സ്ത്രീ വിരുദ്ധ നിലപാട് മനസില്‍ സൂക്ഷിക്കുന്നത് അപകടകരം: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

ആരായാലും ശരി സ്ത്രീ വിരുദ്ധ നിലപാട് മനസില്‍ വച്ച് സൂക്ഷിക്കുന്നത് അപകടകരമാണെന്ന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍.

ഇടയ്ക്കിടയ്ക്ക് ഇങ്ങനെ സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തുന്നത് ശരിയല്ല. പ്രത്യേകിച്ചും വലിയ നേതാക്കള്‍. ഉള്ളിലുള്ളതല്ലേ പുറത്ത് വരാന്‍ പറ്റൂ. ബലാത്സംഗം എന്ന് പറയുന്നത് സ്ത്രീകളെ ബലമായി കീഴ്‌പ്പെടുത്തുകയും ആക്രമിക്കുകയും ചെയ്യുന്ന ഒന്നാണ്. മനുഷ്യ സമൂഹത്തിന് തന്നെ ഏറ്റവും അസഹനീയവും ഗുരുതരവുമായ കുറ്റകൃത്യമാണിത്. അതിനെ ഇങ്ങനെ വ്യാഖ്യാനിക്കുന്നത് എങ്ങനെയാണെന്നും മന്ത്രി പറഞ്ഞു. മുല്ലപ്പള്ളി രാമചന്ദ്രന്റെ സ്ത്രീ വിരുദ്ധ പരാമര്‍ശത്തില്‍ പ്രതികരിക്കുകയായിരുന്നു മന്ത്രി.

ബലാത്സംഗം ചെയ്യപ്പെട്ട സ്ത്രീകള്‍ അന്തസുണ്ടെങ്കില്‍ ആത്മഹത്യ ചെയ്യുമെന്നാണ് അദ്ദേഹം പറയുന്നത്. സ്ത്രീയുടെ കുറ്റമാണോ ബലാത്സംഗം. സ്ത്രീകളുടെ അന്തസ് കുറവ് കൊണ്ടാണോ ആത്മഹത്യ ചെയ്യാത്തത്. അതിന് വിധേയയാകുന്ന സ്ത്രീ ഒരിക്കലും കുറ്റവാളിയല്ല.

ബലാത്സംഗം ചെയ്യുന്ന ആളുകളാണ് കുറ്റവാളി. അവര്‍ ശിക്ഷിക്കപ്പെടണം. വലിയ ശാരീരികവും മാനസികവുമായ പ്രയാസമാണ് അവര്‍ അനുഭവിക്കുന്നത്. ആ സ്ത്രീകള്‍ ഉടന്‍ ആത്മഹത്യ ചെയ്യണമെന്ന് പറയുന്നത് അപകടകരമായിട്ടുള്ള മനസുള്ളവര്‍ക്കേ കഴിയൂ. ഇത് അങ്ങയറ്റത്തെ തെറ്റാണ്.

ഖേദം പ്രകടിപ്പിച്ചത് നല്ല കാര്യം. പക്ഷെ ഇടയ്ക്കിടയ്ക്ക് സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ ആവര്‍ത്തിക്കുന്നത് ശരിയല്ല. രാഷ്ട്രീയ പാര്‍ട്ടിക്കാര്‍ ഇത്തരം പ്രവണതകളെ പ്രതിരോധിക്കാനാണ് ശ്രമിക്കേണ്ടത്. അവരെ ആശ്വസിപ്പിക്കാനും സംരക്ഷിക്കാനുമൊക്കെയാണ് നോക്കേണ്ടതെന്നും മന്ത്രി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News