അമേരിക്കന്‍ തെരഞ്ഞെടുപ്പ് ഇന്ന്; മുതലാളിത്ത രാജ്യത്തെ ജനാധിപത്യ പോരാട്ടത്തിന് ഇന്ന് വിധി നിര്‍ണയ ദിനം

ലോക രാഷ്ട്രീയ സ്ഥിതിഗതികളില്‍ ഏറെ സ്വാധീനം ചെലുത്താന്‍ പോകുന്ന തെരഞ്ഞെടുപ്പുകളില്‍ ഒന്നാണ് ഇന്ന് നടക്കുന്ന അമേരിക്കല്‍ തെരഞ്ഞെടുപ്പ്‌. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വാശിയേറിയ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിന്‌ മണിക്കൂറുകൾ മാത്രം. ചില സംസ്ഥാനങ്ങളിൽ ചൊവ്വാഴ്‌ച പുലർച്ചെ അഞ്ചിന്‌ ആരംഭിക്കുന്ന പോളിങ്‌ ചിലയിടത്ത്‌ രാത്രി 11 വരെ നീളും.

അഭിപ്രായ സര്‍വേകള്‍ ജോ ബൈഡന് സാധ്യതകള്‍ പ്രവചിക്കുമ്പോ‍ഴും അമേരിക്കല്‍ തെരഞ്ഞെടുപ്പിന്‍റെ ചരിത്രം നിരീക്ഷിക്കുന്നവര്‍ക്കറിയാം ഏത് സമയത്തും ഒരു അട്ടിമറിക്ക് സാധ്യതയുള്ള തെരഞ്ഞെടുപ്പാണ് അമേരിക്കന്‍ തെരഞ്ഞെടുപ്പ്. എങ്കിലും ട്രെപിന് കാര്യങ്ങല്‍ അത്ര എളുപ്പമല്ലെന്നാണ് സാധാരണ പോള്‍ ചെയ്യാറുള്ള വോട്ടിംഗ് ശതമാനത്തിന്‍റെ 70 ശതമാനത്തോളവും ഏര്‍ളി വോട്ടിംഗ് ഉള്‍പ്പെടെയുള്ളവവ‍ഴി ചെയ്തുക‍ഴിഞ്ഞ് വരുന്ന അഭിപ്രായങ്ങളില്‍ നിന്ന് വ്യക്തമാക്കുന്നത്. ഒപ്പം അണ്‍ ഡിസൈഡഡ് വോട്ടുകള്‍ രണ്ട് ശതമാനം വോട്ടുകള്‍ മാത്രമെ ഉള്ളു എന്നതും ശ്രദ്ധേയമാണ്.

വോട്ടെണ്ണൽ കഴിയുമ്പോൾ തന്നെ വാർത്താ മാധ്യമങ്ങളുടെ എക്‌സിറ്റ്‌ പോളിലൂടെ ഫലം അറിയാറുണ്ടെങ്കിലും ഇത്തവണ അതുറപ്പില്ല. സ്ഥാനാർഥികളിൽ ഒരാൾ തർക്കത്തിന്‌ പഴുതില്ലാതെ വൻ മുന്നേറ്റം നടത്തിയാൽ ഇന്ത്യൻ സമയം ബുധനാഴ്‌ച രാവിലെ ഫലം അറിയാനായേക്കും. 538 അംഗ ഇലക്‌ടറൽ കോളേജിലേക്ക്‌ 270 അംഗങ്ങളെ ലഭിക്കുന്നയാൾ വിജയിക്കും.

വൈറ്റ്‌ഹൗസിലേക്ക്‌ രണ്ടാം അങ്കം നടത്തുന്ന റിപ്പബ്ലിക്കൻ പാർടി സ്ഥാനാർഥി പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപിനെതിരെ മുൻ വൈസ്‌ പ്രസിഡന്റ്‌ ജോ ബൈഡനാണ്‌ ഡെമോക്രാറ്റിക്‌ പാർടിയുടെ സ്ഥാനാർഥി. ബൈഡന്റെ മത്സരപങ്കാളിയായി വൈസ്‌ പ്രസിഡന്റ്‌ സ്ഥാനത്തേക്ക്‌ നിർദേശിക്കപ്പെട്ടിരിക്കുന്നത്‌ ഇന്ത്യൻ–-ആഫ്രിക്കൻ വംശജയായ സെനറ്റർ കമല ഹാരിസ്‌. ഇത്‌‌ ഇന്ത്യയിലും ഉദ്വേഗമുയർത്തിയിട്ടുണ്ട്‌.

യുഎസ്‌ കോൺഗ്രസിന്റെ പ്രതിനിധി സഭയിലെ 435 സീറ്റിലേക്കും 100 അംഗ സെനറ്റിലെ 35 സീറ്റിലേക്കും തെരഞ്ഞെടുപ്പ്‌ നടക്കുന്നുണ്ട്‌. കൂടാതെ 11 സംസ്ഥാനങ്ങളിലും രണ്ട്‌ യുഎസ്‌ അധീന പ്രദേശങ്ങളിലും ഗവർണർ സ്ഥാനത്തേക്കും ചൊവ്വാഴ്‌ച തെരഞ്ഞെടുപ്പുണ്ട്‌.

തെരഞ്ഞെടുപ്പുകാലത്തെ പല പതിവുകളും മഹാമാരി മൂലം മാറ്റിവയ്‌ക്കേണ്ടിവന്ന ഇത്തവണ മുൻകൂർ വോട്ടും തപാൽ വോട്ടും വളരെ വർധിച്ചതിനാൽ 9.3 കോടി വോട്ടർമാർ ഞായറാഴ്‌ചയ്‌ക്കകം വോട്ട്‌ ചെയ്‌തുകഴിഞ്ഞു. കഴിഞ്ഞതവണ ആകെ പോൾ ചെയ്‌ത വോട്ടിന്റെ 65 ശതമാനത്തിലധികമാണിത്‌.

2016ൽ ഹിലരി ക്ലിന്റനെക്കാൾ 30 ലക്ഷത്തോളം വോട്ട്‌ കുറവായിട്ടും ചാഞ്ചാട്ട സംസ്ഥാനങ്ങൾ പിടിച്ച്‌ ഇലക്‌ടറൽ കോളേജിൽ ഭൂരിപക്ഷം നേടിയതാണ്‌ ട്രംപിന്‌ തുണയായത്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here