തുടർച്ചയായി സ്ത്രീവിരുദ്ധ പരാമർശങ്ങൾ നടത്തുന്ന കെപിസിസി അധ്യക്ഷൻ നാടിന് അപമാനം: അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ

പീഡനത്തിനിരയായി പരാതി കൊടുക്കുന്ന സ്ത്രീയെ വളരെ മ്ലേച്ഛമായ ഭാഷ ഉപയോഗിച്ച് അധിക്ഷേപിക്കുന്നത് കേരളത്തിലെ കോൺഗ്രസ്‌ നേതാക്കന്മാരുടെ പതിവ് രീതിയായി മാറിക്കഴിഞ്ഞിരിക്കുന്നു. കോൺഗ്രസ്‌ അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പലതവണ സ്ത്രീവിരുദ്ധ പരാമർശങ്ങൾ നടത്തി സമൂഹത്തിനുതന്നെ അപമാനം വരുത്തിവെച്ച ആളാണ്.

പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തലയും ഈ കാര്യത്തിൽ വ്യത്യസ്തനല്ല. കേരളത്തിലെ കോണ്ഗ്രസ് നേതാക്കന്മാർ ഇത്തരത്തിലുള്ള പരാമർശങ്ങൾ നടത്തുന്നത് സംബന്ധിച്ച് കോൺഗ്രസ്‌ അഖിലേന്ത്യാ പ്രസിഡന്റിന്റെ നിലപാട് എന്താണെന്ന് വ്യക്തമാക്കപ്പെടേണ്ടതുണ്ട്. ഇത്തരത്തിലുള്ള സ്ത്രീവിരുദ്ധ പരാമർശം നടത്തുന്ന നേതാക്കന്മാർ തലപ്പത്തിരിക്കുന്നത് കോൺഗ്രസ്‌ പാർട്ടിക്ക് ഒട്ടുമേ ഭൂഷണമല്ല. മുല്ലപ്പള്ളിയുടെ പരാമർശം പീഡനത്തിനിരയാവുന്ന ഒരു സ്ത്രീയും ഭാവിയിൽ പരാതിപ്പെടാതിരിക്കാനും പീഡകർ രക്ഷപ്പെടാനുമാണ് ഇടയാക്കുക.

സ്ത്രീകൾക്ക് പരിരക്ഷ ഉറപ്പുവരുത്താനും പീഡനത്തിനിരയാവുന്ന സ്ത്രീകൾക്ക് നീതി ലഭിക്കണമെന്നും ആഗ്രഹിക്കുന്ന ഈ സമൂഹത്തിൽ, ഇത്തരം നിലപാട് ഒരു രാഷ്ട്രീയ പാർട്ടിയുടെ നേതൃത്വം തന്നെ കൈക്കൊള്ളുന്നത് തീർത്തും അപലപനീയമാണ്. വിവാദങ്ങൾ ഉണ്ടാകുമ്പോൾ, നടത്തിയ പരാമർശം പിൻവലിച്ച് മുഖം രക്ഷിക്കാനുള്ള ശ്രമം ഒരിക്കലും അംഗീകരിക്കാൻ സാധിക്കില്ല.

കോൺഗ്രസിന്റെ അധ്യക്ഷപദത്തിൽ നിന്ന് രാജി വെച്ച് മുല്ലപ്പള്ളി പൊതുസമൂഹത്തോട് മാപ്പുപറയുകയാണ് വേണ്ടത്. ഈ വ്യക്തിയെ പ്രസ്തുത സ്ഥാനത്തുനിന്ന് നീക്കേണ്ടത് സമൂഹത്തിന്റെ പൊതുവികാരമായിക്കണ്ട് കോൺഗ്രസ്‌ ഹൈക്കമാന്റ് നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here