അന്വേഷണ ഏജൻസികൾ പൊതുജനങ്ങളുടെ വിശ്വാസ്യത തകർക്കരുത്: മുഖ്യമന്ത്രി

അന്വേഷണങ്ങള്‍ യാഥാര്‍ത്ഥത്തില്‍ സംഭവത്തിന്‍റെ സത്യാവസ്ഥ കണ്ടെത്തുന്നതിനുവേണ്ടിയുള്ള തെളിവുശേഖരണ പ്രക്രിയയാണ്. അത് മുന്‍വിധിയുടെ അടിസ്ഥാനത്തിലാവരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

പൊതുജനങ്ങളുടെ വിശ്വാസ്യത ആര്‍ജ്ജിക്കേണ്ടതും കക്ഷിരാഷ്ട്രീയത്തിനതീതമായി നില്‍ക്കേണ്ടതും ലഭ്യമാകുന്ന തെളിവുകളുടെ അടിസ്ഥാനത്തില്‍ നിഗമനങ്ങളിലെത്തേണ്ടതും പ്രൊഫഷണലായി അന്വേഷണം നടത്തേണ്ടതുമായ ഏജന്‍സികള്‍ ആ അടിസ്ഥാനതത്വങ്ങളില്‍ നിന്ന് വ്യതിചലിക്കുമ്പോഴാണ് എവിടെ നീതി എന്ന ചോദ്യം ഉയരുന്നത്.

അന്വേഷണങ്ങള്‍ യാഥാര്‍ത്ഥത്തില്‍ സംഭവത്തിന്‍റെ സത്യാവസ്ഥ കണ്ടെത്തുന്നതിനുവേണ്ടിയുള്ള തെളിവുശേഖരണ പ്രക്രിയയാണ്. അത് മുന്‍വിധിയുടെ അടിസ്ഥാനത്തിലാവരുത്. അവ ഏതന്വേഷണത്തിന്‍റെയും താളം തെറ്റിക്കും. പ്രൊഫഷണല്‍ അന്വേഷണം തുറന്ന മനസ്സോടെയുള്ള ഒന്നായിരിക്കണം. ഇന്നയാളെയോ, ഒരു പ്രത്യേക വിഭാഗത്തെയോ പ്രതിസ്ഥാനത്തു നിര്‍ത്തണം എന്ന ഉദ്ദേശത്തോടുകൂടി ഒരു പ്രക്രിയ നടന്നാല്‍ അതിനെ അന്വേഷണം എന്നു വിശേഷിപ്പിക്കാന്‍ കഴിയില്ല. അത് ദുരുപദിഷ്ടിതമായ ലക്ഷ്യങ്ങളോടെയുള്ള മറ്റെന്തോ ആയി മാറും.

അന്വേഷണത്തിന്‍റെ വഴികള്‍

ജൂലൈ 2020 മുതല്‍ നമുക്കു മുന്നില്‍ ചുരുളഴിയുന്ന ചില കാര്യങ്ങളില്‍ ശരിയായ ദിശയിലേക്കാണോ നീങ്ങുന്നത് എന്ന് നോക്കേണ്ടതുണ്ട്. സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട പ്രശ്നത്തിലാണ് അന്വേഷണം ആരംഭിച്ചത്. എന്നാല്‍ അതിന്‍റെ പേരില്‍ ലൈഫ് മിഷന്‍, ഇലക്ട്രിക് വെഹിക്കിള്‍ നയം എന്നിവയെ എല്ലാം ചുറ്റിപ്പറ്റി ധാരാളം ആരോപണ ശരങ്ങള്‍ പൊതുമണ്ഡലത്തില്‍ എയ്തുവിടപ്പെട്ടിട്ടുണ്ട്.

