എല്ലാത്തിനോടും സ്‌നേഹം തോന്നുന്ന എല്ലാത്തിനെയും സ്നേഹത്തോടെ ചേര്‍ത്ത് പിടിക്കാന്‍ തോന്നുന്ന ഒരു അവസ്ഥയിലേക്ക് കാഴ്ചക്കാരെ കൂട്ടിക്കൊണ്ടുപോകുന്ന രാജശ്രീവാര്യർ

രാജശ്രീവാര്യർ എന്ന നർത്തകിയുടെ താളവും ബോധവും എപ്പോഴും നിലകൊണ്ടത് ജീവിക്കുന്ന കാലത്തോടുള്ള കടപ്പാടും ഉത്തരവാദിത്തവും നിറഞ്ഞ ആവിഷ്കാരങ്ങളിലൂടെയാണ്.പല കാര്യങ്ങളിലും മൗനമാണോ രാജശ്രീയുടെ മറുപടി എന്നാലോചിക്കുമ്പോൾ തന്നെ ഒരായിരം ചിലങ്കമണികളുടെ കിലുക്കവുമായി രാജശ്രീ സംസാരിച്ചുകൊണ്ടേയിരുന്നു .ഒട്ടേറെ സാമൂഹിക പ്രതിബദ്ധതയുള്ള വിഷയങ്ങൾ നൃത്തവുമായി ഇഴചേർക്കാൻ രാജശ്രീക്കായിട്ടുണ്ട് .

കഴിഞ്ഞ വര്ഷം നടത്തിയ ട്രാൻസ്ജെൻഡറുകളുടെ ജീവിത സംഘർഷങ്ങളുടെ നൃത്തരൂപം ഒരു ചെറിയ ഉദാഹരണം മാത്രം. രാജശ്രീവാര്യർ പല സ്ത്രീ കഥാപാത്രങ്ങളെയും വർത്തമാനകാലവുമായി കൂട്ടിയിണക്കുന്നത് എത്രമാത്രം ആലോചനയിലൂടെയും പരിശ്രമത്തിലൂടെയുമായിരിക്കും. എല്ലാത്തിനോടും സ്‌നേഹം തോന്നുന്ന എല്ലാത്തിനെയും സ്നേഹത്തോടെ ചേര്‍ത്ത് പിടിക്കാന്‍ തോന്നുന്ന ഒരു അവസ്ഥയിലേക്ക് കാഴ്ചക്കാരെ കൂട്ടിക്കൊണ്ടുപോകുന്ന രാജശ്രീ ,ശ്രീനാരായണഗുരുദേവൻ്റെ ദർശനമാല അവതരിപ്പിച്ചത് കല കാലത്തെയും അറിയുന്നു,അറിയണം എന്നതിന്റെ തെളിവാണ്.

ജാതിമത ചിന്തകൾക്ക്‌ അതീതമായി ജനങ്ങളെ കോർത്തിണക്കാനുള്ള ദർശനമായ ‌ ശ്രീനാരായണ ചിന്ത രാജശ്രീയിലൂടെ അവതരിപ്പിക്കപ്പെട്ടത് ലോകമെമ്പാടുമുള്ള കലാസ്വാദകരുടെ ഇടയിൽ (മലയാളികൾ മാത്രമല്ല എന്ന് എടുത്തു പറയേണ്ടതുണ്ട്)ഏറെ ചർച്ചയായിരുന്നു.പ്രസിദ്ധ സംഗീതജ്ഞൻ ടി എം കൃഷ്ണ ശാസ്ത്രീയ രൂപത്തിൽ അവതരിപ്പിച്ച ദര്ശനമാലയുടെ നൃത്തരൂപമാണ് രാജശ്രീ അവതരിപ്പിച്ചത്.അമേരിക്കയിലെ കൊളറാഡോ അസോസിയേഷൻ ഫോർ ഫൈൻ ആർട്സിന്റെ പ്രകൃതി ഓൺലൈൻ ഫെസ്റ്റിലാണ് ആദ്യമായി ഇത് അവതരിപ്പിച്ചത്.

