സർക്കാർ ന്യായമായ അന്വേഷണങ്ങള്‍ക്കെതിരല്ല: മുഖ്യമന്ത്രി

സർക്കാർ ന്യായമായ അന്വേഷണങ്ങള്‍ക്കെതിരല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഒരു കാര്യം വ്യക്തമാക്കാന്‍ ആഗ്രഹിക്കുകയാണ്. ഞങ്ങള്‍ ന്യായമായ അന്വേഷണങ്ങള്‍ക്കെതിരല്ല. ആരോപണങ്ങള്‍ തെളിവിന്‍റെ അടിസ്ഥാനത്തില്‍ വിലയിരുത്തപ്പെടേണ്ടവയാണെന്ന് വിശ്വസിക്കുന്നു. മുമ്പ് വ്യക്തമാക്കിയപോലെ മനസാക്ഷിയെ കോടതിക്കുമുകളില്‍ പ്രതിഷ്ഠിക്കുന്ന നയം ഞങ്ങള്‍ക്കില്ല. ഭരണഘടനാപരമായ രീതികള്‍ക്കുമേല്‍ കക്ഷിരാഷ്ട്രീയത്തിന്‍റെ പരുന്ത് പറക്കുന്ന രീതി ഒരു കാരണവശാലും അനുവദിക്കുന്നതുമല്ല.

അന്വേഷണം ശരിയായ ദിശയില്‍ കൊണ്ടുപോകുന്നതിനുള്ള ഉത്തരവാദിത്തമാണ് അതിന്‍റെ ഏജന്‍സികള്‍ ഏറ്റെടുക്കേണ്ടത്. പകരം തിരക്കഥകള്‍ക്കനുസരിച്ച് അന്വേഷണം നടത്തുന്ന രീതി ഉണ്ടാവരുത്. എല്ലാ അന്വേഷണങ്ങളുമായും സര്‍ക്കാര്‍ സഹകരിച്ചിട്ടുണ്ട്. ഭാവിയിലും അതുണ്ടാകും. എന്നാല്‍ തെറ്റായ ദിശയിലേക്ക് നീങ്ങുന്ന രീതിയെ ഒരു തരത്തിലും അംഗീകരിക്കാനാവില്ല. സംസ്ഥാന സര്‍ക്കാരിന്‍റെ അധികാരവും നയപരമായ തീരുമാനങ്ങള്‍ എടുക്കാനുള്ള അവകാശവും ആര്‍ക്കു മുമ്പിലും അടിയറവെയ്ക്കുന്ന പ്രശ്നമില്ല.

മാധ്യമങ്ങള്‍

ഇത്രയും വിശദീകരിച്ചത്, നമ്മുടെ ഭരണ മികവ് തകര്‍ക്കാന്‍ ബോധപൂര്‍വ്വം ഇടപെടലുണ്ടാകുന്നതിന്‍റെ പശ്ചാത്തലത്തിലാണ്. ചുമതലപ്പെട്ട ഉദ്യോഗസ്ഥരെ ഭയപ്പെടുത്തി പിന്മാറ്റാന്‍ ശ്രമിച്ചാല്‍ എങ്ങനെയാണ് ഭരണം മുന്നോട്ടുകൊണ്ട് പോകാനാവുക? എങ്ങനെയാണ് ജനങ്ങള്‍ക്കു വേണ്ടിയുള്ള പദ്ധതികള്‍ പൂര്‍ത്തിയാകാനാവുക? യഥാര്‍ത്ഥത്തില്‍ ഈ യുദ്ധം ജനങ്ങള്‍ക്കും ഈ നാടിനും എതിരാണ് എന്ന് മനസ്സിലാക്കാന്‍ വേറെ അന്വേഷണമൊന്നും വേണ്ട.

ഇതില്‍ മാധ്യമങ്ങളുടെ പങ്കും വിശകലനം ചെയ്യണം. സര്‍ക്കാരിനോട് എതിര്‍പ്പുള്ള മാധ്യമങ്ങളുണ്ടാകാം. ഈ സര്‍ക്കാരിനെ നശിപ്പിക്കണം എന്ന ഉല്‍ക്കടമായ ആഗ്രഹത്താല്‍ വശംകെട്ടവരും ഉണ്ടാകാം. അവയെ ആ വഴിക്കു വിടാം. അതല്ലാതെ സ്വതന്ത്രം, എന്ന മേലങ്കിയിട്ട ചില മാധ്യമങ്ങള്‍ ഈ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്കുള്ള പ്രോത്സാഹനം നല്‍കുന്നില്ലേ.

ഒരു ദിവസം പോലും ആയുസ്സില്ലാത്ത വാര്‍ത്തകളെ ആഘോഷമാക്കുന്നതിലൂടെ സര്‍ക്കാരിനെ കരിവാരിത്തേക്കാം എന്ന ധാരണയോ അങ്ങനെ സംഭവിക്കണം എന്ന ദുര്‍മ്മോഹമോ ആണ് അവരെ നയിക്കുന്നത്. തങ്ങള്‍ ഇതുവരെ ആഘോഷിച്ച പല വാര്‍ത്തകളുടെയും പിന്നീടുള്ള സ്ഥിതി എന്തായി എന്ന ആത്മപരിശോധന മാധ്യമങ്ങള്‍ നടത്തണം എന്നാണ് അഭ്യര്‍ത്ഥിക്കാനുള്ളത്.

ഇവിടെ ഒരു കാര്യം മാത്രമേ ഇപ്പോള്‍ അടിവരയിട്ടു പറയുന്നുള്ളു. ഇത്തരം ആക്രമണങ്ങള്‍ കൊണ്ട് ഞങ്ങള്‍ തളര്‍ന്നു പോകില്ല. ഈ നാടിന്‍റെ മുന്നോട്ടുള്ള വഴിയില്‍ തടസ്സം സൃഷ്ടിക്കുന്നവരെ തിരിച്ചറിയാനുള്ള ജനങ്ങളുടെ ശക്തിയെ ആരും കുറച്ചുകാണുകയും വേണ്ട.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News