മുല്ലപ്പള്ളിയുടെ സ്ത്രീ വിരുദ്ധ പരാമര്‍ശം; സ്ത്രീകളെ അപമാനിക്കുന്നതും, പൊതു സമൂഹത്തിൽ സ്ത്രീ പദവിയെ ഇകഴ്ത്തുന്നതുമാണെന്ന് ഓൾ ഇന്ത്യാ ലോയേഴ്സ് യൂണിയൻ

കൊച്ചി:‌ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളിരാമചന്ദ്രന്റെ സ്ത്രീ വിരുദ്ധ പ്രസ്താവന സ്ത്രീകളെ അപമാനിക്കുന്നതും, പൊതു സമൂഹത്തിൽ സ്ത്രീ പദവിയെ ഇകഴ്ത്തുന്നതുമാണെന്ന് ഓൾ ഇന്ത്യാ ലോയേഴ്സ് യൂണിയൻ.

അധികാര സ്ഥാനീയരിൽ നിന്നും കൊടിയ പീഢനത്തിനും ചൂഷണത്തിനും ഇരയായ ഒരു സ്ത്രീയെ മുഖ്യ പ്രതിപക്ഷ കക്ഷിയുടെ സംസ്ഥാന അദ്ധ്യക്ഷൻ പരസ്യമായും സംസ്കാര ശൂന്യമായ പദപ്രയോഗങ്ങൾ ഉപയോഗിച്ച് അപഹസിച്ചതും ഞെട്ടലുളവാക്കുന്ന ഒന്നാണ്.

സ്ത്രീകൾക്കെതിരായ ലൈംഗിക അക്രമണങ്ങൾക്കും പീഢനങ്ങൾക്കും എതിരായി ശക്തമായ ചെറുത്ത് നിൽപ്പും പ്രതിഷേധവും ഉയർന്ന് വരേണ്ട ഒരു കാലത്ത് പുരോഗമനപരമായ ഇടപെടലുകളാണ് പൊതു സമൂഹം ഉത്തരവാദപ്പെട്ട രാഷ്ട്രീയ നേതൃത്വത്തിൽ നിന്ന് പ്രതീക്ഷിക്കുന്നത്.

ബലാത്സംഗത്തിന് ഇരയാകുന്ന സ്ത്രീകൾ ആത്മഹത്യ ചെയ്യണമെന്ന പ്രസ്താവന വികലമായ പുരുഷാധിപത്യ മന:സ്ഥിതിയെ ആണ് വെളിവാക്കുന്നതെന്നും എ ഐ എൽ യു സംസ്ഥാന വനിതാ സബ് കമ്മറ്റി ചൂണ്ടിക്കാട്ടി.

ബലാത്സംഗം പോലെ അത്യന്തം ഹീനമായ ഒരു കുറ്റ കൃത്യത്തെ ലളിതവൽക്കരിക്കും വിധം മുല്ലപ്പള്ളി രാമചന്ദ്രൻ നടത്തിയ പ്രസ്താവന കേരളീയ സമൂഹത്തിന് തന്നെ അപമാനകരമാണ്.

ബലാത്സംഗത്തിന് ഇരയായ സ്ത്രീക്ക് നിയമ പരിരക്ഷയും സംരക്ഷണവുമാണ് ആവശ്യം, പകരം അവളിൽ അശുദ്ധി ആരോപിച്ച് പരസ്യ വിചാരണ നടത്തുന്നത് സ്ത്രീത്വത്തെ അപമാനിക്കലാണ്. നിയമപരമായി കുറ്റകരവും പ്രാകൃതവുമാണ് ഇത്തരം നിലപാടുകൾ.

ഉത്തരവാദപ്പെട്ട സ്ഥാനങ്ങൾ വഹിക്കുന്ന രാഷ്ട്രിയ പാർട്ടി നേതാക്കളുടെ ഇത്തരം തരംതാണ പരാമർശങ്ങൾ പൊതു സമൂഹത്തിനു തെറ്റായ സന്ദേശം നൽകുവാനേ ഉപകരിക്കു. മുല്ലപ്പളളി രാമചന്ദ്രനെതിരായി നിയമനടപടികൾ സ്വീകരിക്കണമെന്ന് സംസ്ഥാന വനിതാ കമ്മറ്റി ചെയർപേഴ്സൺ അഡ്വ. അയിഷാ പോറ്റി എം. എൽ. എ, കൺവീനർ അഡ്വ. ലതാ തങ്കപ്പൻ എന്നിവർ ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News