ദർശനമാലയുടെ നൃത്തരൂപം എത്രത്തോളം വെല്ലുവിളി ആയിരുന്നു എന്ന് ചോദിച്ചപ്പോൾ രാജശ്രീ കൈരളി ന്യൂസ് ഓൺലൈനോട് പറഞ്ഞത് ഇങ്ങനെ :”വലിയ ഒരു വെല്ലുവിളിയും പ്രയത്നവുമായിരുന്നു ഗുരുദേവന്റെ ദര്ശനമാല അവതരിപ്പിക്കുക എന്നത്. എങ്ങനെയാണോ ഒരു വടവൃക്ഷം നിൽക്കുന്നത് ,അതായതു ഒരേസമയം ഉയർന്നു മുകളിലേക്ക് പോകുമ്പോഴും അതിനു താഴേക്കും വളർച്ചയുണ്ട്.താഴെ ഭൂമിയിൽ തൊട്ട് വീണ്ടും മുകളിലേക്ക് വളരുന്നു.

അതുപോലൊരു സൈക്കിൾ പ്രക്രിയയാണ് സൃഷ്ട്ടി,സ്ഥിതി,സംഹാരം.ഇതെല്ലം ഒന്നാണെന്നുള്ള സത്യത്തെയാണ് ദർശനമാല പ്രതിഫലിപ്പിക്കുന്നത്.കോവിഡ് കാലത്ത് ഓൺലൈൻമാധ്യമത്തിലൂടെ ഇത്തരത്തിൽ ഒരാശയം അവതരിപ്പിച്ചപ്പോൾ മലയാളികൾ മാത്രമല്ല ലോകമെമ്പാടുമുള്ള കലാസ്വാദകർ ഏറ്റെടുത്തു എന്നത് വലിയ സന്തോഷവും ഭാഗ്യവുമാണ്”.നമുക്ക് ചുറ്റും നടക്കുന്ന വിവേചനങ്ങളോട് നൃത്തത്തിലൂടെ പ്രതികരിക്കുന്ന രാജശ്രീ കല ഒരു കലാപ്രവർത്തനം കൂടിയാണ് എന്ന്  വീണ്ടും തെളിയിക്കുകയാണ്.

“മൃദംഗവിദ്വാൻ കെ അരുൺപ്രകാശ്ന്റെ സംഗീതസംവിധാനവും ടി എം കൃഷ്ണയുടെ ആലാപനവും കൂടിച്ചേർന്ന സംഗീതത്തിൽ നിന്നും നൃത്തം മാറിനിൽക്കരുത് എന്ന് ആഗ്രഹിച്ചിരുന്നു.ആ പാട്ടിൽ ചില മൗനങ്ങളുണ്ട് .ആ മൗനങ്ങളെ അങ്ങനെ തന്നെ നിലനിർത്തിയാണ് നൃത്തം അവതരിപ്പിച്ചത്.സംഗീതം അറിയാവുന്നത് അതിൽ വലിയ സഹായകമായി.നൃത്തത്തിൽ സംഗീതം കൂടി ആസ്വദിക്കാൻ പറ്റുന്നു എന്ന് കാഴ്ചക്കാർ പറയുന്നത് കലാകാരിയെന്ന നിലയിൽ വലിയ അംഗീകാരമാണ്”

ജാതിസമൂഹത്തെയും അതിനെ താങ്ങിനിർത്തുന്ന ആശയപ്രപഞ്ചത്തെയും തകർക്കാൻ പ്രയത്നിച്ച ശ്രീനാരായണ ഗുരുദേവന്റെ കൃതികൾക്ക് ഇന്ന് എന്നത്തേക്കാളും പ്രസക്തിയുണ്ട് എന്ന് രാജശ്രീ വിശ്വസിക്കുന്നു .ജാതിമത ചിന്തകൾക്ക്‌ അതീതമായി ജനങ്ങളെ കോർത്തിണക്കാനുള്ള ദർശനമാണ്‌ ശ്രീനാരായണ ചിന്ത. തമ്മിൽ പൊരുതി ഒരു മതത്തിന്‌ മറ്റൊരു മതത്തിനുമേൽവിജയം കൈവരിക്കാനാവില്ലെന്ന്‌ ചൂണ്ടിക്കാട്ടിയ ഗുരുദേവന്റെ ആത്മീയ ചിന്ത പറയുകയും പ്രചരിപ്പിക്കുകയും ചെയ്യേണ്ടത് ഒരു കലാകാരി എന്ന നിലയിൽ എന്റെ കടമയാണ് എന്നാണ് രാജശ്രീ പറഞ്ഞത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News