ഇവിടെ ഒന്നിലധികം കേന്ദ്ര ഏജന്‍സികള്‍ പലതരം അന്വേഷണങ്ങള്‍ നടത്തുന്നുണ്ട്. സ്വര്‍ണ്ണക്കടത്ത് സംഭവത്തില്‍ കസ്റ്റംസ്, റെഡ് ക്രസന്‍റ് സംഭവത്തില്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്, സി.ബി.ഐ, മറ്റുചില വിഷയങ്ങളില്‍ എന്‍.ഐ.ഐ എന്നിവയെല്ലാം അന്വേഷണം നടത്തിവരികയാണ്.

ഒരു അന്വേഷണ ഏജന്‍സിക്ക് തെളിവുശേഖരണത്തിന്‍റെ ഭാഗമായി ചിലപ്പോള്‍ ഒരുദ്യോഗസ്ഥനെ വിളിച്ചുവരുത്തേണ്ടതായിവരാം. ഏതെങ്കിലും രേഖകള്‍ പരിശോധിക്കേണ്ടതായിവരാം. എന്നാല്‍ ഇതിന് ഒരോ ഏജന്‍സികള്‍ക്കും പരിധികളുണ്ട്. ഇന്ത്യന്‍ സമ്പദ്ഘടനയുടെ തീരാ ശാപമായി നില്‍ക്കുന്ന ഒന്നാണ് കള്ളപ്പണം. ഏറ്റവും കുറഞ്ഞപക്ഷം നമ്മുടെ ആഭ്യന്തരവരുമാനത്തിന്‍റെ 25 ശതമാനത്തോളമാണ് സമാന്തര സമ്പദ്ഘടനയുടെ വലിപ്പം എന്ന് ഈ രംഗത്തെ വിദഗ്ദ്ധര്‍ അനുമാനിച്ചിട്ടുണ്ട്. ഇങ്ങനെ ഭീമാകാരമായ ഒരു സമ്പദ്ഘടന വളര്‍ന്നുവന്നപ്പോഴാണ് കര്‍ക്കശമായ ചില നിയമങ്ങള്‍ നമ്മുടെ രാജ്യത്തുണ്ടായത്.

അതിലൊന്നാണ് കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമം. കള്ളപ്പണം രാജ്യത്തിനകത്തോ, പുറത്തോ ഉണ്ടാകുകയും അതിനെ ക്രിമിനല്‍ സ്വഭാവമുള്ള പ്രവൃത്തികളുമായി ബന്ധപ്പെടുത്താന്‍ കഴിയുമ്പോഴാണ് ഈ നിയമം ബാധകമാകുന്നത്. ഇതു നടപ്പാക്കുന്ന ഏജന്‍സി എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റാണ്. അതാണ് അവരുടെ അധികാര പരിധി. അതിനപ്പുറമുള്ള അധികാരമൊന്നും ഈ സ്ഥാപനത്തിനില്ല. വസ്തുത ഇതായിരിക്കെ അതിനപ്പുറം നടത്തുന്ന ഇടപെടല്‍ ശരിയായ ദിശയിലുള്ളതാണോയെന്ന് ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്.

ഭരണഘടനാ തത്വങ്ങള്‍ പാലിക്കണം

നമ്മുടെ ഭരണഘടനയുടെ അവിഭാജ്യഘടകമാണ് നിര്‍ദ്ദേശകതത്വങ്ങള്‍. കേന്ദ്രത്തെപ്പോലെതന്നെ തുല്യ ഉത്തരവാദിത്വം ഇത് നടപ്പാക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്കുമുണ്ട്. സാമ്പത്തിക അസമത്വങ്ങള്‍ ലഘൂകരിക്കാനും പുരോഗമനപരമായ നടപടികള്‍ സ്വീകരിക്കാനും സര്‍ക്കാരുകളെ പ്രതിജ്ഞാബദ്ധമാക്കുന്ന ലക്ഷ്യത്തോടെയാണ് ഭരണഘടനയില്‍ ഇവ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

അതനുസരിച്ച് പ്രവര്‍ത്തിക്കുവാനുള്ള ഉത്തരവാദിത്തവും അവകാശവും സംസ്ഥാന സര്‍ക്കാരിനുണ്ട്. എന്നാല്‍ അത്തരം അവകാശങ്ങളെയും സര്‍ക്കാരിന്‍റെ വികസന പദ്ധതികളെയും ഇരുട്ടില്‍ നിര്‍ത്തുന്നതിനുള്ള പരിശ്രമങ്ങള്‍ ഇപ്പോള്‍ നടന്നുവരികയാണ്.

