കോവിഡ് പോസിറ്റീവായാൽ ശ്രദ്ധിക്കേണ്ടത് എന്തെല്ലാം?

കോവിഡ് പോസിറ്റീവായാൽ ശ്രദ്ധിക്കേണ്ടത് എന്തെല്ലാം?

എപ്പോൾ വേണമെങ്കിലും പോസിറ്റീവ് എന്ന് സ്ഥിരീകരിക്കപ്പെട്ട ഒരാളുടെ സമ്പർക്ക പട്ടികയിൽ നമ്മളും ഉൾപ്പെടാം. ഉടൻതന്നെ നിങ്ങളുടെ പ്രദേശത്തെ ആരോഗ്യ പ്രവർത്തകനെ വിവരമറിയിക്കുകയും അടുത്ത 14 ദിവസത്തേക്ക് ക്വാറൻ്റയിനിൽ പോകുവാൻ തയ്യാറാകുകയും ചെയ്യുക. സർക്കാരിൻറെ ഏറ്റവും അടുത്തുള്ള സ്വാബ് പരിശോധനാ കേന്ദ്രത്തിൽ നിങ്ങൾക്ക് സൗജന്യമായി ആൻറിജൻ ടെസ്റ്റ് നടത്തുവാനുള്ള നടപടികൾ ആരോഗ്യപ്രവർത്തകർ ഏർപ്പാടാക്കും. അതല്ലെങ്കിൽ സ്വകാര്യ ലാബുകളിൽ ഇപ്പോൾ ഡോക്ടറുടെ കുറിപ്പടിയില്ലാതെതന്നെ സർക്കാർ നിശ്ചയിച്ച നിരക്കിൽ ഇത്തരം പരിശോധനകൾ നടത്താവുന്നതേയുള്ളൂ. പോസിറ്റീവായ വ്യക്തിയുമായി സമ്പർക്കമുണ്ടായി 2 മുതൽ 14 ദിവസത്തിനുള്ളിലാണ് പ്രാഥമിക സമ്പർക്കം ലഭിച്ചയാൾ പോസിറ്റീവാകാൻ ഇടയുള്ളത്. അതിനാൽ സമ്പർക്കത്തിലായി നാലാമത്തെയോ അഞ്ചാമത്തെയോ ദിവസങ്ങളിൽ തന്നെ യാതൊരുവിധ ലക്ഷണവുമില്ലെങ്കിലും കോവിഡ് പരിശോധന നടത്തുന്നതാണ് അഭികാമ്യം. പ്രത്യേകിച്ചും, കുട്ടികൾ കാര്യമായ ലക്ഷണമില്ലാതെ രോഗപ്പകർച്ചയുണ്ടാകുന്നതിന് കാരണമാകുന്നുണ്ടോ എന്ന് ശ്രദ്ധിക്കേണ്ടതുണ്ട്. കാരണം ഏറ്റവും കൂടുതൽ ആളുകളുമായി യാതൊരുവിധ ശാരീരിക അകലവും പാലിക്കാതെയും മുൻകരുതലുകൾ സ്വീകരിക്കാതെയും ഇsപെടാൻ സാധിക്കുന്നവർ കുട്ടികളാണല്ലോ ?

സ്വന്തമായി ലാബിൽ പരിശോധിക്കുമ്പോൾ പോസിറ്റീവ് ആണെന്നറിഞ്ഞാലും ആരോഗ്യപ്രവർത്തകരെ വിവരമറിയിക്കണം.കോവിഡ് രോഗ ലക്ഷണങ്ങളില്ലാതെ ആരോഗ്യമുള്ളവർക്ക് വീട്ടിൽ സൗകര്യമുണ്ടെങ്കിൽ സ്വന്തം വീടുകളിൽ കഴിയുന്നതിനുള്ള അനുമതി ലഭിക്കും. ബാത്ത് അറ്റാച്ച്ഡ് റൂം, അസുഖമില്ലാത്തതും ആരോഗ്യമുള്ളതുമായ ഒരു സഹായി, ബുദ്ധിമുട്ട് എന്തെങ്കിലും തോന്നിയാൽ ആരോഗ്യപ്രവർത്തകരെ അറിയിക്കുവാനുള്ള സംവിധാനവും വേഗത്തിൽ ആശുപത്രിയിലെത്തിക്കുന്നതിനുള്ള സാഹചര്യവും, അത്തരം കാര്യങ്ങൾ ഉറപ്പാക്കുന്ന ഒരു സത്യപ്രസ്താവന എന്നിവ ഉറപ്പാക്കണം.

