
തനിക്ക് ജോലി ലഭിച്ചാൽ ജീവൻ നൽകുമെന്ന് നേർച്ച നേര്‍ന്ന യുവാവ് ജീവനൊടുക്കി. തമിഴ്‌നാട് കന്യാകുമാരി എല്ലുവിള സ്വദേശി നവീൻ (32) ആണ് ട്രെയിന് മുന്നിൽ ചാടി ജീവനൊടുക്കിയത്. മുംബൈയിൽ ബാങ്ക് ഓഫ് ഇന്ത്യയിൽ അസിസ്റ്റന്റ് മാനേജറായി ജോലി ലഭിച്ചതിന് പിന്നാലെയാണ് യുവാവ് ആത്മഹത്യ ചെയ്തത്.
ശനിയാഴ്ച രാവിലെ നാഗർകോവിൽ പുത്തേരിയെന്ന സ്ഥലത്തെ റെയിൽ പാളത്തിലാണ് യുവാവിന്‍റെ മൃതദേഹം കണ്ടെത്തിയത്. ആളെ തിരിച്ചറിയാൻ സാധിക്കുമായിരുന്നില്ല. സമീപത്തു നിന്ന് കണ്ടെടുത്ത പാസ്‌പോർട്ടും മറ്റു രേഖകളും ഉപയോഗിച്ചാണ് ആളെ തിരിച്ചറിഞ്ഞത്. മൃതദേഹത്തിനടുത്ത് നിന്ന് ഒരു കുറിപ്പും കണ്ടെത്തിയിരുന്നു. തന്‍റെ നേർച്ച നിറവേറ്റനാണ് ആത്മഹത്യ ചെയ്യുന്നതെന്നാണ് കുറിപ്പിൽ എഴുതിയിരുന്നത്.
എഞ്ചിനീയറിംഗ് പഠനം പൂർത്തിയാക്കിയ നവീൻ ഏറെക്കാലമായി ജോലിക്ക് ശ്രമിക്കുകയായിരുന്നു. ഏറെ ശ്രമിച്ചിട്ടും
ജോലിയൊന്നും ലഭിക്കാത്തതിന്‍റെ നിരാശയിലായിരിക്കെയാണ് ജോലി ലഭിച്ചാൽ ജീവൻ നൽകാമെന്ന് നേർച്ച നേര്‍ന്നത്. ഇതിനിടെ മുംബൈ ബാങ്ക് ഓഫ് ഇന്ത്യയിൽ അസിസ്റ്റന്റ് മാനേജറായി നവീന് ജോലി ലഭിച്ചു. ഇതിന് പിന്നാലെ നേര്‍ച്ച നിറവേറ്റാന്‍ യുവാവ് കടുംകൈ ചെയ്തത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here