37 ലക്ഷം 5 ദിവസത്തിനുള്ളിൽ അടക്കണം; ബിന്ദുകൃഷ്ണയ്ക്ക് കെപിസിസിയുടെ ഉഗ്രശാസനം

കൊല്ലം ജില്ലയിൽ നിന്ന്‌ പിരിച്ച കെപിസിസി വിഹിതം 37 ലക്ഷം രൂപ 5 ദിവസത്തിനുള്ളിൽ അടക്കണമെന്ന് കൊല്ലം ഡിസിസി പ്രസിഡന്റ് ബിന്ദുകൃഷ്ണക്ക് കെപിസിസിയുടെ ഉഗ്രശാസനം. മുല്ലപ്പള്ളി രാമചന്ദ്രന്റെ സാന്നിധ്യത്തിൽ കെപിസിസി ഭാരവാഹികൾ പങ്കെടുത്ത യോഗത്തിലാണ്‌ സംഘടനാചുമതലയുള്ള കെപിസിസി ജനറൽസെക്രട്ടറി കെപി അനിൽകുമാർ ഡിസിസി പ്രസിഡന്റിനെതിരെ രൂക്ഷവിമർശനമുയർത്തിയത്‌.

72 ലക്ഷം രൂപയാണ്‌ ജില്ലയുടെ വിഹിതം‌. മറ്റ്‌ ജില്ലകളിൽനിന്ന്‌ പണം ലഭിച്ചുകഴിഞ്ഞതായും അനിൽകുമാർ പറഞ്ഞു. കെപിസിസി വൈസ്‌ പ്രസിഡന്റ്‌ എഴുകോൺ നാരായണന്‌ യോഗത്തിൽ സംസാരിക്കാൻ മുല്ലപ്പള്ളി അവസരം നിഷേധിച്ചതും ഗ്രൂപ് പോരിന് ആക്കം കൂട്ടും. മിസ്‌റ്റർ നാരായണൻ ഇവിടെ ഒന്നും പറയേണ്ടെന്നായിരുന്നു മുല്ലപ്പള്ളിയുടെ ശാസന.

കെ പിസിസി വർക്കിംഗ്‌ പ്രസിഡന്റ്‌ കൊടിക്കുന്നിൽ സുരേഷിനെതിരെയുള്ള പരാതിയാണ്‌ മുല്ലപ്പള്ളി മുൻകൂട്ടി തടഞ്ഞത്‌. കെപിസിസി ഭാരവാഹികൾ മുതൽ മണ്ഡലം ഭാരവാഹികൾ വരെയുള്ള ജില്ലാ നേതൃയോഗവും ഐ ഗ്രുപ്പിന്റെ പ്രത്യേക യോഗവും ഡിസിസിയിൽ ചൊവ്വാഴ്‌ച നടന്നു. ജില്ലാ നേത്യയോഗം മുല്ലപ്പള്ളി് ഉദ്‌ഘാടനം ചെയ്‌തു.

ഐ ഗ്രൂപ്പ്‌ യോഗത്തിൽ നിന്ന്‌ ബിന്ദുക്യഷ്‌ണ വിട്ടുനിന്നു. ആർഎസ്‌പിയ്‌ക്ക്‌ അമിതപരിഗണന നൽകുന്നതിനെതിരെ ഗ്രൂപ്പുയോഗത്തിൽ വിമർശനമുയർന്നു. ജില്ലാ പഞ്ചായത്ത്‌ തൊടിയൂർ ഡിവിഷൻ ആർഎസ്‌പിയ്‌ക്ക്‌ നൽകരുതെന്ന്‌ ആവശ്യപ്പെടാൻ യോഗം തീരുമാനിച്ചു. യൂത്ത്‌കോൺഗ്രസിനും‌, കെഎസ്‌യു വിനും സ്ഥനാർത്ഥിനിർണയത്തിൽ അർഹമായ പ്രധാന്യം ലഭിക്കണമെന്നും ആവശ്യപ്പെട്ട് ശൂരനാട് വിഭാഗം മുല്ലപ്പള്ളിക്ക് കത്ത് നൽകി.

ഗ്രൂപ് സമവാക്യമല്ല സ്ഥാനാർത്ഥികളുടെ യോഗ്യതയെന്ന മുല്ലപ്പള്ളിയുടെ മുന്നറിയിപ്പ് മറ്റ് ഗ്രൂപുകൾ തള്ളി.കെ.സി വേണുഗോപാൽ പക്ഷവും,എ ഗ്രൂപും ഐ ഗ്രൂപും പഴയ നാലാം ഗ്രൂപും അവവരവരുടെ സ്ഥാനാർത്ഥി പട്ടിക സമർപ്പിച്ചിട്ടുണ്ട്.സ്ഥാനാർത്ഥിത്വം കിട്ടിയില്ലെങ്കിൽ സ്വതന്ത്ര സ്ഥാനാർത്ഥി ആയി നിൽക്കാൻ ഗ്രൂപ് നേതാക്കന്മാർ അവരവരുടെ അണികൾക്ക് രഹസ്യ നിർദ്ദേശം നൽകിയതായാണ് സൂചന.

കഴിഞ്ഞ തവണയും കോൺഗ്രസിലെ വിമത സ്ഥാനാർത്ഥികൾ യുഡിഎഫിലെ ഘടക കക്ഷികളുടെ സീറ്റുകളിൽ മത്സരിച്ചിരുന്നു.സീറ്റ് കിട്ടിയില്ലെങ്കിൽ ജീവനൊടുക്കുമെന്നു വരെ ചിലർ ഡിസിസിയിലെത്തി ഭീഷണിമുഴക്കിയതായും പറയുന്നു.സീറ്റുമോഹികളായ അസംതൃപ്തർ മുന്നണിക്കകത്തും പുറത്തും മറ്റ് രാഷ്ട്രീയ പാർട്ടികളേയും സീറ്റിനായി സമീപിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News