ്യോഗസ്ഥനായതു കൊണ്ടാണ് സിബിഐ പ്രോസിക്യുഷന് അനുമതി തേടിയത്.

കോണ്‍ഗ്രസുകാരനായ തന്നെ സഹായിക്കേണ്ട ബാധ്യത എല്‍ഡിഎഫ് സര്‍ക്കാരിനില്ല. ഒരു തൊഴിലാളി പ്രവര്‍ത്തകന്‍ എന്ന നിലയിലുള്ള ബന്ധം മാത്രമാണ് മുഖ്യമന്ത്രിയുമായുള്ളത്. സര്‍ക്കാര്‍ പ്രോസിക്യൂഷന് അനുമതി നല്‍കിയാല്‍ നിയമ പരമായി നേരിടും. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ തര്‍ക്കമില്ലെന്ന് പറയില്ല. തന്നെ കാഷ്യുകോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് താഴെ വലിച്ചിടാന്‍ ശ്രമിച്ചത് രാഷ്ട്രീയത്തിലെ രാഷ്ട്രീയമാകാം. ഐഎന്‍ടിയുസി യുടെ ശക്തി തരിച്ചറിയുന്നതാണ് കോണ്‍ഗ്രസിന് ഗുണമെന്നും ആര്‍ ചന്ദ്രശേഖരന്‍ പറഞ്ഞു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News