ന്യൂസിലന്‍ഡിന് മലയാളി മന്ത്രിയും; പ്രിയങ്കാ രാധാകൃഷ്ണന്‍ ന്യൂസിലന്‍ഡ് മന്ത്രിസഭയിലെത്തുന്ന ആദ്യ ഇന്ത്യന്‍ വംശജ

ന്യൂസിലന്‍ഡില്‍ ജസീന്താ ആര്‍തറിന്റെ ലേബര്‍ പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് വിജയം ന്യൂസിലന്‍ഡിന്റെ തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ ഒരുപാട് പുതിയ ഏടുകള്‍ എഴുതിച്ചേര്‍ത്തിരുന്നു. ജസീന്തയുടെ രണ്ടാം മന്ത്രിസഭയും രാജ്യത്തിന്റെ ചരിത്രത്തില്‍ അടയാളപ്പെടുത്തുന്നതിനൊപ്പം മലയാളികള്‍ക്കും ഏറെ അഭിമാനിക്കാവുന്ന ഒന്നായി മാറുകയാണ്.

ന്യൂസിലന്‍ഡ് മന്ത്രിസഭയിലെ ആദ്യ ഇന്ത്യന്‍ വംശജയായി മലയാളികൂടിയായ പ്രിയങ്കാ രാധാകൃഷ്ണന്‍ ചുമതലയേല്‍ക്കുകയാണ്.
ലേബര്‍ പാര്‍ട്ടി എംപിയായ പ്രിയങ്ക രാധാകൃഷ്ണന് സമൂഹിക വികസനം, യുവജനക്ഷേമം, സന്നദ്ധമേഖല എന്നീ വകുപ്പുകളുടെ ചുമതലയാണ് നല്‍കിയിരിക്കുന്നത്. തൊഴില്‍ സഹമന്ത്രി ചുമതല കൂടി ഇവര്‍ക്ക് നല്‍കിയിട്ടുണ്ട്.

രണ്ടാം വട്ടം എംപിയാവുന്ന വ്യക്തിക്ക് മൂന്ന് വകുപ്പുകളുടെ മന്ത്രിസ്ഥാനവും മറ്റൊരു വകുപ്പിന്റെ സഹമന്ത്രിസ്ഥാനവും ലഭിക്കുന്നത് വലിയ നേട്ടം തന്നെയാണ്.

കഴിഞ്ഞ മന്ത്രിസഭയില്‍ മന്ത്രിയായിരുന്ന ജെന്നി സെയില്‍സയുടെ പേഴ്സണല്‍ സെക്രട്ടറിയായിരുന്നു പ്രിയങ്ക രാധാകൃഷ്ണന്‍. ലേബര്‍ പാര്‍ട്ടി സര്‍ക്കാരിന്റെ രണ്ടാമത്തെ ടേമില്‍ അസിസ്റ്റന്റ് സ്പീക്കര്‍ പദവിയും വഹിച്ചിരുന്നു.

എറണാകുളം പറവൂര്‍ സ്വദേശിയാണ് പ്രിയങ്ക രാധാകൃഷ്ണന്‍. എറണാകുളം ജില്ലയിലെ പറവൂര്‍ മാടവനപ്പറമ്പ് രാമന്‍ രാധാകൃഷ്ണന്‍ – ഉഷ ദമ്പതികളുടെ മകളായ പ്രിയങ്ക 14 വര്‍ഷമായി ലേബര്‍ പാര്‍ട്ടി പ്രവര്‍ത്തകയാണ്. ക്രൈസ്റ്റ് ചര്‍ച്ച് സ്വദേശിയും ഐടി ജീവനക്കാരനുമായ റിച്ചാര്‍ഡ്സണാണു ഭര്‍ത്താവ്.

നേരത്തെ ലേബര്‍പാര്‍ട്ടിയുടെ തുടര്‍ച്ചയായ രണ്ടാം വിജയം രാജ്യത്തിന്റെ തെരഞ്ഞെടുപ്പ് ചരിത്രത്തിലാദ്യമായി ഒരു രാഷ്ട്രീയ കക്ഷിക്ക് ഒറ്റയ്ക്ക് ലഭിക്കുന്ന എറ്റവും ഉയര്‍ന്ന വോട്ട് വിഹിതത്തോടെയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News