ദില്ലിയില്‍ തനിക്ക് വലിയ സ്വാധീനം; സ്വര്‍ണക്കടത്ത് കേസില്‍ റമീസിന്‍റെ നിര്‍ണ്ണായക മൊ‍ഴി

സ്വര്‍ണക്കടത്ത് കേസില്‍ റമീസിന്‍റെ നിര്‍ണ്ണായക മൊ‍ഴി. സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കസ്റ്റംസ് കോഫെ പോസബോര്‍ഡിന് നല്‍കിയ റിപ്പോര്‍ട്ടിലാണ് റമീസിന്‍റെ നിര്‍ണ്ണായക മൊ‍ഴി.

ദില്ലിയില്‍ തനിക്ക് വലിയ സ്വാധീനമുണ്ടെന്നാണ് റമീസിന്‍റെ വെളിപ്പെടുത്തല്‍.സ്വര്‍ണ്ണക്കടത്ത് കേസില്‍ പിടിക്കപ്പെട്ടാലും ഭയപ്പെടേണ്ടതില്ലെന്ന് സരിത്തിനെ ബോധ്യപ്പെടുത്താന്‍വേണ്ടി റമീസ് പറഞ്ഞ കാര്യങ്ങള്‍ ഇവയാണ്.

പാസ്സ്പോര്‍ട്ട് പിടിച്ചുവെക്കുകയാണെങ്കില്‍ വിട്ടുകിട്ടാനായി താന്‍ ഇടപെടാം. കസ്റ്റംസ് പരമാവധി കോഫെപോസ ചുമത്തുകയാണ് ചെയ്യുക. എങ്കിലും ഒരു വര്‍ഷമൊന്നും ജയിലില്‍ കിടക്കേണ്ടി വരില്ല. ദില്ലിയിലെ സ്വാധീനമുപയോഗിച്ച് 6 മാസം കൊണ്ട് പുറത്തിറക്കാന്‍ തനിക്ക് ക‍ഴിയും.

മുന്‍പൊരിക്കല്‍ തനിക്കെതിരെ കോഫെ പോസ ചുമത്തിയപ്പോള്‍ 6 മാസംകൊണ്ട് താന്‍ പുറത്തിറങ്ങിയിട്ടുണ്ടെന്നും റമീസ് സരിത്തിനോട് പറഞ്ഞതായും കോഫെ പോസ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

കൂടാതെ സ്വര്‍ണ്ണമടങ്ങിയ ബാഗേജ് തടഞ്ഞുവെച്ചപ്പോള്‍ അറ്റാഷേ ക്ഷുഭിതനായെന്ന സ്വപ്നയുടെ മൊ‍ഴിയും റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.ബാഗേജ് തടഞ്ഞുവെച്ച കസ്റ്റംസ് ഓഫീസര്‍ രാമ മൂര്‍ത്തിയെ കസ്റ്റംസില്‍ നിന്ന് പുറത്താക്കാന്‍ സ്വപ്ന തന്‍റെ സ്വാധീനം ഉപയോഗിക്കണമെന്ന് അറ്റാഷെ പറഞ്ഞതായും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

പ്രതികള്‍ക്ക് ദില്ലികേന്ദ്രീകരിച്ചും വലിയ സ്വാധീനമുണ്ടെന്ന് വ്യക്തമാവുന്നതാണ് കസ്റ്റംസിന്‍റെ ഈ കോഫെ പോസ റിപ്പോര്‍ട്ട്.അതേ സമയം സ്വപ്ന സരിത്ത് സന്ദീപ് എന്നിവരെ ജയിലിലെത്തി ചോദ്യം ചെയ്യാന്‍ ഇ ഡിക്ക് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി അനുമതി നല്‍കി.

നാളെ മുതല്‍ അടുത്ത മൂന്ന് ദിവസം ചോദ്യം ചെയ്യാനാണ് അനുമതി.രാവിലെ 10 നും വൈകീട്ട് നാലിനും ഇടയില്‍ കൃത്യമായ ഇടവേളകള്‍ നല്‍കി മാത്രമെ ചോദ്യം ചെയ്യാവൂയെന്ന ഉപാധികളോടെയാണ് കോടതിയുടെ അനുമതി.കേസില്‍ ഇ ഡി കസ്റ്റഡിയിലുള്ള ശിവശങ്കറിന്‍റെ മൊ‍ഴിയിലെ പുതിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇ ഡി മറ്റ് പ്രതികളെ വീണ്ടും ചോദ്യം ചെയ്യാന്‍ തീരുമാനിച്ചത്.

ഇതിനിടെ എന്‍ ഐ എ കസ്റ്റഡി കാലാവധി അവസാനിച്ചതിനെത്തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയ റബിന്‍സിനെ ഈ മാസം 5 വരെ എന്‍ ഐ എ കോടതി റിമാന്‍ഡ് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News