ഉദ്യോഗസ്ഥരുടെ മനോവീര്യം തകര്‍ക്കുന്നു

ഇവിടെ ഭൂരഹിതരും ഭവനരഹിതരുമായുള്ള ആളുകള്‍ക്ക് അടച്ചുറപ്പുള്ള ഭവനം നല്‍കാനുള്ള പദ്ധതിയാണ് ലൈഫ്. സുതാര്യമായ പ്രക്രിയയിലൂടെ കേന്ദ്രാവിഷ്കൃത പദ്ധതികളുമായി സമന്വയിപ്പിച്ച് കേരളം നടപ്പാക്കുന്ന പദ്ധതിയാണ് ലൈഫ്. അതിനെയാകമാനം താറടിക്കുന്ന പ്രവര്‍ത്തനങ്ങള്‍ പല ഭാഗത്തുനിന്നും നടക്കുന്നുണ്ട്.

പദ്ധതിയുടെ വിജയത്തിനായി ആശ്രാന്ത പരിശ്രമം നടത്തുന്ന ഉദ്യോഗസ്ഥരുടെ മനോവീര്യം തകര്‍ക്കാന്‍ പദ്ധതി സമയബന്ധിതമായി ലക്ഷ്യങ്ങള്‍ കൈവരിക്കുന്നത് തടയാന്‍ ഒക്കെയുള്ള നടപടികള്‍ അന്വേഷണ ഏജന്‍സികളുടെ ഭാഗത്തുനിന്നുണ്ടായാല്‍ അതിനെ സുതാര്യവും നിഷ്പക്ഷവുമായ അന്വേഷണത്തിന്‍റെ സ്വാഭാവിക പ്രവര്‍ത്തനമായി കാണാന്‍ കഴിയില്ല.

അവധി ദിവസങ്ങള്‍ക്ക് തൊട്ടുമുമ്പ് ഈ പദ്ധതിയുടെ ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥനെ രണ്ടാം തവണ സമന്‍സ് അയച്ച് വിളിച്ചുവരുത്തിയിരുന്നു. പദ്ധതിയുടെ എല്ലാ രേഖകളും മറ്റുകാര്യങ്ങളും ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ പ്രവൃത്തിദിവസം പോലുമല്ലാത്ത പിറ്റേന്നുതന്നെ നേരിട്ട് ഹാജരാക്കണമെന്ന് സമന്‍സ് നല്‍കുന്നു.

സംസ്ഥാന സര്‍ക്കാരിന്‍റെ നയപരിപാടികള്‍ നടപ്പാക്കുന്നതിന്‍റെ ഭാഗമായി ചെയ്ത പ്രവര്‍ത്തനങ്ങള്‍ക്ക് ഇത്തരം പരിണിത ഫലങ്ങള്‍ ഉണ്ടാകുന്നു എന്നു വന്നാല്‍ മറ്റൊരുദ്യോഗസ്ഥനും ഇത്തരം ഉദ്യമങ്ങളുടെ നേതൃത്വമേറ്റെടുക്കാന്‍ തയ്യാറാകില്ല എന്ന ചേതോവികാരമാണോ അന്വേഷണ ഏജന്‍സികളിലെ ചില ഉദ്യോഗസ്ഥരെ നയിക്കുന്നത്. ഇത് തികച്ചും നിരുത്തരവാദപരമായ സമീപനമാണ്. ഇക്കാര്യത്തില്‍ സ്വീകരിച്ചുവന്ന സമീപനം അന്വേഷണ ഏജന്‍സികളുടെ പരിധിയും പരിമിതിയും ലംഘിക്കുന്ന ഒന്നാണെന്നത് നിസ്തര്‍ക്കമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News