രാജിവെച്ച ശോഭ സുരേന്ദ്രന്‍ അനുകൂലികളായ ബിജെപി നേതാക്കള്‍ സിപിഐഎമ്മില്‍ ചേര്‍ന്നു

ബിജെപി നേതൃത്വത്തിന്‍റെ നയങ്ങളില്‍ പ്രതിഷേധിച്ച് ക‍ഴിഞ്ഞ ദിവസം പാലക്കാട് ആലത്തൂരില്‍ രാജിവെച്ച ശോഭ സുരേന്ദ്രന്‍ അനുകൂലികളായ ബിജെപി നേതാക്കള്‍ സിപിഐഎമ്മിനോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. ബിജെപി ബന്ധമുപേക്ഷിച്ചെത്തിയവരെ സിപിഐഎം ജില്ലാ സെക്രട്ടറി സികെ രാജേന്ദ്രന്‍റെ നേതൃത്വത്തില്‍ സ്വീകരിച്ചു.

ബിജെപി ആലത്തൂർ മണ്ഡലം വൈസ്‌ പ്രസിഡന്‍റ് പ്രകാശിനി നാരായണൻ, ഒബിസി മോർച്ച മണ്ഡലം ട്രഷറർ കെ നാരായണൻ, ആർഎസ്‌എസ്‌ മുഖ്യ ശിക്ഷക്‌ എൻ വിഷ്‌ണു എന്നിവരാണ് ബിജെപിയില്‍ നിന്ന് രാജിവെച്ച് സിപിഐഎമ്മിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്.

സംസ്ഥാന നേതൃത്വത്തിനെതിരായ പ്രതിഷേധത്തെ തുടര്‍ന്ന് പ്രവര്‍ത്തകര്‍ പാര്‍ടി വിട്ടു പോവുന്നുവെന്ന് ശോഭ സുരേന്ദ്രന്‍ പരസ്യ വിമര്‍ശനമുയര്‍ത്തിയതിന് പിന്നാലെയായിരുന്നു ഇവരുടെ രാജി. മുടപ്പല്ലൂരില്‍ നടന്ന ചടങ്ങില്‍ സിപിഐഎം ജില്ലാ സെക്രട്ടറി സികെ രാജേന്ദ്രന്‍റെ നേതൃത്വത്തില്‍ ബിജെപി വിട്ടെത്തിയവരെ സ്വീകരിച്ചു.

മുതിര്‍ന്ന നേതാക്കളെ അവഗണിക്കുന്ന സംസ്ഥാന നേതൃത്വത്തിന്‍റെ നിലപാടിലും അ‍ഴിമതിയിലും പ്രതിഷേധിച്ചാണ് കാല്‍നൂറ്റാണ്ട് കാലത്തെ ബിജെപി ബന്ധമുപേക്ഷിച്ച് സിപിഐഎമ്മുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ഇവര്‍ തീരുമാനിച്ചത്.

വണ്ടാ‍ഴി പഞ്ചായത്തിലും പരിസര പ്രദേശങ്ങളിലുമുള്ള നിരവധി ബിജെപി പ്രവര്‍ത്തകര്‍ ഇവര്‍ക്കു പിന്നാലെ പാര്‍ടി വിടുമെന്നാണ് സൂചന.

സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രന്‍റെ നേതൃത്വത്തില്‍ ഒരു വിഭാഗം നേതാക്കളെ അവഗണിക്കുന്നതിനെതിരെ ശോഭ സുരേന്ദ്രനും, പിഎം വേലായുധനുമടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ പരസ്യമായി പ്രതിഷേധമുയര്‍ത്തുന്പോള്‍ നേതൃത്വത്തിന്‍റെ അവഗണനയിലും‍ അ‍ഴിമതിയിലും പ്രതിഷേധിച്ച് പ്രാദേശിക നേതാക്കളുടെയും അണികളുടെയും വലിയ തോതിലുള്ള കൊ‍ഴിഞ്ഞു പോക്ക് ബിജെപിയെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News