കൊവിഡ്; മികച്ച ചികിത്സ ഉറപ്പാക്കാന്‍ മെഡിക്കല്‍ കോളേജില്‍ മന്ത്രിയുടെ നേതൃത്വത്തില്‍ അവലോകന യോഗം

തിരുവനന്തപുരം: കൊവിഡ്-19 രോഗികളുടെ എണ്ണം വര്‍ധിച്ചാല്‍ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ വച്ച് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറിന്റെ നേതൃത്വത്തില്‍ അവലോകന യോഗം നടന്നു. സെപ്റ്റംബറിലും ഒക്‌ടോബറിലും കോവിഡ് രോഗികളുടെ എണ്ണത്തില്‍ തിരുവനന്തപുരത്ത് ഏറെ വര്‍ധനവുണ്ടായിരുന്നു. ഇനിയും രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യം വന്നാല്‍ ഫലപ്രദമായി നേരിടാന്‍ മെഡിക്കല്‍ കോളേജിനെ സജ്ജമാക്കാനാണ് അവലോകന യോഗം നടത്തിയത്.

കിടക്കകള്‍, ഐ.സി.യു., വെന്റിലേറ്റര്‍, ഓക്‌സിജന്‍ ലഭ്യത, ജീവനക്കാര്‍, രോഗീ പരിചരണം എന്നിവ വിലയിരുത്തി. നിലവില്‍ മതിയായ കോവിഡ് ചികിത്സയ്ക്കായി കിടക്കകള്‍, ഐ.സി.യു., വെന്റിലേറ്റര്‍ എന്നിവ സജ്ജമാണ്. ഓക്‌സിജന്റെ ലഭ്യത ഉറപ്പ് വരുത്തിയിട്ടുണ്ട്. മാത്രമല്ല ബെഡിലുള്ള രോഗിക്ക് നേരിട്ട് ഓക്‌സിജന്‍ കൊടുക്കാനുള്ള സംവിധാനങ്ങളും ഒരുക്കി വരുന്നു.

ഇതിലൂടെ ഓക്‌സിജന്‍ മാത്രം ആവശ്യമായ രോഗികളെ പെട്ടെന്ന് വെന്റിലേറ്ററിലേക്ക് മാറ്റാതെ കിടക്കയില്‍ തന്നെ ഓക്‌സിജന്‍ ലഭ്യമാക്കാന്‍ സഹായിക്കുന്നു. ജീവനക്കാരുടെ എണ്ണത്തില്‍ പ്രത്യേകിച്ചും ഡോക്ടര്‍മാരുടെ എണ്ണത്തില്‍ കുറവില്ല. മാറുന്ന സാഹചര്യമനുസരിച്ച് ആവശ്യമെങ്കില്‍ മറ്റ് വിഭാഗങ്ങളിലെ ജീവനക്കാരെ കോവിഡ് പരിചരണത്തിനായി പുനര്‍വിന്യസിക്കുന്നതാണ്. ആവശ്യാനുസരണം താത്ക്കാലിക ജീവനക്കാരെ അടിയന്തരമായി നിയമിക്കാനും മന്ത്രി നിര്‍ദേശം നല്‍കി.

എല്ലാ വിഭാഗങ്ങളിലേയും ഡോക്ടര്‍മാരെ ആവശ്യാനുസരണം കോവിഡ് രോഗികളുടെ പരിചരണത്തിനായി നിര്‍ബന്ധമായും വിന്യസിക്കേണ്ടതാണെന്ന് മന്ത്രി നിര്‍ദേശം നല്‍കി. കോവിഡ് ഇതര രോഗികള്‍ക്കും ചികിത്സ ഉറപ്പാക്കണം. രോഗീ പരിചരണത്തിനും മാനസികാരോഗ്യത്തിനും പ്രത്യേക ശ്രദ്ധ നല്‍കണമെന്നും മന്ത്രി വ്യക്തമാക്കി.

ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ എന്‍. ഖോബ്രഗഡെ, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഡോ. എ. റംലാബീവി, ജോ. ഡയറക്ടര്‍ ഡോ. തോമസ് മാത്യു, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സാറ വര്‍ഗീസ്, ആശുപത്രി സൂപ്രണ്ട് ഡോ. എം.എസ്. ഷര്‍മ്മദ്, എസ്.എ.ടി. ആശുപത്രി സൂപ്രണ്ട് ഡോ. എ. സന്തോഷ് കുമാര്‍, കോവിഡ് സെല്‍ ചീഫ് ഡോ. നിസാറുദ്ദീന്‍, ഡെപ്യൂട്ടി സൂപ്രണ്ടുമാര്‍, ആര്‍.എം.ഒ., വിവിധ വകുപ്പ് മേധാവികള്‍, ഡി.പി.എം. ഡോ. പി.വി. അരുണ്‍, കാസ്പ് ജോ. ഡയറക്ടര്‍ ഡോ. ബിജോയ് എന്നിവര്‍ അവലോകന യോഗത്തില്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here