ഇ-സഞ്ജീവനി: വീട്ടിലിരുന്നും ഇനി ഡോക്‌ടറെ കാണാം; മരുന്നുകളും ലാബ് പരിശോധനകളും ഇനി സൗജന്യം

ടെലിമെഡിസിന്‍ പദ്ധതിയായ ഇ-സഞ്ജീവനി വിപുലീകരിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി കെകെ ശൈലജ. വീട്ടിലിരുന്ന് ഡോക്ടറെ കാണുന്നതിന് ഒപ്പം മരുന്നുകളും ലാബ് പരിശോധനകളും സൗജന്യമാക്കാനുള്ള സജ്ജീകരണം ഒരുക്കിയതായി മന്ത്രി അറിയിച്ചു.

സഞ്ജീവനി ടെലിമെഡിസിന്‍ പ്ലാറ്റ്‌ഫോം വഴി കിട്ടുന്ന കുറിപ്പടിയിലെ മരുന്നുകള്‍ തൊട്ടടുത്ത സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നും സൗജന്യമായി ലഭിക്കും. ഇതോടൊപ്പം കുറിപ്പടി പ്രകാരം ലഭ്യമായ ലാബ് പരിശോധനകളും തൊട്ടടുത്ത സര്‍ക്കാര്‍ ആശുപത്രിയില്‍ നടത്താവുന്നതാണ്.

ഇ-സഞ്ജീവനി കുറിപ്പടികള്‍ക്കെല്ലാം 24 മണിക്കൂര്‍ മാത്രമേ സാധുതയുള്ളൂ. അതിനാല്‍ അന്ന് തന്നെ ആശുപത്രി സേവനം ഉപയോഗിക്കേണ്ടതാണ്. തികച്ചും സൗജന്യമായ ഇ-സഞ്ജീവനി സേവനങ്ങള്‍ എല്ലാവരും പ്രയോജനപ്പെടുത്തേണ്ടതാണെന്നും മന്ത്രി വ്യക്തമാക്കി.

എല്ലാ ദിവസവും രാവിലെ 8 മുതല്‍ രാത്രി 8 മണി വരെയാണ് ജനറല്‍ മെഡിസിന്‍ ഒപിയുള്ളത്. ശിശു-നവജാതശിശു വിഭാഗം ഒ.പി. തിങ്കള്‍ മുതല്‍ ശനി വരെ രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെയും സൈക്യാട്രി വിഭാഗം ഒ.പി. തിങ്കള്‍ മുതല്‍ വെള്ളി വരെ രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെയും സ്ഥിരമായി പ്രവര്‍ത്തിക്കുന്നു.

കൂടുതല്‍ ജനങ്ങള്‍ സേവനം തേടിയതോടെ പതിവായുള്ള ഈ ജനറല്‍ ഒ.പി. സേവനങ്ങള്‍ക്കു പുറമേ സ്‌പെഷ്യാലിറ്റി സേവനങ്ങളും ലഭ്യമാക്കി ഇ-സഞ്ജീവനി സേവനം വിപുലീകരിച്ചിട്ടുണ്ട്. കേരളത്തിലെ പൊതുമേഖല ആരോഗ്യ രംഗത്തെ പ്രശസ്തമായ 30 സ്ഥാപനങ്ങള്‍ ഇ സഞ്ജീവനി വഴി സൗജന്യ സേവനങ്ങള്‍ നല്‍കാനും തുടങ്ങിയിട്ടുണ്ട്.

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡയബെറ്റിക്‌സ് തിരുവനന്തപുരം, ഇംഹാന്‍സ് കോഴിക്കോട്, ആര്‍സിസി തിരുവനന്തപുരം, കൊച്ചിന്‍ കാന്‍സര്‍ സെന്റര്‍, മലബാര്‍ കാന്‍സര്‍ സെന്റര്‍ തലശ്ശേരി തുടങ്ങിയ സ്ഥാപനങ്ങളുടെ ഒപി സേവനങ്ങള്‍ ഇ-സഞ്ജീവനി വഴി ലഭ്യമാണ്.

കൂടാതെ മലപ്പുറം, കോഴിക്കോട് തുടങ്ങിയ ജില്ലകളില്‍ നിന്നുമുള്ള സര്‍ക്കാര്‍ മേഖലയിലെ സ്‌പെഷ്യാലിറ്റി ഡോക്ടര്‍മാര്‍ നേതൃത്വം നല്‍കുന്ന ഒപികളും, കൗണ്‍സിലിങ്ങ് സേവനങ്ങളും ഇ-സഞ്ജീവനി വഴി ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

ഇ-സഞ്ജീവനി എങ്ങനെ ഉപയോഗിക്കാം

ആദ്യമായി https://esanjeevaniopd.in/ എന്ന ഓണ്‍ലൈന്‍ സൈറ്റ് സന്ദര്‍ശിക്കുകയോ അല്ലെങ്കില്‍ ഇ സഞ്ജീവനി ആപ്ലിക്കേഷന്‍ https://play.google.com/store/apps/details?id=in.hied.esanjeevaniopd&hl=en_US മൊബൈലില്‍ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കുകയോ ചെയ്യാവുന്നതാണ്.

ഇന്റര്‍നെറ്റ് സൗകര്യമുള്ള മൊബൈലോ ലാപ്‌ടോപോ അല്ലെങ്കില്‍ ടാബ് ഉണ്ടങ്കില്‍ esanjeevaniopd.in എന്ന സൈറ്റില്‍ പ്രവേശിക്കാം.
ആ വ്യക്തി ഉപയോഗിക്കുന്ന ആക്ടീവായ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ചു രജിസ്റ്റര്‍ ചെയ്യുക.

തുടര്‍ന്ന് ലഭിക്കുന്ന ഒടിപി നമ്പര്‍ ഉപയോഗിച്ചു ലോഗിന്‍ ചെയ്ത ശേഷം പേഷ്യന്റ് ക്യൂവില്‍ പ്രവേശിക്കാം.

വീഡിയോ കോണ്‍ഫറന്‍സ് വഴി ഡോക്ടറോട് നേരിട്ട് രോഗ വിവരത്തെപ്പറ്റി സംസാരിക്കാവുന്നതാണ്. ഓണ്‍ലൈന്‍ കണ്‍സള്‍ട്ടേഷന് ശേഷം മരുന്ന് കുറിപ്പടി ഉടന്‍ തന്നെ ഡൗണ്‍ലോഡ് ചെയ്ത് മരുന്നുകള്‍ വാങ്ങാവുന്നതാണ്. കൂടാതെ പരിശോധനകളും നടത്താവുന്നതാണ്. സംശയങ്ങള്‍ക്ക് ദിശ 1056 എന്ന നമ്പരില്‍ വിളിക്കേണ്ടതാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here