65 വയസ്സിനു മുകളിൽ പ്രായം, 12 വയസ്സിനു താഴെ പ്രായം, ഗർഭിണികൾ, കരൾ രോഗികൾ, വൃക്കരോഗികൾ, ദീർഘകാലമായി രോഗമുള്ളവർ തുടങ്ങിയവർക്ക് വീടുകളിൽ സൗകര്യമുണ്ടായാലും അവിടെ താമസിക്കുന്നതിന് അനുമതിയില്ല. രോഗം അപകടകരമായ അവസ്ഥയിലെത്താമെന്നതിനാലും അടിയന്തിര ചികിത്സ ആവശ്യമായിവരുമെന്നതിനാലുമാണ് ഈ നിർദ്ദേശമുള്ളത്.

പോസിറ്റീവ് എന്ന് സ്ഥിരീകരിച്ചവരിൽ ലക്ഷണങ്ങൾ പ്രകടമല്ലാത്തവരെ പാർപ്പിക്കുന്നത് CFLTC അഥവാ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെൻററുകളിലാണ്. അവിടെവച്ച് ആർക്കെങ്കിലും പനി, ഓക്സിജന്റെ അളവ് കുറയുക തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ സൗകര്യം കൂടുതലുള്ള ചികിത്സാ കേന്ദ്രങ്ങളിലേക്ക് അവരെ മാറ്റുകയാണ് ചെയ്യുന്നത്.

CFLTC കളിലെത്തുന്നവരെ നിരീക്ഷിക്കുന്നതിനും പ്രാഥമിക ചികിത്സകളും നൽകുന്നതിന് ഡോക്ടർമാർ, നഴ്സിംഗ് സ്റ്റാഫ് എന്നിവരും മറ്റു സഹായങ്ങൾക്കായി പഞ്ചായത്ത് ചുമതലപ്പെടുത്തിയിട്ടുള്ള വരുമുണ്ട്. പഞ്ചായത്ത് പ്രസിഡൻറ് ചെയർമാനും പി .എച്ച്. സി മെഡിക്കൽ ഓഫീസർ നോഡൽ ഓഫീസറും ഉൾപ്പെട്ട മാനേജ്മെൻറ് കമ്മിറ്റി അതാത് ദിവസങ്ങളിൽ തന്നെ പ്രവർത്തനങ്ങൾ വിലയിരുത്തുകയും പരിഹാരങ്ങൾ കാണുകയും ചെയ്യും. പഞ്ചായത്താണ് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി നൽകുന്നത്. അതിനായി പഞ്ചായത്ത് തലത്തിൽ നോഡൽ ഓഫീസർ ,ചാർജ് ഓഫീസർ മുതലായവർ പഞ്ചായത്ത് സെക്രട്ടറിയുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്നു.

CFLTC യിൽ എത്തുന്നവർക്ക് കിടക്ക,മെത്ത, തലയണ, പാത്രങ്ങൾ ,മറ്റ് അത്യാവശ്യ സാധനങ്ങൾ, ആഹാരം, അടിസ്ഥാന സൗകര്യങ്ങൾ എന്നിവയും ആവശ്യമെങ്കിൽ മരുന്നും നൽകും.
സ്വാബ് പരിശോധിക്കാൻ പോകുമ്പോൾ തന്നെ ഒരുപക്ഷേ പോസിറ്റീവ് ആയാൽ CFLTC യിലേക്ക് മാറുന്നതിന് കണക്കാക്കി 10 ദിവസത്തേക്ക് പ്രാഥമിക ആവശ്യങ്ങൾക്കുള്ള സാധനങ്ങൾ സ്വന്തമായി കരുതുകയാണ് നല്ലത്. ഒരു യാത്ര പോകുമ്പോൾ നമ്മൾ എന്തൊക്കെ എടുക്കുമോ അവയെല്ലാം തയ്യാറാക്കി വയ്ക്കുന്നത് ഇപ്പോഴുള്ള സാഹചര്യത്തിൽ നല്ലതാണ്.

