കേരളപ്പിറവി ദിനാഘോഷവും ഓണ്‍ലൈൻ പുസ്തകപ്രകാശനവും

ഭാഷയ്ക്കും ഭാഷാസാങ്കേതിക വിദ്യയ്‌ക്കും പ്രാധാന്യം നൽകുമെന്ന് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ തിരഞ്ഞെടുപ്പു പ്രകടനപത്രികയിൽ പറഞ്ഞിരുന്നുവെന്നും കുട്ടികൾക്ക് മാതൃഭാഷാ പഠനം ഉറപ്പു വരുത്തുന്നതിനാണ് 2017-ൽ മലയാളഭാഷാ പഠനനിയമം പാസ്സാക്കാൻ സർക്കാർ മുൻകൈയെടുത്തതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.

കേരളപ്പിറവി ദിനാഘോഷം പ്രമാണിച്ച് 2020 നവംബർ മാസം 2-ാം തീയതി നിയമസഭയിലെ ശങ്കരനാരായണൻ തമ്പി മെമ്പേഴ്സ് ലോഞ്ചിൽ വച്ച് ഓൺലൈൻ പുസ്തക പ്രദർശനവും, ‘ഉണരുന്ന വായന വളരുന്ന മലയാളം’ എന്ന വിഷയത്തിൽ വെബിനാറും വീഡിയോ കോൺഫറൻസ് വഴി ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മലയാളം പഠിക്കാതെ ബിരുദം വരെ എടുക്കാവുന്ന ഏക സംസ്ഥാനമാണ് കേരളമെന്നും ഈ സ്ഥിതി മാറണമെന്നും അദ്ദേഹം പറഞ്ഞു.

ഭരണ മലയാളം എന്ന ഓൺലൈൻ നിഘണ്ടുവും ഓൺലൈൻ ആപ്പും ജില്ലകൾ തോറും ഭരണഭാഷാ അവബോധം സംഘടിപ്പിക്കലും നടത്തിവര‌ുന്നു. ഈ സർക്കാർ ഇംഗ്ലീഷിനോ മറ്റു ന്യൂനപക്ഷ ഭാഷകൾക്കോ ഏതിരല്ല. അത് ഉപയോഗിക്കേണ്ട സന്ദർഭം ഒഴികെ എല്ലായ്‌പോഴും ഭരണഭാഷ മലയാളത്തിൽ തന്നെ ആക്കാനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.

നിയമസഭാ സ്പീക്കർ ശ്രീ.പി. ശ്രീരാമകൃഷ്ണൻ അധ്യക്ഷനായുള്ള ചടങ്ങിൽ പട്ടികജാതി പട്ടികവർഗ്ഗ പാർലമെന്ററി നിയമകാര്യ സാംസ്ക്കാരിക വകുപ്പു മന്ത്രി ശ്രീ. എ.കെ. ബാലൻ ആശംസകളർപ്പിച്ച് സംസാരിച്ചു. പരിപാടിയിൽ പ്രശസ്ത സാഹിത്യകാരനും വയലാർ അവാർഡ് ജേതാവുമായ ശ്രീ. ഏഴാച്ചേരി രാമചന്ദ്രൻ പ്രഭാഷണം നടത്തി. സാമാജികർ ഓൺലൈനായി പരിപാടിയിൽ പങ്കെടുക്കുകയുണ്ടായി.

മലയാളം ഒരു ഭാഷയായി രൂപാന്തരപ്പെടുന്നതിൽ നവോത്ഥാനത്തിന്റെയും ഭാഷാപരമായ വിമോചന പോരാട്ടങ്ങളുടെയും വലിയ ചരിത്രമുണ്ടെന്ന് സ്പീക്കർ ശ്രീ.പി. ശ്രീരാമകൃഷ്ണൻ അദ്ധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു. കേവലം വ്യാകരണാദികൾ പഠിപ്പിക്കാനല്ല മറിച്ച് ലോകത്തുള്ള സർവ വിജ്ഞാനങ്ങളും നമ്മുടെ ഭാഷയിൽ ലഭ്യമാക്കാനുള്ള സർവകലാശാലയാണ് വേണ്ടതെന്ന് താനുൾപ്പെടെയുള്ളവർ മലയാളം സർവകലാശാലാ ബില്ലിന്റെ നിയമ നിർമ്മാണം സംബന്ധിച്ച ചർച്ചാ വേളയിൽ പറഞ്ഞ കാര്യം സ്പീക്കർ അനുസ്മരിച്ചു. ഒരു വ്യക്തിയുടെ അടിസ്ഥാനസ്വത്വം ഭാഷ മാത്രമാണെന്ന് അദ്ദേഹം കൂട്ടിചേർത്തു.