കോവിഡ് പോസിറ്റീവ് ആയവർക്കുണ്ടാകുന്ന വായ്ക്ക് രുചിയില്ലായ്മ പലപ്പോഴും ഭക്ഷണത്തെക്കുറിച്ചുള്ള പരാതികൾ വർധിപ്പിക്കുന്ന ഒന്നായി മാറിയിട്ടുണ്ട്. നമ്മുടെ ജീവിത സാഹചര്യങ്ങളിൽ നിന്നും 10 ദിവസം മാറി നിൽക്കേണ്ടിവരുന്നത് പല തരത്തിലുള്ള വിഷമത്തിനിടയാക്കുന്നു. മരുന്നൊന്നും പ്രത്യേകിച്ച് നൽകാതെ ഇവിടെ എന്തിനു കൊണ്ടിട്ടിരിക്കുന്നു എന്ന ചോദ്യവും ചിലർക്കുണ്ട്.

എന്തെങ്കിലും ബുദ്ധിമുട്ടുണ്ടായാൽ എത്രയും വേഗം ചികിത്സ നൽകുവാനും ജീവൻ രക്ഷിക്കുവാനും പോസിറ്റീവ് ആയതറിയാതെ മറ്റുള്ളവരുമായി സഹകരിച്ച് രോഗം പരത്തുന്ന സാഹചര്യം ഒഴിവാക്കാനുമാണ് CFLTC കൾ വഴി ഉദ്ദേശിക്കുന്നതെന്ന് പറയാം.

പലയിടത്തും സ്കൂൾ കെട്ടിടമാണ് CFLTC ആക്കിയിട്ടുള്ളത്. സൗകര്യങ്ങൾ കുറച്ചു കുറയുമെങ്കിലും നമ്മുടെ ഉദ്ദേശം സാധൂകരിക്കുന്നതിന് ഇതു മതിയാകും. അതിനുവേണ്ടി വേണ്ടി ഇത്തരം സാഹചര്യങ്ങളുമായി സഹകരിക്കണമെന്നാണ് പറയാനുള്ളത്.

CFLTC യിലുള്ളവർക്ക് 10 ദിവസം ആകുന്ന മുറയ്ക്ക് റീടെസ്റ്റ് നടത്തുകയും നെഗറ്റീവ് ആകുന്നവരെ വീട്ടിലേക്ക് വിടുകയും ചെയ്യും. സ്വാബ് കളക്ട് ചെയ്തിടത്തുനിന്ന് CFLTC യിൽ എത്തിക്കുന്നതിനും റീ ടെസ്റ്റിൽ നെഗറ്റീവ് ആയവരെ തിരികെ വീടുകളിലെത്തിക്കുന്നതിനും വാഹനസൗകര്യം പഞ്ചായത്തുകൾ വഴി ഒരുക്കിയിട്ടുണ്ട്. അത്യാവശ്യ ഘട്ടങ്ങളിൽ ഉപയോഗിക്കുന്നതിന് ആംബുലൻസും.

ക്വാറന്റയിൻ സെൻറർ, CFLTC തുടങ്ങിയവകളിലും സ്വാബ് കളക്ഷൻ യൂണിറ്റുകളിലും ഉള്ളവർ കഴിഞ്ഞ നിരവധി മാസങ്ങളായി വിശ്രമമില്ലാതെ പ്രവർത്തിക്കുന്നവരാണ്. ലോക് ഡൗൺ ആയത് കാരണം പല കാര്യങ്ങളും സജ്ജീകരിക്കുന്നതിന് വളരെ പ്രയാസങ്ങൾ അനുഭവിക്കുന്നവരും. എന്നാലും കോവിഡിനെ തുരത്തുവാൻ കരുതലോടെ പ്രവർത്തിക്കുവാൻ ഇറങ്ങിയവരാണവർ.
അവരോട് സഹകരിക്കുവാൻ തയ്യാറാകുക.ക്വാറന്റയിൻസെന്ററിൽ നിന്നും CFLTC കളിൽ നിന്നും പൂർണ്ണാരോഗ്യത്തോടെ പുറത്തിറങ്ങുന്നവർ തുടർന്ന് സർക്കാരിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളികളാകുവാൻ തയ്യാറാകുമല്ലോ?

ഡോ.ഷർമദ് ഖാൻ
സീനിയർ മെഡിക്കൽ ഓഫീസർ
ഗവ.ആയുർവേദ ഡിസ്പെൻസറി, ചേരമാൻ തുരുത്ത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News