മലയാളഭാഷയെയും സംസ്ക്കാരത്തെയും കുറിച്ച് വികാരത്തോടെ ഓർക്കുന്ന അവസരമാണ് കേരളപ്പിറവി ദിനമെന്ന് ആശംസാപ്രസംഗത്തിൽ നിയമപാർലമെന്ററി കാര്യ വകുപ്പ് മന്ത്രി ശ്രീ. എ.കെ. ബാലൻ പറഞ്ഞു. മലയാള ഭാഷയെ നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിലും ഭരണ നിർവഹണത്തിലും ഉറപ്പിച്ചു നിർത്താനുള്ള നടപടികൾ സംസ്ഥാന സർക്കാർ സ്വീകരിച്ചെന്ന് അദ്ദേഹം പറഞ്ഞു. ജനവിഭാഗങ്ങൾ നിത്യജീവിതത്തിലുപയോഗിച്ചിരുന്ന വാക്കുകൾക്ക് ഉച്ചനീചത്വം ഉണ്ടായിരുന്ന ഒരു കാലഘട്ടത്തിൽ നിന്ന് ഭാഷയെ എല്ലാവരുടേതുമാക്കി മാറ്റിയെടുക്കുൻ സാമൂഹ്യ നവോത്ഥാന പ്രസ്ഥാനങ്ങളും രാഷ്ട്രീയ പ്രസ്ഥാനങ്ങളും വലിയ പങ്ക് വഹിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.

സമൂഹത്തിലെ തിന്മകൾക്കെതിരെ പ്രതികരിക്കാനുള്ള സർഗ്ഗപരമായ വിവേകം എഴുത്തുകാർക്കുണ്ടാകണമെന്ന് പ്രശസ്ത കവി ശ്രീ. ഏഴാച്ചേരി രാമചന്ദ്രൻ പ്രസ്താവിച്ചു. പുതിയൊരു വായനാസംസ്കാരം സംസ്ഥാനത്തു കൊണ്ടുവരുന്നതിൽ നിയമസഭാ ലൈബ്രറിയുൾപ്പെടെയുള്ള ഗ്രന്ഥശാല പ്രസ്ഥാനത്തിന് സാധിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. മലയാളികളുടെ ഹൃദയഭാഷ മലയാളമാകണമെന്നും വായനയുടെ വസന്തകാലത്തേയ്ക്ക് മടങ്ങിപ്പോകേണ്ടത് ആവശ്യമാണെന്നും മാത്യകുലത്തിന്റെ വായന ശക്തമാകണമെന്നും അദ്ദേഹം പറഞ്ഞു.

നിയമസഭയുടെ ഉപഹാരം സ്പീക്കർ ശ്രീ. പി. ശ്രീരാമകൃഷ്ണൻ ഏഴാച്ചേരി രാമചന്ദ്രന് നൽകി. ചടങ്ങിൽ ലൈബ്രറി അഡ്വൈസറി കമ്മിറ്റി ചെയർമാൻ ശ്രീ. മാണി സി. കാപ്പൻ എം.എൽ.എ. സ്വാഗതവും നിയമസഭാ സെക്രട്ടറി ശ്രീ. എസ്.വി. ഉണ്ണികൃഷ്ണൻ നായർ കൃതജ്ഞതയും പറഞ്ഞു. നിയമസഭ സെക്രട്ടേറിയറ്റ് തയ്യാറാക്കിയ “കേരളം പാസ്സാക്കിയ നിയമങ്ങൾ- പ്രഭാവപഠനങ്ങൾ”, എന്ന ഗ്രന്ഥം സ്പീക്കർ മന്ത്രി ശ്രീ. എ.കെ. ബാലന് നൽകി കൊണ്ടും “പതിമൂന്നാം കേരള നിയമസഭ- ഒരു അവലോകനം ”, എന്ന ഗ്രന്ഥം ശ്രീ. മുഹമ്മദ് മുഹസിൻ എം.എൽ.എ യ്ക് നൽകി കൊണ്ടും “നാഷണൽ സ്റ്റുഡന്റ്സ് പാർലമെന്റ് കേരളം-2019 സുവനീറുകൾ” ഏഴാച്ചേരി രാമചന്ദ്രന് നൽകികൊണ്ടും പ്രകാശന കർമ്മം നിർവ്വഹിച്ചു. നിയമസഭാ സെക്രട്ടേറിയറ്റിലെ ഔദ്യോഗിക ഭാഷാ വകുപ്പുതല സമിതി ജീവനക്കാർക്കായി സംഘടിപ്പിച്ച 2019-ലെ ഭരണഭാഷാ സേവന പുരസ്കാരവും 2020-ലെ വായനാദിനത്തോടനുബന്ധിച്ച് നടത്തിയ വായനാക്കുറിപ്പ് മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനദാനവും നിർവ്വഹിക്കുകയുണ്ടായി. ഭരണഭാഷാ പ്രതിജ്ഞ, ഓൺലൈൻ പുസ്തക പ്രദർശനം, കവിതാശകലങ്ങള്‍ കോർത്തിണക്കിയ ‘കാവ്യമാല’ എന്നിവയും സംഘടിപ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News